
കൊല്ലം∙ ദേശീയ പാത നിർമാണത്തിനിടെ വീണ്ടും അപകടം. റോഡ് മണ്ണിട്ടുയർത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ആർഇ (റീ എൻഫോഴ്സ്ഡ്) പാനലുകളിലൊന്നു ദേഹത്തേക്കു വീണു സ്കൂട്ടർ യാത്രക്കാരിക്കു ഗുരുതര പരുക്കേറ്റു.
കൊട്ടിയം ജംക്ഷനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.ഉമയനല്ലൂർ തുണ്ടിൽ ചരുവിള വീട്ടിൽ ആഷിഖിന്റെ ഭാര്യ എച്ച്.തസ്ലിമയ്ക്കാണ്(28) പരുക്കേറ്റത്. ഇവരുടെ വലതു കാൽമുട്ടിന് മുകളിലെ മാംസം ചതഞ്ഞു.
വൈകിട്ട് 3.30ന് കൊട്ടിയം ജംക്ഷന് സമീപം തിരുവനന്തപുരത്തേക്കു പോകുന്ന സർവീസ് റോഡിലൂടെ ഉമയനല്ലൂരിൽ നിന്നു സ്കൂട്ടറിൽ കൊട്ടിയത്തേക്കു വരികയായിരുന്നു തസ്ലിമ. ആർഇ പാനലിനും സ്കൂട്ടറിനും ഇടയിൽ കുടുങ്ങിക്കിടന്ന തസ്ലിമയെ ഒാടിക്കൂടിയ നാട്ടുകാരും ഒാട്ടോ ഡ്രൈവർമാരും ചേർന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആർഇ പാനൽ ഉയർത്താനായില്ല.
തുടർന്ന് ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്കു കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പാനൽ ഉയർത്തി തസ്ലിമയെ പുറത്തെടുക്കുകയായിരുന്നു.
ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നു ഡോക്ടർമാർ അറിയിച്ചു.
അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.നേരത്തേ സ്ഥാപിച്ച ആർഇ പാനൽ മഴയത്ത് ചെരിഞ്ഞതിനെ തുടർന്ന് അത് ഉറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നു വന്നതെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇവ ഉറപ്പിച്ചത്.
അതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ നിയന്ത്രണത്തിൽ നിന്നു ആർഇ പാനൽ തെന്നി റോഡിലേക്കു വീഴുകയായിരുന്നു. പരുക്കേറ്റ തസ്ലിമയുടെ ചികിത്സാച്ചെലവ് കമ്പനി വഹിക്കുമെന്നും അവർ അറിയിച്ചു.
സുരക്ഷാവീഴ്ച പതിവെന്ന് നാട്ടുകാർ
ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് തുടർച്ചയായി ഉണ്ടാകുന്നതെന്നു നാട്ടുകാർ ആരോപിച്ചു.
ഇന്നലെ കൊട്ടിയത്ത് സ്കൂട്ടർ യാത്രിക വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രം. മാസങ്ങൾക്ക് മുൻപ് ചാത്തന്നൂരിൽ ഒാടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു മുകളിൽ പലക വീണ് അപകടം ഉണ്ടായി. ഏപ്രിൽ അവസാനം ചാത്തന്നൂർ ജംക്ഷനിൽ ആർഇ പാനൽ റോഡിലേക്കു വീണ് ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പറക്കുളം ഭാഗത്ത് ഉയരപ്പാതയിൽ വിള്ളൽ ഉണ്ടായത്, ബൈപാസ് റോഡിൽ പാലത്തറയ്ക്കു സമീപം മണ്ണിടിഞ്ഞുണ്ടായ അപകടം, അതിനു സമീപത്ത് അയത്തിൽ ഭാഗത്ത് നിർമാണത്തിലിരുന്ന പാലം തകർന്നത്, കല്ലുംതാഴം ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ തുടങ്ങി അനവധി അപകടങ്ങൾ ഉണ്ടായി.
ആവശ്യത്തിനു സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയും നിർമാണ മേൽനോട്ടത്തിനു വിദഗ്ധരെ നിയോഗിക്കാതെയുമാണു പലയിടത്തും നിർമാണം പുരോഗമിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
കൊട്ടിയത്തെ എസ്ബിഐ ശാഖയിലേക്കു പോയതാണു ഞാൻ. സർവീസ് റോഡിലൂടെ സ്കൂട്ടർ ഒാടിച്ചു വരവേ ജംക്ഷനോടു ചേർന്നു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതു കണ്ടു സ്കൂട്ടർ റോഡിന്റെ മധ്യഭാഗത്തേക്കു മാറ്റിയാണ് ഒാടിച്ചത്.
പെട്ടെന്ന് ആർഇ പാനലിൽ ഒരെണ്ണം റോഡിലേക്കു വീണു. സ്കൂട്ടർ ഇടത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിന് മുൻപേ ആർഇ പാനൽ എന്റെയും സ്കൂട്ടറിന്റെയും മുകളിലേക്കു വീഴുകയായിരുന്നു. ഒാട്ടോ ഡ്രൈവർമാരും നാട്ടുകാരും വന്നാണ് എന്നെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി അറിയിച്ചുള്ള ഒരു മുന്നറിയിപ്പു ബോർഡും സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഇല്ലായിരുന്നു.
തസ്ലിമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]