
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഇത്തിക്കര വയൽ, മൂഴിയിൽ, അമ്പലത്തറ ഭാഗങ്ങളിലെ നാനൂറോളം കുടുംബങ്ങളുടെ യാത്രാ സൗകര്യം തടസ്സപ്പെടുന്നത് പരിഹരിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കും. നാട്ടുകാരുടെ ദുരിതം അറിയുന്നതിന് എൻ.കെ.പ്രേമചന്ദ്രൻ എംപിയും ദേശീയപാത അതോറിറ്റി അധികൃതരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചതിനെ തുടർന്നാണ് തീരുമാനം.
എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നിർദേശത്തെ തുടർന്ന് ഇവിടത്തെ നിർമാണം താൽക്കാലികമായി നിർത്തിവച്ചു.
എൻഎച്ച്എഐ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, സമര സമിതി നിർദേശിക്കുന്ന വിദഗ്ധർ ഉൾപ്പെടുന്ന സമിതി പരിശോധിച്ചു പരിഹാര നടപടി നിർദേശിക്കും. പ്രദേശത്തെ നാനൂറോളം കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നം മലയാള മനോരമ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
എൻ.കെ.പ്രേമചന്ദ്രൻ എംപി, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ ചന്ദ്രൻ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ദേവേന്ദ്ര പ്രസാദ് സാഹു, നിർമാണ കമ്പനി പ്രതിനിധി ബി.എം.റാവത്ത് തുടങ്ങിയവർ സ്ഥലത്ത് എത്തി ജനങ്ങളുടെ പ്രശ്നങ്ങൾ വിലയിരുത്തി.
നിർമാണത്തിലെ അപാകത പരിഹരിക്കുന്നതിനു ജനകീയ പ്രക്ഷോഭ സമിതി എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകി. സമര സമിതി കൺവീനറും പഞ്ചായത്ത് മെംബറുമായ ജി.രാജു, ചാത്തന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.സുരേഷ്, എ.ഫൈസൽ, ഷാലു വി.ദാസ്, ശ്യാം, രാജേഷ്, രവീന്ദ്രൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്.
ഇതിനു പിന്നാലെയാണ് സന്ദർശനം.
എൻഎച്ച് വികസനത്തിൽ സർവീസ് റോഡ് വളരെ ഉയർന്നതോടെ ഇട റോഡും സർവീസ് റോഡും തമ്മിൽ 6 മീറ്ററിലേറെ ഉയര വ്യത്യാസം ഉണ്ട്.
ഇട റോഡിൽ നിന്നു സർവീസ് റോഡിൽ പ്രവേശിക്കുന്നതിനു 60 മീറ്ററോളം ദൂരത്തിൽ ചരിവ് നൽകി പാത നിർമിക്കുന്നതോടെ ഇട
റോഡിന്റെ സമീപത്തെ ഒട്ടേറെ വീടുകൾ ജയിൽ പോലെ കെട്ടി അടയ്ക്കപ്പെടും. വീടുകളിലേക്ക് കയറാനോ ഇറങ്ങാനോ കഴിയാതാകും
നിർദേശങ്ങൾ
∙ ഇത്തിക്കര വയൽ, മൂഴിയിൽ, അമ്പലത്തറ ഇടറോഡിൽ നിന്നു ദേശീയപാതയിൽ പ്രവേശിച്ചു കൊല്ലം തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകുന്നതിനു ചെറിയ അടിപ്പാത നിർമിക്കുക.∙ സർവീസ് റോഡിന്റെ ഉയരം പരമാവധി കുറിച്ചു ഇടറോഡിൽ നിന്നു ദേശീയപാതയിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനു മാർഗം കണ്ടെത്തുക.∙ വിദഗ്ധ സമിതി നിർദേശിക്കുന്ന മറ്റു പരിഹാരം മാർഗം നടപ്പാക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]