ശാസ്താംകോട്ട ∙ അമ്മയുടെ ഇംഗ്ലിഷ് കവിതകളും മകന്റെ ഇലസ്ട്രേഷനും ചേർന്ന പുസ്തകത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി.
കെഎസ്എം ഡിബി കോളജിലെ ബോട്ടണി വിഭാഗം അധ്യാപിക ലക്ഷ്മി ശ്രീകുമാറിന്റെ ‘ബ്ലോസമിങ് വിത്ത് ബഡ്സ്’ കവിതാ സമാഹാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് കാരണമായത്. അമ്മയുടെ വരികൾക്ക് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ ശ്രീറാം ചന്ദ്രനാണു ചിത്രങ്ങളിലൂടെ ജീവൻ നൽകിയത്.
ലക്ഷ്മിയുടെ കൈപ്പടയിലുള്ള പുതുവത്സര സന്ദേശവും വിശിഷ്ടമായ ഈ സമ്മാനവും ഹൃദയം തൊടുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ശ്രീറാമിന്റെ ജന്മദിനമായ ജനുവരി 16ന്, ഈ കത്തിന് അദ്ദേഹം മറുപടി നൽകി. സംയുക്തമായ സർഗാത്മകതയുടെ മനോഹരമായ ആഘോഷമാണ് പുസ്തകമെന്നും അമ്മയുടെ വാക്കുകൾ മകന്റെ ചിത്രങ്ങളിലൂടെ ജീവൻ കണ്ടെത്തുകയാണെന്നും അദ്ദേഹം കുറിച്ചു.
ഭാവനയുടെയും ആവിഷ്കാരത്തിന്റെയും ഇഴുകിച്ചേരലാണ് ഇവരുടെ രചനയെന്നു പറഞ്ഞ പ്രധാനമന്ത്രി, കലാപരമായ യാത്ര കൂടുതൽ പരിപോഷിപ്പിക്കാൻ അമ്മയ്ക്കും മകനും പ്രോത്സാഹനമേകി. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ലക്ഷ്മി കോളജിലേക്കും തിരിച്ചും ദിവസവും നടത്തിയ യാത്രകളിലാണ് കവിതകൾ രൂപപ്പെട്ടത്.
പുസ്തക രൂപമായപ്പോൾ മകനും ചിത്രകാരനുമായ ശ്രീറാമിന്റെ അറുപതോളം ചിത്രങ്ങളും കൂട്ടായി.
രാജ്യാന്തര സംഘടനയായ ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഓഫ് മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപറേഷന്റെ (ബിംസ്റ്റെക്) ഇന്ത്യയിൽ നിന്നുള്ള ഡയറക്ടറും കൊല്ലം പെരുമൺ സ്വദേശിയുമായ പ്രശാന്ത് ചന്ദ്രനാണു ഭർത്താവ്. അച്ഛനൊപ്പമുള്ള ശ്രീറാം ചന്ദ്രൻ ധാക്കയിലെ രാജ്യാന്തര സ്കൂളിലെ വിദ്യാർഥിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

