
കൊട്ടാരക്കര∙ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കേരള കോൺഗ്രസ്(ബി) പ്രതിനിധിയായ മൈലം ഗ്രാമപ്പഞ്ചായത്തംഗം. പാറ ക്വാറിക്ക് വെടിമരുന്ന് സൂക്ഷിക്കാൻ നിർമിച്ച കെട്ടിടം പൊളിച്ചു മാറ്റിയാൽ തീ കത്തിച്ച് മരിക്കുമെന്ന് ലൈറ്റർ ഉയർത്തി കാട്ടി പൊലീസിനും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും മുന്നിൽ ഭീഷണിയുമായി ക്വാറി പാർട്ണർ കൂടിയായ കോട്ടൂർ സന്തോഷ് നില കൊണ്ടു.
അരമണിക്കൂറോളം ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തിയ സന്തോഷിനെ പൊലീസ് തന്ത്രപരമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനധികൃതമായി വെടിമരുന്ന് സൂക്ഷിക്കാൻ നിർമിച്ച കെട്ടിടം ( മെഗസിൻ) പഞ്ചായത്ത് അധികൃതർ പൊളിച്ച് നീക്കുകയും ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇഞ്ചക്കാട് ആയിരവല്ലി പാറയോട് ചേർന്ന് ഖനനാനുവാദം തേടി ക്വാറി കരാറുകാർ മൈലം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒട്ടേറെ നിയമലംഘനകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ അപേക്ഷ നിരസിച്ചു.
വെടിമരുന്ന് സൂക്ഷിക്കാൻ അനധികൃതമായി കെട്ടിടം നിർമിച്ചത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ നിർമാണങ്ങൾ പൊളിച്ചു മാറ്റാൻ 15 ദിവസത്തെ സമയം നൽകി. 48 മണിക്കൂർ അധികസമയം നൽകിയെങ്കിലും പൊളിച്ചു മാറ്റാതെ വന്നതോടെ ഇന്നലെ രാവിലെ പഞ്ചായത്ത് ഉദ്യോഗസ്ഥർ പൊലീസുമായി എത്തി.
നാട്ടുകാരുടെ സഹായത്തോടെ പൊളിച്ചുനീക്കാനുള്ള ശ്രമം കരാറുകാർ എതിർത്തു. പൊളിച്ച് നീക്കാനുള്ള കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു വാദം.
തർക്കം സംഘർഷത്തിലേക്ക് വഴി മാറിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസ് എത്തി. വൈകാതെ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി കത്ത് നൽകിയതിന്റെ തെളിവുകൾ കൈമാറി.
പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ദ്രാവകം നിറച്ച കുപ്പിയുമായി കോട്ടൂർ സന്തോഷ് ഭീഷണി മുഴക്കിയത്. രണ്ട് മണിയോടെയാണ് സംഭവം. അനുനയിപ്പിക്കാൻ പൊലീസും ഉദ്യോഗസ്ഥരും ശ്രമിച്ചപ്പോൾ കുപ്പിയുമായി ദൂരേക്ക് മാറുകയായിരുന്നു.
പൊലീസ് സംഘം സന്തോഷിനെ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഗസിന് വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് തറ ഉൾപ്പെടെ പൊളിച്ചു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]