
കൊല്ലം∙ അടിമുടി ‘സഹകരണ മനുഷ്യൻ’ ആയിരുന്നു പത്മരാജൻ. ധനമന്ത്രി, മുഖ്യമന്ത്രിയുടെ ചുമതല, കെപിസിസി പ്രസിഡന്റ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ ഉന്നത ചുമതലകൾ വഹിക്കുമ്പോഴും അതിനെക്കാൾ ഹൃദയത്തോടു ചേർത്തുപിടിച്ചത് സഹകാരി എന്ന നിലയിൽ താരതമ്യേന അപ്രധാന പദവിയായിരുന്നു.
93 വയസ്സ് വരെ അർബൻ ബാങ്ക് പ്രസിഡന്റായി തുടർന്ന അസാധാരണ ജീവിതമായിരുന്നു അത്. സഹകരണ ബാങ്ക് ഭരണ സമിതിയിൽ ട്രഷറർ എന്ന പദവിയിൽ തുടങ്ങി അഞ്ചര പതിറ്റാണ്ടിലേറെ തുടർച്ചയായി അർബൻ ബാങ്ക് പ്രസിഡന്റ് പദവിയിലിരുന്ന പത്മരാജന്റെ ജീവിതം സഹകരണ മേഖലയ്ക്ക് പാഠപുസ്തകമാണ്.
പരവൂർ എസ്എൻവിആർസി ബാങ്കിൽ നിന്നാണ് സഹകരണ മേഖലയിലെ പ്രവർത്തനം തുടങ്ങിയത്. കെ.സദാനന്ദൻ എന്ന പ്രമുഖൻ എസ്എൻവിആർസി ബാങ്ക്, കൊല്ലം അർബൻ സഹകരണ ബാങ്ക് തുടങ്ങിയവയുടെ പ്രസിഡന്റ് ആയിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം 1956 മുതൽ 12 വർഷം എസ്എൻവിആർസി ബാങ്ക് ട്രഷറർ ആയിരുന്നു പത്മരാജൻ.1968ൽ പുതിയ സഹകരണ നിയമം വന്നപ്പോൾ സദാനന്ദൻ കൊല്ലം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞു.
പത്മരാജനെ ചുമതല ഏൽപിച്ചു. ഒരു എതിർശബ്ദം പോലും ഉയരാതെ പത്മരാജൻ 2024 വരെ ആ സ്ഥാനത്തു തുടർന്നു.
56 വർഷം നീണ്ട ആ നിയോഗം ചരിത്രമാണ്.
ഏതാനും മാസം മുൻപാണു പദവി ഒഴിഞ്ഞത്.
മുഖ്യമന്ത്രിയുടെ ചുമതല ഉൾപ്പെടെ നിറവേറ്റുമ്പോഴും വീഴ്ചയില്ലാതെ ബാങ്കിനെ നയിച്ചു. ബാങ്കിലെ ഫയലുകൾ ജനറൽ മാനേജർ സെക്രട്ടേറിയറ്റിൽ എത്തിക്കുമായിരുന്നു.
സെക്രട്ടേറിയറ്റിലെ ജോലികൾ തീർത്ത ശേഷം ബാങ്കുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനും മറ്റും രാത്രി വൈകും വരെ ചർച്ച.
മറ്റു തിരക്കുകൾക്കിടയിലും ബാങ്കിലെ ചെറിയ സംഭവം പോലും അറിയണമെന്നു ശാഠ്യം ഉണ്ടായിരുന്നു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ്, ഓൾ കേരള അർബൻ ബാങ്ക്സ് ഫെഡറേഷൻ പ്രസിഡന്റ്, കൊല്ലം ജില്ലാ സഹകരണ സ്പിന്നിങ് മിൽ സ്ഥാപക ബോർഡ് ഓഫ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
മികച്ച സഹകാരിക്കുള്ള കെ.സദാനന്ദൻ സ്മാരക പുരസ്കാരം നേടിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]