കൊട്ടിയം∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം പറക്കുളത്തു നിർമിക്കുന്ന മൺ മതിലുകളിൽ വീണ്ടും വിള്ളൽ. ഉയരപ്പാതയിൽ ടാറിങ് ജോലികൾക്കായി ഹെവി വാഹനങ്ങൾ ഒാടിയതോടെയാണു ഭിത്തിയിലെ കോൺക്രീറ്റ് പാനലുകൾ മണ്ണിന്റെ സമ്മർദം താങ്ങാനാവാതെ ഇളകിയത്.
നേരത്തേ കേടുപാടുകൾ തീർത്ത ഭാഗങ്ങളിലാണു വിള്ളൽ കണ്ടത്. നിർമാണ വേളയിൽ ക്രെയിൻ തട്ടി പാനലുകളുടെ മൂലകൾ പൊട്ടിയതാണെന്നായിരുന്നു കരാർ കമ്പനിക്കാരുടെ വിശദീകരണം.
ഇതേ തുടർന്നു പണി പൂർത്തിയായ പലയിടങ്ങളിലും ഇവർ സിമന്റ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി തകർച്ച മറച്ചു. കഴിഞ്ഞയാഴ്ച ടാറിങിനുള്ള ടിപ്പറുകളും റോഡ് റോളറുകളും ഉയരപ്പാതയിൽ ഒാടിച്ചതോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയ അതേ പാനലുകളിൽ വിള്ളൽ വീണത്.
മൈലക്കാട് അപകടം നടന്ന ഭാഗത്തു മണ്ണ് പരിശോധന നടത്തിയപ്പോൾ 8 മീറ്ററോളം ആഴത്തിൽ ചെളിയാണെന്നു ബോധ്യപ്പെട്ടു.
കൊട്ടിയത്ത് ഉൾപ്പെടെ പണികൾ 80 ശതമാനം തീർന്ന ശേഷമാണു മണ്ണ് പരിശോധ നടത്തിയത്. അടിത്തറ ദുർബലമായ പ്രദേശത്തെ മണ്ണിന്റെ സമ്മർദം കാരണം അടർന്നു പോകുന്ന പാനൽ ഭാഗങ്ങൾ സിമന്റ് പൂശി മൂടിവയ്ക്കാനാണു കരാർ കമ്പനി ശ്രമിക്കുന്നത്.
കൊട്ടിയത്തു സ്വകാര്യ പമ്പിനു മുന്നിലും പറക്കുളത്തെ ഉയരപ്പാതയിലുമുണ്ടായ വിള്ളലുകളെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്താതെ കരാർ കമ്പനി പൊലീസ് സംരക്ഷണയിൽ ടാറിട്ട് മൂടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സമരസമിതി ഹൈക്കോടതിയെ സമീപിക്കും
കൊട്ടിയം∙ സംയുക്ത സമര സമിതി പൊതുമരാമത്ത് വകുപ്പിനു നൽകിയ പരാതിയുടെ മറുപടി പ്രകാരം ദേശീയപാതയിലെ സ്ട്രക്ചറുകളെക്കുറിച്ചു പഠിക്കാൻ 10 വിദഗ്ധ ഏജൻസികളെ നിയമിച്ചിട്ടുണ്ടെന്നും സാമൂഹിക പരിഗണനകൾ കൂടി കണക്കിലെടുത്തു മാത്രമേ പുനർ നിർമാണത്തിൽ തീരുമാനമെടുക്കൂ എന്നുമാണ് അധികൃതർ വ്യക്തിമാക്കിയിട്ടുള്ളത്. എന്നാൽ ഈ ഉറപ്പ് ലംഘിക്കപ്പെടുന്നു.
ഈ സാഹചര്യത്തിൽ തകർന്നു കൊണ്ടിരിക്കുന്ന മൺമതിൽ പൂർണമായും പൊളിച്ചുനീക്കി പറക്കുളത്തും കൊട്ടിയം ജംക്ഷന് ഇരു വശത്തേക്കും ഓരോ കിലോമീറ്റർ വീതം തൂണിലുള്ള മേൽപ്പാലം അനുവദിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു കൊട്ടിയം സംയുക്ത സമര സമിതി അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് സമര സമിതി ഇന്ന് ഹൈക്കോടതിയിൽ കേസ് റജിസ്റ്റർ ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

