
കരുനാഗപ്പള്ളി ∙ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട സർവീസ് റോഡുകളുടെയും അനുബന്ധ ഓടകളുടെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതും സർവീസ് റോഡിനോടു ചേർന്നും അനുബന്ധ റോഡുകളിലെ വശങ്ങളിലെയും അനധികൃത വാഹന പാർക്കിങ്ങും നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്നു.ലാലാജി ജംക്ഷൻ മുതൽ വടക്കോട്ട് ഹൈസ്കൂൾ ജംക്ഷന് വടക്ക് ഭാഗം വരെ ഇരുവശത്തെയും സർവീസ് റോഡിലൂടെയുള്ള യാത്ര തീരാദുരിതമാണ്.
ടൗണിൽ സിവിൽ സ്റ്റേഷനു സമീപം മുതൽ തെക്കോട്ട് കൊല്ലം ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെയും ഓടയുടെയും നിർമാണം പൂർത്തീകരിച്ചിട്ടില്ല. ഇവിടെ ആസൂത്രിതമായി നിർമാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുകയാണെന്ന പരാതി വ്യാപകമാണ്.
കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയുടെ മധ്യ ഭാഗത്തു കൂടിയാണ് ഓപ്പൺ പില്ലർ ഫ്ലൈ ഓവർ (മേൽപാലം) നിർമിക്കുന്നത്. തിരക്കേറിയ ടൗണിൽ ആദ്യം തന്നെ സർവീസ് റോഡുകളുടെയും ഓടയുടെയും നിർമാണം പൂർത്തീകരിച്ച് സുഗമമായ ഗതാഗതം ഒരുക്കിയിട്ടു വേണം മേൽപാല തൂണുകളുടെ നിർമാണം നടത്തേണ്ടിയിരുന്നതെന്ന നിർദേശം പാലിക്കപ്പെട്ടിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഹൈവേയുടെ കൂടുതൽ ഭാഗങ്ങളും ഓപ്പൺ പില്ലർ ഫ്ലൈ ഓവർ നിർമാണത്തിനായി കെട്ടി തിരിച്ചിരിക്കുകയാണ്. സർവീസ് റോഡുകൾക്ക് പല ഭാഗത്തും ആവശ്യമായ വീതിയുമില്ല. നിർമാണം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർവീസ് റോഡുകളുടെ പണി പൂർത്തീകരിച്ചിട്ടില്ല.
കാൽനട
യാത്രക്കാർ അപകട ഭീതിയിൽ
കാൽനട
യാത്രക്കാരും ടൗൺ ഭാഗത്തു കൂടി സഞ്ചരിക്കാൻ പ്രയാസപ്പെടുകയാണ്. സർവീസ് റോഡിന്റെ ഇരുവശത്തും വാഹന പാർക്കിങ് ഉൾപ്പെടെയുള്ള അസൗകര്യങ്ങൾ മൂലം കാൽനടക്കാർ അപകട
ഭീതിയോടെ വേണം സഞ്ചരിക്കാൻ. സർവീസ് റോഡിലേക്ക് തള്ളി നിൽക്കുന്ന കെട്ടിടങ്ങളുടെ ബീമുകൾ ഉൾപ്പെടെയുള്ളവ പൊളിച്ചു നീക്കാനും തയാറായിട്ടില്ല. സുഗമമായ ഗതാഗത സൗകര്യം ഒരുക്കാൻ പൊലീസോ, നഗരസഭയോ, ട്രാഫിക് ഉപദേശക സമിതിയോ ചെറു വിരൽ പോലും അനക്കാത്ത അവസ്ഥയിൽ നഗരം ഗതാഗതക്കുരുക്കിൽ നിശ്ചലമാകുകയാണ് പലപ്പോഴും.
ഓണക്കാലത്ത് കൂടുതൽ കുരുങ്ങും
വാഹനങ്ങൾ തിരിയാൻ സൗകര്യം ഏർപ്പെടുത്തിയ പെട്രോൾ പമ്പിന്റെ ഭാഗത്തും ഹൈസ്കൂൾ ജംക്ഷന്റെ ഭാഗത്തും കുരുക്ക് വർധിക്കുകയാണ്.
ഇവിടെയൊന്നും ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ, സിഗ്നലുകളോ ഇല്ല.ദേശീയ പാതയുടെ പല ഭാഗങ്ങളും കുഴിച്ച് കെട്ടി തിരിച്ചിരിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ഓണക്കാലത്തെ തിരക്കു കൂടിയാകുമ്പോൾ ഗതാഗതം കൂടുതൽ കുരുങ്ങും.
സിവിൽ സ്റ്റേഷനു മുൻ വശത്തു കൂടി ശാസ്താംകോട്ട
റോഡിലേക്ക് കയറാൻ ഉണ്ടായിരുന്ന ക്രോസ് കട്ട് ഏതാനും നാളുകൾക്കു മുൻപ് അടച്ചിരുന്നു. ഓണത്തിരക്ക് കണക്കിലെടുത്ത് ട്രാഫിക് വാർഡന്മാരെ നിയമിച്ച് ഈ ക്രോസ് തുറന്നു നൽകണമെന്ന് താലൂക്ക് വികസന സമിതി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും നിർമാണ കമ്പനി അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
ഗതാഗത സൗകര്യങ്ങൾക്കായി ഒരു കാര്യങ്ങളും നിർമാണക്കമ്പനി ഒരുക്കാത്ത അവസ്ഥയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]