
ആയൂർ ∙ ക്ഷേത്ര ദർശനത്തിന് പോയ ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ചരക്കുലോറി ഇടിച്ചു ഓട്ടോറിക്ഷാ ഡ്രൈവറും ദമ്പതികളിൽ ഭാര്യയും മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ആയൂർ അജ്മൽ മൻസിലിൽ സുൽഫിക്കർ (45), ഓട്ടോറിക്ഷ യാത്രിക ആയൂർ അകമൺ വൃന്ദാവനത്തിൽ ആർ.രതി (40) എന്നിവരാണ് മരിച്ചത്.
രതിയുടെ ഭർത്താവ് സുരേഷ് (48) സാരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 8.20 ന് എംസി റോഡിൽ ആയൂർ അകമൺ ഭാഗത്തെ വളവിലായിരുന്നു അപകടം. നേർക്കുനേരെയുണ്ടായ ഇടിയിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിന്റെ വശത്തെ ഇരുമ്പ് ബാരിക്കേഡിൽ ഇടിച്ചാണു ലോറി നിന്നത്.
തൃശൂരിൽ നിന്ന് പാക്കറ്റ് ആട്ടമാവുമായി തിരുവനന്തപുരം ഭാഗത്തേക്കു പോയ ലോറിയും കൊട്ടാരക്കര ഭാഗത്തേക്കു പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. സുൽഫിക്കർ, അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയും രതി, അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചു പോയി. വലിയ ശബ്ദം കേട്ടു ഓടി എത്തിയ പ്രദേശവാസികളാണ് ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തിനു ഇടയാക്കിയ ലോറി ഡ്രൈവർ പാലക്കാട് കള്ളമല മുഴയൻ മാനായിൽ ഹൗസിൽ അശ്വിനെ (26) പൊലീസ് കസ്റ്റഡിയിൽ എടുത്തു.സുൽഫിക്കറിന്റെ ഭാര്യ: സബീന. മക്കൾ: അജ്മൽ, അഫ്സൽ. രതിയുടെ മക്കൾ: അമൃത, അക്ഷിത.
ചടയമംഗലം പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]