കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനം സർക്കാർ ഗൗരവത്തിലെടുക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. വിദൂര വിദ്യാഭ്യാസ മേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ആശ്രയമാണ് ഈ സ്ഥാപനം.
പലതരത്തിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അവ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയ്ക്കു ജില്ലയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ലോകരാജ്യങ്ങൾ കടുത്ത തീരുമാനങ്ങളെടുക്കണം. ഏകപക്ഷീയമായ കടന്നുകയറ്റങ്ങളും ആക്രമങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്.
തർക്കങ്ങളിൽ നമ്മുടെ രാജ്യം സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എൻ.ഇല്യാസ്കുട്ടി അധ്യക്ഷത വഹിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, യാത്രയുടെ ഉപനായകരായ ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്,സമസ്ത വൈസ് പ്രസിഡന്റ് പി.എ.ഹൈദറൂസ് മുസല്യാർ, സയ്യിദ് അലി ബാഫഖി, സ്വാമി സുഖകാശാനന്ദ സരസ്വതി, അബ്ദുൽ ഹക്കീം അസ്ഹരി, സ്വാഗതസംഘം കൺവീനർ പി.എ.മുഹമ്മദ് കുഞ്ഞ് സഖാഫി, സമസ്ത മുശാവറ അംഗം ഇസ്സുദ്ദീൻ കാമിൽ സഖാഫി എന്നിവർ പ്രസംഗിച്ചു.
യാത്രയെ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ സി.ആർ.മഹേഷ് എംഎൽഎ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളായ എച്ച്.ഇസ്സുദ്ദീൻ കാമിൽ സഖാഫി, എൻ.ഇല്യാസ്കുട്ടി, മുഹമ്മദ് കുഞ്ഞ് സഖാഫി എന്നിവർ സ്വീകരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളുടെ സ്നേഹ സദസ്സും നടന്നു.
ആശ്രാമം മൈതാനത്തിൽ നിന്ന് പീരങ്കി മൈതാനത്തേക്കു റാലിയും വാഹനജാഥയും സെന്റിനറി ഗാർഡിന്റെ മാർച്ചും നടത്തി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ്, എസ്എംഎ, എസ്ജെഎം എന്നിവയുടെ ജില്ലാ കാബിനറ്റ് അംഗങ്ങൾ ജാഥ നയിച്ചു. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.
നീണ്ടകരയെ രാജ്യാന്തര മാരിടൈം ഹബ്ബാക്കണം
കൊല്ലം ∙ മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നീണ്ടകരയെ രാജ്യാന്തര മാരിടൈം ഹബ്ബാക്കി മാറ്റണമെന്നും കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്കു ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണം. കൊല്ലത്തെ കടൽ മണൽ ഖനനത്തിൽ നിന്ന് കേന്ദ്രം പൂർണമായി പിൻമാറണം.
പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായത്തെ പുനരുദ്ധരിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണം.
ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ ക്രോഡീകരിച്ചു നിവേദനമാക്കി മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ട അധികൃതർക്കും നൽകുമെന്ന് കേരള യാത്രയുടെ ഉപനായകരായ ഇബ്രാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, കൺവീനർ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എൻ.ഇല്യാസ് കുട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞ് സഖാഫി എന്നിവർ അറിയിച്ചു.
വെല്ലുവിളി; ഒരുമിച്ചു നിൽക്കണമെന്ന് മന്ത്രി
കൊല്ലം ∙ മനുഷ്യർക്കൊപ്പം എന്ന ആശയവുമായി നടത്തുന്ന കേരളയാത്ര ഈ കാലത്തിന്റെ ആവശ്യമാണെന്നും എന്നാൽ ആരാണ് മനുഷ്യൻ എന്നതിൽ വലിയ ചോദ്യങ്ങളാണ് നിലനിൽക്കുന്നതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ.
അധികാരത്തിന്റെ ബലത്തിൽ ഒരു രാജ്യത്തിന്റെ തലവനെയും ഭാര്യയെയും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു.
അധികാരത്തിന്റെ ബലത്തിൽ ഏത് രാജ്യത്തും കയറി ആക്രമിക്കുന്നു. ന്യൂനപക്ഷങ്ങളും പാർശ്വവൽകരിക്കപ്പെടുന്നവരും വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഒരുമിച്ചു നിൽക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയ്ക്കു ജില്ലയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

