കുണ്ടറ∙ അവയവദാനത്തിലൂടെ 6 പേർക്ക് പുതുജീവനേകിയ ഐസക് ജോർജിന് ഹൃദയം നുറുങ്ങുന്ന വേദനയിലും അഭിമാനത്തോടെ വിട നൽകി മാതൃനാട്. മൃതദേഹം ഇടവകയായ കുണ്ടറ ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30നു നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഐസക്കിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മാതൃഇടവകയിൽ എത്തിയത്.
സംസ്കാര ശുശ്രൂഷകൾക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നേതൃത്വം നൽകി.
കോറെപ്പിസ്കോപ്പമാർ, വിവിധ ഇടവകകളിലെ വൈദികർ, ഭദ്രാസനം കൗൺസിൽ അംഗങ്ങൾ, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പി.
സി. വിഷ്ണുനാഥ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.
എൽ. സജികുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് 3.30 ഓടെ കുടുംബ കല്ലറയിൽ അടക്കം ചെയ്തു. നാൻസി മറിയം സാം ആണ് ഭാര്യ.
. മകൾ: അമീലിയ നാൻസി ഐസക്ക്
ഈ മാസം 6ന് രാത്രിയാണ് പത്തനാപുരം തലവൂർ വടകോട് ബഥേൽ ചരുവിളയിൽ വീട്ടിൽ പരേതനായ സി.വൈ.ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകൻ ഐസക് ജോർജിന് (33) അപകടത്തിൽ പരുക്കേറ്റത്.
കൊട്ടാരക്കര കിഴക്കേത്തെരുവിലെ സ്വന്തം സ്ഥാപനമായ ‘ബ്ലൂം ഗാർഡൻ കഫേ” റസ്റ്ററന്റിനു മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ ചികിത്സയിലിരിക്കെ 10ന് വൈകിട്ട് 4.15ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ഭാര്യയും ബന്ധുക്കളും സമ്മതിച്ചതോടെ ഐസക് ജോർജിന്റെ ആഗ്രഹം പോലെ ഹൃദയം അടക്കമുള്ള 6 അവയവങ്ങൾ ദാനം ചെയ്തു.
ആ ക്യാമറ ഐസക്കിന്റെ ഹൃദയമാകും
പത്തനാപുരം∙ ആ ക്യാമറ ഐസക്കിന്റെ ഹൃദയഭാഗത്തോടു ചേർത്ത് വച്ച് ഉദയൻ മന്ത്രിച്ചു, ‘ഇത് എന്റേതല്ല, നിന്റേതാണ്’. 14 വർഷങ്ങൾക്ക് മുൻപ് ക്യാമറ ഇങ്ങു തന്നേക്കാമോയെന്ന ഐസക്കിന്റെ ചോദ്യത്തിന് ഇന്നലെയാണ് ഉദയൻ മറുപടി നൽകിയത്.
ഒരു ബെംഗളൂരു യാത്രയിൽ കണ്ടുമുട്ടിയതാണ് എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഉദയനും, തലവൂർ വടകോട് ബഥേൽ ചരുവിളയിൽ ഐസക് ജോർജും. ക്യാമറാമാനായിരുന്ന ഉദയന്റെ കയ്യിലിരുന്ന ക്യാമറ കണ്ട്, ഫൊട്ടോഗ്രഫിയിലേക്ക് തന്റെ ഭാവിയെ വഴി മാറ്റിയ ഐസക്, ആദ്യം ക്ലിക്ക് ചെയ്ത ക്യാമറ ഇതായിരുന്നു.
ആ യാത്ര കഴിഞ്ഞപ്പോഴേക്കും ഐസക് ഫോട്ടോ എടുക്കാനും പഠിച്ചു. പിന്നീട് നാട്ടിലെത്തി ഫൊട്ടോഗ്രഫി ജീവിത വഴിയായി തിരഞ്ഞെടുത്തപ്പോഴും ഉദയന്റെ ഈ ക്യാമറ പലപ്പോഴും ഒപ്പം കൂട്ടി.
ഇതിനിടയിലാണ് ആ ക്യാമറ ഇങ്ങു തന്നേക്കുമോയെന്ന് ഐസക് ജോർജ് ഉദയനോടു ചോദിച്ചത്. പിന്നീട് പരസ്പരം കാണാതെ വർഷങ്ങൾ കടന്നു പോയി.
അപകട വിവരം അറിഞ്ഞ് ഉദയൻ ആശുപത്രിയിലെത്തിയെങ്കിലും ഐസക്കിനെ കാണാൻ കഴിഞ്ഞില്ല.
പ്രിയചങ്ങാതിക്ക് ക്യാമറ നൽകാൻ കഴിഞ്ഞില്ലല്ലോയെന്ന വേദനയ്ക്ക് പരിഹാരമായാണ് ഐസക്കിന്റെ മൃതദേഹത്തിനൊപ്പം കല്ലറയിൽ ക്യാമറയും വയ്ക്കാമെന്നു കരുതിയത്. മറ്റൊരു സുഹൃത്തായ അലന്റെ സഹായത്തോടെ ഐസക്കിന്റെ വീട്ടുകാരുമായി സംസാരിക്കുകയും അവരുടെ അനുവാദത്തോടെ മൃതദേഹത്തിനൊപ്പം ക്യാമറയും വയ്ക്കുകയുമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]