കൊട്ടാരക്കര∙ സമൂഹത്തിൽ ഒരാളുടെ ഇടം (സ്പേയ്സ്) ഇല്ലാതാക്കാൻ സിപിഎം ശ്രമിച്ചാൽ അവരുടെ ഇടം നൂറു മടങ്ങ് ഇല്ലാതാകുമെന്നു സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ പി. അയിഷ പോറ്റി.
അതു ദൈവ നിശ്ചയമാണ്. താൻ സിപിഎം വിട്ടതിനെ വർഗ വഞ്ചന എന്നാണു സിപിഎം പറയുന്നത്.
അങ്ങനെയെങ്കിൽ കെ.വി തോമസും ശോഭന ജോർജും പി. സരിനുമൊക്കെ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നതിനെ എന്തു പേരിട്ടു വിളിക്കും ?കോൺഗ്രസിൽ ചേർന്ന ശേഷം ഇന്നലെ അയിഷ പോറ്റിയുടെ പൊതുപരിപാടിയായിരുന്ന കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ജില്ലാ പ്രവർത്തക സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യവേ അവർ വികാരാധീനയായി.
അയിഷ പോറ്റിക്കു ശേഷം കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കെ.എൻ ബാലഗോപാലിനെ പേരെടുത്തു പറയാതെ വിമർശിക്കുകയും ചെയ്തു.
‘ ഞാൻ ദൈവവിശ്വാസിയാണ്. പണ്ടും ദൈവവിശ്വാസിയായിരുന്നു.
തേവാരവും പൂജയുമുള്ള വീടാണ് എന്റേത്. സിപിഎം ഏൽപിച്ച അവസരം ഉപയോഗിച്ചു മാന്യമായ പ്രവർത്തനം നടത്തി നാട്ടിൽ പുരോഗതിയെത്തിക്കാനായി.
2006വരെയുള്ള 35വർഷം കൊട്ടാരക്കരയിൽ എന്തു നടന്നുവെന്നും 2006 മുതൽ 2021 വരെ നടന്ന വികസനവും താരതമ്യം ചെയ്യണം. എനിക്കു പകരം പുതിയ ആൾ (കെ.എൻ ബാലഗോപാൽ) തിരഞ്ഞെടുപ്പിൽ നിന്നപ്പോൾ ഞാൻ മുന്നിൽ നിന്നു പ്രവർത്തിച്ചു.
വിജയിച്ചപ്പോൾ കൊട്ടാരക്കരയിൽ ഒരു മന്ത്രി വരണമെന്ന് ആഗ്രഹിച്ചു. ഏറ്റവും വലിയ മന്ത്രിയെ തന്നെ കൊട്ടാരക്കരയ്ക്ക് ലഭിച്ചു.
5 കോടി രൂപ അടങ്കലിൽ ഞാൻ കൊണ്ടുവന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ നോട്ടിസിൽ നിന്നു പോലും എന്റെ പേര് ഒഴിവാക്കി.
എംഎൽഎ ഫണ്ടുപയോഗിച്ച് എത്തിച്ച പദ്ധതികളുടെ ചടങ്ങുകളിലും പേര് ഉണ്ടായില്ല. മനുഷ്യരോട് ചേർന്നു നിന്നു പ്രവർത്തിച്ചാൽ മാത്രമേ ജനപ്രതിനിധിയാകൂ.
‘പുതിയ കാലം, പുതിയ കൊട്ടാരക്കര, ‘സമഗ്ര കൊട്ടാരക്കര എന്നിങ്ങനെ പേരുകളിൽ ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതു ഞാൻ കൊണ്ടു വന്ന പദ്ധതികളാണ്. ഞാൻ കൊണ്ടുവന്ന താലൂക്ക് ആശുപത്രി വികസന പദ്ധതിയുടെ അവസ്ഥ എന്താണെന്നു ജനങ്ങൾക്കറിയാം.
പാർട്ടിയിൽ സ്ഥാനം നൽകിയാൽ മാത്രം ജനങ്ങളുടെ അംഗീകാരം ലഭിക്കുമോ ?’ – അയിഷ പോറ്റി പറഞ്ഞു.
സ്വതന്ത്രമായി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള ഇടമാണ് ദേശീയ പ്രസ്ഥാനമായ കോൺഗ്രസിൽ ലഭിക്കുന്നത്. ആശയങ്ങളോടു ചേർന്നു നിന്നാണോ പാർട്ടിയുടെ പ്രവർത്തനമെന്നു സിപിഎം പരിശോധിക്കണം.
എന്റെ അച്ഛൻ സ്വന്തം പണം ചെലവാക്കി സിപിഎമ്മിൽ പ്രവർത്തിച്ച പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ അനുജന് പാർട്ടി പ്രവർത്തനത്തിനിടെ പൊലീസിന്റെ മർദനമേറ്റിട്ടുണ്ട്.
അന്നത്തെ പാർട്ടി ഇന്നില്ല. ഞാൻ കാലുവാരിയെന്ന് പ്രചരിപ്പിച്ചാലും കൂസാതെ പ്രവർത്തിക്കും.
പണ്ട് ചന്തമുക്കിൽ നടന്ന ചടങ്ങിൽ ആർ.ബാലകൃഷ്ണപിള്ള എന്നെക്കുറിച്ച് മ്ലേച്ഛമായ ഭാഷയിൽ പ്രസംഗിച്ചിട്ടുണ്ട്.
ഇമ്മാതിരി മോശം ഭാഷ ഞാൻ കേട്ടിട്ടില്ല. ഞാൻ മറുപടി പറയാൻ തയാറായില്ല.
ഞാൻ സംസ്കാരമുള്ള കുടുംബത്തിൽ പിറന്നവളാണ്. നല്ല സംസ്കാരമുള്ള ഭാഷ ഉപയോഗിച്ച് നല്ല മനസ്സോടെ മുന്നോട്ടു പോകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഞാൻ അച്ഛനെ ഫോൺ ചെയ്തു. അച്ഛൻ മറുപടി പറഞ്ഞത് ഒരു വാചകം മാത്രം: ‘ഇനി തല കുറച്ചു കൂടി കുനിയണം’.
– അയിഷ പോറ്റി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

