
കടയ്ക്കൽ / തിരുവനന്തപുരം ∙ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് യുവ സോഫ്റ്റ്വെയർ എൻജിനീയർ മരിച്ചു. തിരുവനന്തപുരം തിരുമല രാമമംഗലം ബംഗ്ലാവിൽ റിട്ട.
കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ എസ്.അജയകുമാർ–ശ്രീകല ദമ്പതികളുടെ ഏക മകൻ ആദർശ് (27) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് പോകുകയായിരുന്നു ആദർശ്. റോഡിൽ തെറിച്ചുവീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് കുറച്ചുനേരം റോഡിൽ കിടന്നു.
തിരുവനന്തപുരം – ചെങ്കോട്ട
റോഡിൽ വേങ്കോല്ല ഫോറസ്റ്റ് ഓഫിസിനു സമീപം ഇന്നലെ പുലർച്ചെയാണ് അപകടം. തിരുവനന്തപുരത്തുനിന്നു ആദർശ് ഉൾപ്പെട്ട അഞ്ചംഗ സംഘം 5 ബൈക്കുകളിലാണ് യാത്ര പോയത്.
റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് ബൈക്കിൽനിന്നു ആദർശ് തെറിച്ചു വീണു.
കനത്ത മഴത്തായിരുന്നു അപകടം. സംഘാംഗങ്ങൾ പിന്നിലായിരുന്നതിനാൽ അപകടവിവരം അറിഞ്ഞില്ല.
കുറച്ചുസമയം കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് ആദർശ് പരുക്കേറ്റ് റോഡിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതേസമയം, അപകടമുണ്ടാക്കിയ കാട്ടുപന്നി എതിരെ വന്ന കാർ ഇടിച്ചു ചത്തു. ഇടിച്ചശേഷം നിർത്താതെപോയ കാർ തിരുവനന്തപുരത്തുനിന്നു ചിതറ പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.
ആദർശിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് 10.30ന് തൈക്കാട് ശാന്തികവാടത്തിൽ.
തിരുവനന്തപുരം ടെക്നോപാർക്കിലെ സ്പെരിഡിയൻ ടെക്നോളജീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് ആദർശ് ജോലി ചെയ്യുന്നത്.
യാത്ര പുറപ്പെട്ടത് പുതിയ ബൈക്കിൽ; തീരാ നൊമ്പരമായി വേർപാട്
തിരുവനന്തപുരം ∙ സാഹസികയാത്രകളെ ഏറെ സ്നേഹിച്ച ആദർശിന്റെ വേർപാട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും തീരാനൊമ്പരമായി. റോഡിനു കുറുകെ ചാടിയ കാട്ടുപന്നി, ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ തിരുമല രാമമംഗലം ബംഗ്ലാവിൽ എസ്.അജയകുമാർ–ശ്രീകല ദമ്പതികളുടെ മകൻ ആദർശ് മരിച്ചത് ഇന്നലെ പുലർച്ചെ.
ആദർശ് ഉൾപ്പെടെ 5 അംഗ സംഘം ഇന്നലെ പുലർച്ചെ 4.30നാണ് കൊടൈക്കനാലിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്.
കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ സഹപാഠികളായിരുന്നു ഒപ്പം. 5 പേരും വെവ്വേറെ ബൈക്കുകളിലായിരുന്നു.
യാത്രയുടെ തുടക്കം മുതൽ മുന്നിലായിരുന്നു ആദർശ് എന്ന് സംഘത്തിലെ മറ്റുള്ളവർ പറഞ്ഞു.
കനത്ത മഴ കാരണം വേഗം കുറച്ചാണ് വാഹനം ഓടിച്ചത്. തുടക്കത്തിൽ സംഘാംഗങ്ങളിൽ നിന്ന് 100 മീറ്റർ മാത്രം മുന്നിൽ സഞ്ചരിച്ച ആദർശ് പിന്നീട് ഏറെ മുന്നിലായി.
ഇതിനിടെയാണ് തിരുവനന്തപുരം – ചെങ്കോട്ട റോഡിൽ വേങ്കോല്ല ഫോറസ്റ്റ് ഓഫിസിനു സമീപം റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ആദർശിന്റെ ബൈക്കിലിടിച്ചത്.
ഹെൽമറ്റു ധരിച്ചിരുന്നെങ്കിലും റോഡിൽ തലയിടിച്ച് ഗുരുതര പരുക്കേറ്റു.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാസങ്ങൾക്കു മുൻപ് വാങ്ങിയ പുത്തൻ ബൈക്കിലാണ് ഇന്നലെ കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. മൃതദേഹം ഇന്ന് രാവിലെ 9 ന് വീട്ടിലെത്തിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]