
പുനലൂർ ∙ മീറ്റർഗേജ് കാലത്തു നിലവിലുണ്ടായിരുന്ന ട്രെയിൻ സർവീസുകൾ ചെങ്കോട്ട – കൊല്ലം പാതയിൽ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം.
മധുര റെയിൽവേ ഡിവിഷനു കീഴിൽ കേരളത്തിൽ വരുന്ന ഒരേയൊരു സെക്ഷൻ ആണ് ചെങ്കോട്ട – കൊല്ലം റെയിൽവേ പാത.
2018ൽ ഗേജ് മാറ്റം പൂർത്തിയായപ്പോൾ മുതൽ യാത്രക്കാർ ആവശ്യപ്പെടുന്നതാണ് പഴയ സർവീസുകൾ പുനരാരംഭിക്കണമെന്ന്. എന്നാൽ, ഇതൊന്നും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
2 ചെന്നൈ സർവീസുകൾ, ഒരു നാഗൂർ സർവീസ്, ഒരു കോയമ്പത്തൂർ സർവീസ് (പഴനി വഴി), 2 തിരുനെൽവേലി പാസഞ്ചറുകൾ, 2 ചെങ്കോട്ട
പാസഞ്ചറുകൾ, ഒരു മധുര പാസഞ്ചർ എന്നിവയാണ് ഈ പാത വഴി സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ കൊല്ലത്തു നിന്നു ചെങ്കോട്ടയിലേക്ക് ആകെ 4 സർവീസുകൾ ആണുള്ളത്.
അതിൽ ഒരു സർവീസ് എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണുള്ളത്.
പാലരുവി എക്സ്പ്രസ് രാത്രി സമയത്താണ് ഈ വഴി കടന്നുപോകുന്നത്. പകൽ സമയത്തു കൊല്ലത്തു നിന്നും ചെങ്കോട്ടയിലേക്കുള്ള കൊല്ലം എഗ്മൂർ മെയിൽ, ഗുരുവായൂർ – മധുര എക്സ്പ്രസ് എന്നീ ട്രെയ്നുകൾ 10 മിനിറ്റ് വ്യത്യാസത്തിലാണു കടന്നുപോകുന്നത്.
ഈ പ്രദേശത്തെ യാത്രക്കാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത രീതിയിലുള്ള സമയക്രമമാണ് ഈ ട്രെയിനുകൾക്കുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിലും ചെങ്കോട്ട – കൊല്ലം പാത വളരെ പിന്നിലാണ്.
ഈ പാത വഴി സർവീസ് നടത്തുന്ന ട്രെയിനുകളിൽ പരമാവധി 18 കോച്ചുകളാണ് ഉള്ളത്. പ്ലാറ്റ്ഫോമിന്റെ നീളം കുറവായതുകൊണ്ടാണ് 18 കോച്ചുകൾ മാത്രം വച്ച് ട്രെയിനുകൾ സർവീസുകൾ നടത്തുന്നത്.
പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുവാനുള്ള ശുപാർശ നൽകിയിട്ടുണ്ടെന്ന് മധുര റെയിൽവേ ഡിവിഷൻ അധികാരികൾ ഇടയ്ക്കിടെ പറയുന്നുണ്ട്. പക്ഷേ, ഇതുവരെ ആര്യങ്കാവ്, എഴുകോൺ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുള്ള ടെൻഡർ മാത്രമാണു വിളിച്ചിട്ടുള്ളത്.
ഈ പാതയിലെ വളരെ പ്രധാനപ്പെട്ട
റെയിൽവേ സ്റ്റേഷനായ കൊട്ടാരക്കരയിൽ പോലും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല. പഴനിയിലേക്ക് ഉണ്ടായിരുന്ന കൊല്ലം – കോയമ്പത്തൂർ സർവീസ് വീണ്ടും ആരംഭിക്കണം എന്നതു വളരെ നാളുകളായി ഉയരുന്ന ആവശ്യമാണ്. ഈ ആവശ്യം എംപിമാരും യാത്രക്കാരുടെ സംഘടനകളും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.
താംബരത്തു നിന്നു തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തിയിരുന്ന എസി സ്പെഷൽ എക്സ്പ്രസ് വൻ വിജയമായിരുന്നു. എന്നാൽ ചെന്നൈ – എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പുനർനിർമാണ പ്രവൃത്തികൾ കാരണം ഈ സർവീസും നിർത്തി.
ചെന്നൈ സെൻട്രലിൽ നിന്ന് ഈ സർവീസ് ആരംഭിക്കാമെന്നിരിക്കെ അതിനുള്ള യാതൊരു നടപടിയും റെയിൽവേ സ്വീകരിച്ചിട്ടുമില്ല.തമിഴ്നാട്ടിൽ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ മധുര ഡിവിഷൻ തകൃതിയായി നടത്തുന്നുണ്ട്.
അവിടെ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്. പക്ഷേ, ചെങ്കോട്ട – കൊല്ലം പാതയിൽ പുതിയ സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടാൽ ലോക്കോപൈലറ്റ്മാർ ആവശ്യത്തിന് ഇല്ല, റേക്കുകൾ ഇല്ല എന്നൊക്കെയുള്ള പതിവ് ഒഴിവുകഴിവുകൾ മാത്രമാണു റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]