
കൊല്ലം ∙ 2019 ൽ അപ്രതീക്ഷിതമായി എത്തിയ കരൾ രോഗത്തിനും എസ്.സുജിത്തിന്റെ കായികരംഗത്തോടുള്ള ഇഷ്ടത്തെ തകർക്കാനായില്ല, കരൾ മാറ്റിവച്ചു വീണ്ടും ഗ്രൗണ്ടിലേക്കിറങ്ങിയ സുജിത്ത് അടുത്ത ഓഗസ്റ്റിൽ ജർമനിയിൽ നടക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കാൻ പോകാനൊരുങ്ങുകയാണ്. അമ്മ പകുത്തു നൽകിയ കരളിന്റെ കരുത്തിൽ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് കല്ലുംതാഴം കുറ്റിച്ചിറ ആലുവിള സുജിത്ത് ഭവനിൽ എസ്.സുരേന്ദ്രന്റെയും ജി.താരയുടെയും മകനും പെരിനാട് പണയിൽ ജിഎച്ച്എസ്എസിൽ കായികാധ്യാപകനുമായ എസ്.സുജിത്ത്. ഏഴാം ക്ലാസ് മുതലാണ് സുജിത്ത് കായികമേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്നത്.
അന്നു തൊട്ട് സ്കൂളിലെ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. പിന്നീട് കോയിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിയപ്പോഴാണ് ഹോക്കിയിലേക്ക് തിരിയുന്നത്.
പിന്നീട് എസ്എൻ കോളജിൽ പഠിക്കുമ്പോൾ കോളജ് ടീം ക്യാപ്റ്റനായും കേരള സർവകലാശാല ടീമിലും കളിച്ചു.
2012 ൽ ജൂനിയർ നാഷനൽ ഹോക്കി ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. ബിപിഎഡ്, എംപിഎഡ് യോഗ്യതകൾ നേടി താൻ പഠിച്ച കോയിക്കൽ സ്കൂളിലടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായികാധ്യാപകനായി ജോലി ചെയ്തു. 2019 ൽ വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിൽ കായികവിഭാഗം അധ്യാപകനായിരിക്കെയാണ് രോഗം കണ്ടുപിടിക്കുന്നത്.
വീട്ടിൽ വച്ചു രക്തം ഛർദിച്ചത് പരിശോധിച്ചപ്പോഴാണ് വിൽസൺ ഡിസീസ് ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് അമ്മ ജി.താര കരൾ പകുത്തു നൽകാൻ തയാറായതോടെ ഇരുപത്തിയാറാം വയസ്സിൽ ശസ്ത്രക്രിയ നടത്തി കരൾ മാറ്റിവച്ചു.
പിന്നീട് പിഎസ്സി എഴുതി സർക്കാർ സ്കൂളിൽ കായികാധ്യാപകനായി ജോലിക്കു കയറി. ജില്ലയിലെ ഹോക്കി ടീമുകളിൽ അംഗമായി തുടരുന്നതിനിടെയാണ് ട്രാൻസ്പ്ലാന്റ് ഗെയിംസിനെ കുറിച്ചു അറിയുന്നതും 2023 ൽ കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ 100, 200 മീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു വെള്ളി മെഡൽ സ്വന്തമാക്കുന്നത്. ഇതിലെ മികച്ച പ്രകടനവും കഴിഞ്ഞ മേയിൽ ഫരീദാബാദിൽ നടന്ന ട്രാൻസ്പ്ലാന്റ് ക്യാംപിൽ പങ്കെടുക്കുകയും ചെയ്തതോടെയാണ് ജർമനിയിലെ ട്രാൻസ്പ്ലാന്റ് ഗെയിംസിന് യോഗ്യത നേടിയത്.
ഫുട്ബോൾ ടീമിലും 100, 200 മീറ്റർ ഓട്ടത്തിലുമാണ് സുജിത്ത് മത്സരിക്കുന്നത്. ഓഗസ്റ്റ് 16 മുതൽ 24 വരെയാണ് ഗെയിംസ് നടക്കുക. ആർക്കും തോൽപിക്കാൻ കഴിയാത്ത മനസ്സുമായി ജർമനിയിലേക്ക് പോകാനൊരുങ്ങുന്ന സുജിത്തിന്റെ ഇനിയുള്ള ലക്ഷ്യ രാജ്യത്തിനൊരു മെഡൽ എന്നതാണ്.
അതിന് കായികപ്രേമികളുടെയും നാട്ടുകാരുടെയും പിന്തുണയും പ്രാർഥനയുമാണ് സുജിത്ത് പ്രതീക്ഷിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]