
കഴുതുരുട്ടി∙ തെന്മല വാലി അമ്പനാട് ടീ ആർ ആൻഡ് ടീ തോട്ടത്തിന്റെ കവാടത്തിൽ സന്ദർശനാനുമതി സംബന്ധിച്ച് സർക്കാർ ബോർഡെന്ന് തോന്നും വിധം മാനേജ്മെന്റ് സ്ഥാപിച്ച ബോർഡ് പഞ്ചായത്ത് സെക്രട്ടറി നീക്കം ചെയ്തു. അമ്പനാട് തോട്ടത്തിൽ പ്രവേശിക്കുമ്പോൾ ആളൊന്നിന് 100 രൂപ വീതം കവാടത്തിൽ അടച്ച് രസീതു കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പുള്ളതായാണ് തോട്ടം മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത പശ്ചാത്തലത്തിലാണു സെക്രട്ടറി ഇടപെട്ടു നീക്കിയത്.
പഞ്ചായത്തിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടു കവാടത്തിൽ നോട്ടിസ് പതിപ്പിക്കുകയും ചെയ്തു.
പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ബോർഡ് സ്ഥാപിച്ചത് അനധികൃതമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. അറിയിപ്പ് ഉണ്ടാകും വരെ പഞ്ചായത്തു സീലുള്ള രസീതുകൾ വിതരണം ചെയ്യുകയോ ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്യരുതെന്നാണു താക്കീത്.
കമ്പനിക്കു സ്വന്തം നിലയിൽ സന്ദർശകരിൽ നിന്ന് ഫീസ് ഇടാക്കാമെന്നും ഇതിൽ പഞ്ചായത്തിന്റെ പേര് ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് പഞ്ചായത്ത് നിലപാട്. കമ്പനിയും പഞ്ചായത്തും മുൻപെടുത്ത തീരുമാനപ്രകാരം 100 രൂപ പ്രവേശന ഫീസിനത്തിൽ പിരിക്കാനും ഇതിൽ 20 രൂപ വിഹിതമായി പഞ്ചായത്തിൽ അടക്കണമെന്നുമായിരുന്നു ധാരണ.
സന്ദർശകരുമായുള്ള തർക്കത്തെ തുടർന്ന് തോട്ടം കവാടത്തിലെ ഗേറ്റ് കമ്പനി പൂട്ടിയതിനെ തുടർന്നു പൊലീസ് ഇടപെട്ടു ഗേറ്റ് തുറപ്പിക്കുകയും പഞ്ചായത്തു സീലുള്ള രസീതുകൾ സെക്രട്ടറി പിടിച്ചെടുക്കുകയും ചെയ്തതോടെ ഈ ധാരണ റദ്ദാക്കിയിരുന്നു. പൊതുവഴിയിലെ സഞ്ചാരം തടസ്സപ്പെടുത്തരുതെന്നു ചൂണ്ടിക്കാട്ടി പകൽ അമ്പനാട് തോട്ടം റോഡിലെ ഗേറ്റ് അടച്ചിടരുതെന്നു പൊലീസ് നിർദേശിച്ചെങ്കിലും നടപ്പാക്കുന്നില്ലെന്നും പരാതി ഉണ്ട്.
ദേശീയപാതയിലെ കഴുതുരുട്ടിയിൽ നിന്ന് ഹാരിസൺ മലയാളം, അമ്പനാട്, പ്രിയ എസ്റ്റേറ്റുകളിലൂടെ അച്ചൻകോവിലിലേക്കുള്ള പാതയിലാണു ഗേറ്റ് സ്ഥാപിച്ചിട്ടുള്ളത്. തമിഴ്നാട് ചുറ്റാതെ അച്ചൻകോവിലിൽ എത്താനുള്ള അതിർത്തിയിലെ ഏക പാതയാണ് അമ്പനാട്, പ്രിയ എസ്റ്റേറ്റ് പാത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]