കൊല്ലം ∙ ശബരിമലയിലെ സ്വർണപ്പാളി സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടു 5 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോറ്റിയെ ചോദ്യം ചെയ്താൽ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള രാഷ്ട്രീയക്കാരുടെ പങ്ക് പുറത്തുവരുമെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ശബരിമലയിലെ സ്വർണമോഷണത്തിലെ പ്രതികളെ പിടികൂടണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നയിക്കുന്ന മേഖല ജാഥയ്ക്ക് ചിന്നക്കടയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുപ്പതി ക്ഷേത്രത്തിലാണ് ഇത്തരം സംഭവം നടന്നതെങ്കിൽ ഒരു ദിവസമെങ്കിലും അവിടത്തെ മുഖ്യമന്ത്രിക്കും മന്ത്രിക്കും ആ സ്ഥാനത്ത് തുടരാൻ സാധിക്കുമോ? ഏറ്റവും കൂടുതൽ വിശ്വാസികൾ ശബരിമലയിൽ വരുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സന്ദേശത്തിന് പകരം യുപി മുഖ്യമന്ത്രിയുടെ സന്ദേശം അയ്യപ്പ സംഗമത്തിൽ വായിക്കുന്നതിലൂടെ സർക്കാരിന്റെ രാഷ്ട്രീയം വ്യക്തമാണ്.
സംഗമം തടയാൻ ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്.
2025 ൽ നടക്കുന്ന സംഗമം തടയാൻ 2019 ൽ തന്നെ സ്വർണം കടത്തി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് എന്ത് അസംബന്ധമാണ്. കായംകുളം കൊച്ചുണ്ണി കളവ് നടത്തിയാൽ ഒരു ഏമ്പക്കമെങ്കിലും വിടും.
അതുപോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് പിണറായി വിജയൻ ചെന്നത്തിയത്. ഞെട്ടിപ്പിക്കുന്ന തീവെട്ടിക്കൊള്ളയാണ് പുറത്തുവന്നത്.
വിഷയത്തിൽ ബിജെപിക്ക് കാര്യമായ പ്രതിഷേധം പോലും ഇല്ലെന്നും ഇതിനെല്ലാം മറുപടി വരുന്ന തിരഞ്ഞെടുപ്പുകളിൽ കാണാമെന്നും ഷിബു ബേബിജോൺ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജാഥയുടെ വൈസ് ക്യാപ്റ്റൻ എം.വിൻസന്റ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിയും ജാഥാ മാനേജരുമായ പഴകുളം മധു, കോൺഗ്രസ് നേതാക്കളായ പി.സി.വിഷ്ണുനാഥ് എംഎൽഎ, രമ്യ ഹരിദാസ്, വി.എസ്.ശിവകുമാർ, ബിന്ദു കൃഷ്ണ, കെ.സി.രാജൻ, എ.കെ.ഹഫീസ്, എ.ഷാനവാസ് ഖാൻ, എം.എം.നസീർ, സൂരജ് രവി, പി.ജർമിയാസ്, വിഷ്ണു സുനിൽ പന്തളം, കെ.ബേബിസൺ, എൻ.ഉണ്ണിക്കൃഷ്ണൻ, ഡി.ഗീതാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഇ.ഡി നോട്ടിസ് ആവിയായോ: അടൂർ പ്രകാശ്
കൊല്ലം ∙ പിണറായി വിജയന്റെ മകന് ലഭിച്ച ഇ.ഡി നോട്ടിസ് ആവിയായിപ്പോയോ എന്നും ആ നോട്ടിസിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുഖ്യമന്ത്രിയും മരുമകനും പ്രധാനമന്ത്രിയെയും കേന്ദ്ര അഭ്യന്തര മന്ത്രിയെയും കണ്ടു എല്ലാം ഏറ്റു പറഞ്ഞതോടെ പലതും ആവിയായി. കമ്യൂണിസ്റ്റുകാർ ഭരണത്തിലെത്തിയ എല്ലാ നാട്ടിലും ക്ഷേത്രങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നുമെല്ലാം സ്വത്തുക്കൾ അടിച്ചു മാറ്റിയ ചരിത്രമാണുള്ളത്.
ശബരിമലയിലെ സ്വർണം കൊള്ള ചെയ്ത സംഘത്തെ പുറത്തുകൊണ്ടുവരുമെന്നും വെറുതെ വിടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]