
നീണ്ടകര∙ പൊതുമേഖല സ്ഥാപനങ്ങൾക്ക് കൃഷിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനതല കർഷക അവാർഡിനു നീണ്ടകര ഹാർബർ എൻജിനീയറിങ് ഓഫിസ് അർഹമായി. രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ഓഫിസിനു കീഴിൽ തുറമുഖത്ത് ജോലിയെടുക്കുന്ന തൊഴിലാളികളും ഉദ്യോഗസ്ഥരും ചേർന്ന് കാടുകയറി കിടന്ന 5 ഏക്കറോളം വരുന്ന സ്ഥലമാണ് കൃഷിയോഗ്യമാക്കിയത്. 3 വർഷം മുൻപ് പരിസരം വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ മനസ്സിൽ ഉദിച്ച ആശയമാണ് 6 മാതൃക തോട്ടങ്ങളിലെത്തി നിൽക്കുന്നത്.
പയർ, വഴുതന, മുളക്, ഇഞ്ചി, മഞ്ഞൾ, ചേന, കോവൽ, ഇടവിള പച്ചക്കറി, ബന്ദി, പാഷൻ ഫ്രൂട്ട്, വാഴ തുടങ്ങിയവ കൃഷിത്തോട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ മത്സ്യക്കൃഷിയും നടത്തുന്നു.
കള നിയന്ത്രണ മാർഗങ്ങൾ, ശാസ്ത്രീയ കൃഷി രീതി, കെവികെ സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ചാണ് കൃഷി ചെയ്യുന്നത്.
കുറഞ്ഞ ജൈവാംശം, ലവണാംശം എന്നീ പോരായ്മകൾ ഉള്ളതും അതിലുപരി കരിമണൽ ഖനനം നടക്കുന്ന പ്രദേശമായതിനാൽ മൂലക ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് നീണ്ടകര ഹാർബർ പരിസരം. ഇതൊക്കെ അതിജീവിച്ചാണ് കൃഷിയിൽ ഇവർ നൂറുമേനി കൈവരിച്ചത്.
ഏതാനും ദിവസം മുൻപ് 75 കിലോഗ്രാം പയറാണ് വിളവെടുത്തത്. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ മത്സ്യത്തിനൊപ്പം ഹാർബറിൽ തന്നെ വിപണനം ചെയ്യുന്നു.
കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി യജ്ഞത്തിന്റെ ഭാഗമായി 50 സെന്റ് സ്ഥലത്ത് മാതൃക പോഷക തോട്ടവും ഒരുക്കിയിട്ടുണ്ട്.
കൃഷിക്ക് ആവശ്യമായ തൈകൾ സ്വന്തമായി കൃഷിയിടത്തിൽ തന്നെ ഉൽപാദിപ്പിക്കുന്നു. മത്സ്യബന്ധന മേഖലയിലും കൃഷി സാധ്യമാകുമെന്ന സന്ദേശം കൂടുതൽ പേരിൽ എത്തിക്കുകയും ഹാർബർ മോഡൽ കൃഷി എന്ന പേരിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഹാർബർ എൻജിനീയറുടെ മേൽനോട്ടത്തിൽ 15 തൊഴിലാളികളും 4 ഉദ്യോഗസ്ഥരുമാണ് മത്സ്യ മേഖലയ്ക്കൊപ്പം ഹാർബർ പരിസരത്തെ കൃഷിയോഗ്യമാക്കിയതിനു പിന്നിൽ. ഇവർക്ക് പൂർണ പിന്തുണയുമായി നീണ്ടകര കൃഷിഭവനും ഒപ്പം ഉണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]