കൊല്ലം ∙ ഇനി മണ്ഡലകാല വ്രതശുദ്ധിയുടെ നാളുകൾ; വൃശ്ചികപ്പിറവി നാളെ. മണ്ഡല–മകരവിളക്ക് തീർഥാടനത്തിനു തുടക്കമാകാൻ ഇനി ഒരു ദിവസം മാത്രം.
ശരണം വിളികളുമായി അയ്യപ്പഭക്തർ ഒഴുകിയെത്തുന്ന കേന്ദ്രങ്ങളായി ജില്ലയിലെ ഇടത്താവളങ്ങളും മാറും. അവിടുത്തെ ഒരുക്കങ്ങളിലൂടെ…
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
കൊല്ലം,ആലപ്പുഴ ജില്ലയിൽ മണ്ഡല കാലത്ത് കൂടുതൽ അയ്യപ്പ ഭക്തർ എത്തുന്ന ഓച്ചിറ അംഗീകൃത ഇടത്താവളമാക്കാൻ ദേവസ്വം ബോർഡ് നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഓണാട്ടുകരക്കാർ വ്രതം ആരംഭിക്കുന്നതും ശബരിമല ദർശനത്തിന് കെട്ട് മുറുക്കുന്നതും വ്രതം അവസാനിപ്പിക്കുന്നതും ഓച്ചിറ പടനിലത്തു നിന്നാണ്. വൃശ്ചികോത്സവത്തോടനുബന്ധിച്ച് 12 ദിവസം പടനിലത്തെ ഭജന കുടിലുകളിൽ ഭജനം പാർത്തും ഭക്തർ മല ചവിട്ടുന്നുണ്ട്.
അയ്യപ്പ ഭക്തർക്ക് ഇരുമുടി നിറയ്ക്കുന്നതിനോ ഭക്തർക്ക് വിരി വയ്ക്കുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനോ മതിയായ സൗകര്യമില്ല. ഭജന മഠത്തിലെ 20 മുറികളും അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു ഭക്തർക്കു നൽകാനായി ഒരുങ്ങിയിട്ടുണ്ട്.
രാത്രിയിലെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ തങ്ങുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് പാൽപായസം, എള്ള് പായസം തുടങ്ങിയ പ്രത്യേക പ്രസാദങ്ങളും വിതരണം ചെയ്യും
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
ശബരിമല ഇടത്താവളമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര പരിസരത്തെ ഓഡിറ്റോറിയത്തിൽ തീർഥാടകർക്ക് വിരി വച്ച് വിശ്രമിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ 41 ദിവസത്തേക്ക് സൗജന്യ ഉച്ച ഭക്ഷണവും ഉണ്ടാകും. ക്ഷേത്ര പരിസരത്തെ പാർക്കിങ് ഗ്രൗണ്ടിൽ ശുചിമുറി സമുച്ചയം സജ്ജമാണ്.
അതേ സമയം എംസി റോഡിൽ തെരുവ് വിളക്കുകൾ മിക്കതും കത്തുന്നില്ല. വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഫയലിൽ ഉറങ്ങുകയാണ്.
കുളത്തൂപ്പുഴ ബാലക ധർമശാസ്താ ക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠിച്ച 5 ധർമശാസ്താ ക്ഷേത്രങ്ങളിൽ പ്രഥമം.
ബാലകഭാവത്തിലുള്ള മണികണ്ഠൻ കുടികൊള്ളുന്നുവെന്നു വിശ്വസിക്കുന്ന ക്ഷേത്രത്തിൽ തീർഥാടന കാലത്തേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. മേടവിഷുവാണ് പ്രധാന ഉത്സവം.
മകരവിളക്ക് ദിവസം കഞ്ഞിസദ്യയും വിളക്കും പ്രധാനമാണ്. ഉത്സവകാലത്ത് ക്ഷേത്രത്തിൽ നിന്നു മീനൂട്ട് നടത്താറുണ്ട്.
തിരുവനന്തപുരം –ചെങ്കോട്ട പാതയിൽ അമ്പലക്കടവ് പാലം കടന്നാൽ ക്ഷേത്രത്തിലെത്താം.
ആര്യങ്കാവ് ധർമശാസ്താ ക്ഷേത്രം
ശബരിമലയുമായി ബന്ധപ്പെട്ട
വിവിധ ഭാവങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് ആര്യങ്കാവ്. കൊല്ലം –തിരുമംഗലം ദേശീയപാതയോരത്ത് പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലുമ്പോൾ ക്ഷേത്രത്തിന്റെ ഇടതുവശത്തെത്തും.
അതിർത്തിയായ കോട്ടവാസലിൽ കാവലാളായ കറുപ്പസ്വാമിക്കും ക്ഷേത്രമുണ്ട്. കുമാരനായ മണികണ്ഠനും മധുര മീനാക്ഷിയെന്നു വിശ്വസിക്കുന്ന മാമ്പഴത്തറ ദേവിയും തമ്മിലുള്ള വിവാഹ നിശ്ചയവും (പാണ്ഡ്യൻമുടിപ്പ്) തൃക്കല്ല്യാണവും കേരള, തമിഴ് ആചാരപ്പെരുമയിൽ മണ്ഡല കാലാവസാനം ഉത്സവമായി ഇവിടെ ആഘോഷിക്കുന്നു.
അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠ നടത്തിയ മൂന്നാം ഭാവത്തിലുള്ള ക്ഷേത്രം.
ശബരിമലയ്ക്കു സമാനമായി വീതിയുള്ള 18 പടികളാണ് ഇവിടെയുള്ളത്. കാന്തമലയിൽ നിന്നു അയ്യപ്പൻ കരുതിയ ഉടവാൾ ക്ഷേത്ര വിഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
മണ്ഡല ഉത്സവസമാപനമായ ധനു ഒൻപതിനാണു പ്രശസ്തമായ രഥോത്സവം. ശബരിമല ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിനുള്ള നെൽക്കതിർക്കറ്റകൾ അച്ചൻകോവിൽ നിന്നുമാണ് ഘോഷയാത്രയായി കൊണ്ടുപോകുന്നത്.
തമിഴ്നാട്ടിലെ ചെങ്കോട്ട വഴിയും പുനലൂരിലെ അലിമുക്ക് വഴിയും അച്ചൻകോവിലിലെത്താം.
ഇവിടെയും ഒരുക്കങ്ങൾ സജീവമാണ്.
കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രം
ശബരിമല ഇടത്താവളമായി ക്ഷേത്രം ഒരുങ്ങി. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായുള്ള ഊട്ടുപുരയോട് ചേർന്നുള്ള സ്റ്റേജിന്റെ ഭാഗത്താണ് വിരി വയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
നാലു ചുറ്റും വെള്ള വിരിച്ചു മറച്ചും അലങ്കാരങ്ങൾ വരുത്തി നിലവിളക്ക് തെളിയിച്ചുമാണ് ഇടത്താവളം ഒരുക്കിയിരിക്കുന്നത്. അയ്യപ്പഭക്തർക്ക് ഇവിടെയെത്തി വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പുനലൂർ മിനി പമ്പ
ആയിരക്കണക്കിന് ഇതര സംസ്ഥാന ശബരിമല തീർഥാടകർ എത്തുന്ന ജില്ലയിലെ പ്രധാന ഇടത്താവളമായ പുനലൂർ മിനി പമ്പയിൽ വ്യാപാരസ്ഥാപനങ്ങൾ ഉയർന്നു തുടങ്ങി.
രണ്ടാഴ്ച മുൻപ് ചേർന്ന് എംഎൽഎയും ദേവസ്വം ബോർഡ് അംഗവും പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എന്നാൽ ദേശീയപാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇതുവരെ പൂർണമായി ഒരുക്കിയിട്ടില്ല.
കഴിഞ്ഞതവണ വാഹനാപകടങ്ങളിൽ ദേശീയപാതയിൽ 2 അയ്യപ്പഭക്തർ മരിച്ച പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് തീരുമാനിച്ചെങ്കിലും കൂടുതൽ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ടിബി ജംക്ഷനിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും നടപടിയായില്ല.
ഇവിടെ 24 മണിക്കൂറും ഒരു ആംബുലൻസിന്റെ സേവനം ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചിരുന്നു. ശാസ്ത്രീയമായി പുനലൂർ ഡിടിപിസി സ്നാന ഘട്ടത്തിൽ ലോഹനിർമിത സുരക്ഷാ വേലിയും സ്ഥാപിച്ചിട്ടില്ല.
രണ്ട് കിലോമീറ്റർ അകലെ മുക്കടവിലും ശബരിമല തീർഥാടകർ വിശ്രമിക്കുന്ന സ്ഥലമാണ്. ഇവിടെയും കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനുണ്ട്.
താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്പെഷൽ സർവീസ്
മണ്ഡലകാലം ആരംഭിക്കുന്നത് മുതൽ കൊല്ലത്ത് നിന്ന് പമ്പയിലേക്ക് രാത്രി 8ന് സ്പെഷൽ സർവീസ് ആരംഭിക്കും. തിരക്കിന് അനുസരിച്ച് പുതിയ സർവീസുകൾ ആരംഭിക്കും.
കൊട്ടാരക്കര, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ നിന്നും ഇന്ന് മുതൽ പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ഓച്ചിറയിൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക സൗകര്യങ്ങൾക്കും കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകിയിട്ടില്ല.
പുതിയ മേൽശാന്തിമാർ ഇന്നു സ്ഥാനമേൽക്കും
സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഇന്ന്.
ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് (47) ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരി(47) മാളികപ്പുറത്തും മേൽശാന്തിമാരായി സ്ഥാനമേറ്റെടുക്കും.
ചടങ്ങുകൾ വൈകിട്ട് 6ന് തുടങ്ങും. ആദ്യം ശബരിമലയിലും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങ്.
സോപാനത്തു വിളക്കുവച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശം പൂജിക്കും.
പിന്നീട് നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദിനെ പീഠത്തിൽ ഇരുത്തി തന്ത്രി അഭിഷേകം ചെയ്യും. അതിനു ശേഷം കൈപിടിച്ചു ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം ഉപദേശിച്ചാണു ചടങ്ങ് പൂർത്തിയാക്കുക.അതിനു ശേഷം മാളികപ്പുറത്തെ സോപാനത്തിൽ തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് എം.ജി.മനു നമ്പൂതിരിയെ അഭിഷേകം ചെയ്യും.
തുടർന്ന് ശ്രീകോവിലിൽ കൊണ്ടുപോയി മാളികപ്പുറത്തമ്മയുടെ മൂലമന്ത്രം പറഞ്ഞുകൊടുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

