ശാസ്താംകോട്ട ∙ അപൂർവരോഗം ബാധിച്ച് ശാസ്താംകോട്ടയിലെ കുരങ്ങുകൾ ചത്തൊടുങ്ങുന്നു.
വനം വകുപ്പിന്റെ മെഡിക്കൽ സംഘം സ്ഥലത്തെത്തി സാംപിൾ ശേഖരിച്ച് പഠനം നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ വിവിധ ഭാഗങ്ങളിലായി 4 കുരങ്ങുകളുടെ മൃതദേഹം കണ്ടെത്തിയതോടെ രോഗം പടരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
പത്തോളം കുരങ്ങുകളെ അവശനിലയിൽ കണ്ടെത്തി. എന്നാൽ ശാസ്താംകോട്ട
ക്ഷേത്രത്തിലെ വാനരന്മാർക്കു രോഗ ബാധയില്ല. ചന്ത കുരങ്ങുകളിൽ ചിലതിന്റെ രോമം പൊഴിയാൻ തുടങ്ങിയതായി നാട്ടുകാർ ശ്രദ്ധിച്ചിരുന്നു.
ദിവസങ്ങൾ കഴിയുന്നതോടെ ശരീരമാകെ രോമം പൊഴിഞ്ഞു ചുവന്ന നിറത്തിലാകും.
തുടർന്നു ശരീരം മെലിഞ്ഞ് അവശ നിലയിലാകും. വേനൽ കാരണമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ പിന്നീടു സ്ഥിതി രൂക്ഷമായി. ഇത്തരമൊരു സംഭവം ആദ്യമാണെന്നും ശാസ്ത്രീയമായ നടപടികൾ വേണമെന്നും പ്രദേശവാസികൾ പറഞ്ഞു.
തീറ്റ എടുക്കാനാകാതെ വരുന്നതോടെ ഇവ തണൽ ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറും. മൃതദേഹം അഴുകി ദുർഗന്ധം വമിക്കുമ്പോഴാണു മരിച്ചതായി നാട്ടുകാർ അറിയുന്നത്.
അപൂർവ രോഗമാണെന്നാണു വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. കാലക്രമേണ ക്ഷേത്ര മതിൽക്കെട്ടിൽ നിന്നു പുറത്തായവരാണ് ചന്ത കുരങ്ങുകളായി മാറിയത്.
ടൗണിന്റെ വിവിധ കേന്ദ്രങ്ങളിലായി മൂന്ന് സംഘങ്ങളിലായി നൂറിലേറെ കുരങ്ങുകളുണ്ട്.
വീടുകളിൽ എത്തുന്ന കുരങ്ങുകൾ വാട്ടർ ടാങ്കുകളുടെ മൂടി തുറന്നു കുളിക്കുന്നതും ഭക്ഷണ സാധനങ്ങളും കാർഷിക വിഭവങ്ങളും കവരുന്നതും പതിവാണ്. ക്ഷേത്രത്തിലെ വാനരന്മാരും ഇവരുമായി സഹകരണമില്ല.
സംരക്ഷിത വിഭാഗമായ ചന്ത കുരങ്ങുകൾ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. സാംപിൾ ശേഖരിച്ച് പഠനം നടത്തിയെങ്കിൽ മാത്രമേ കൃത്യമായ രോഗനിർണയം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുമെന്നും വനം വകുപ്പിന്റെ മെഡിക്കൽ സംഘം വരും ദിവസങ്ങളിൽ എത്തുമെന്നും ടൗൺ വാർഡംഗം എസ്.ദിലീപ്കുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

