
കൊല്ലം ∙ എക്സൈസിന്റെ രണ്ടു സംഘങ്ങൾ ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 241.250 ഗ്രാം എംഡിഎംഎ പിടികൂടി. മൊത്തവിതരണക്കാരൻ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു.
അഞ്ചാലുംമൂട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നാണു മാരക ലഹരിവസ്തു പിടികൂടിയത്.കരുനാഗപ്പള്ളി തൊടിയൂരിൽ നിന്ന് 227 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കാരൻ തൊടിയൂർ പുലിയൂർ വഞ്ചികിഴക്ക് മഠത്തിൽ വടക്കതിൽ വീട്ടിൽ അനന്തുവിനെ (27) ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള ലഹരിമരുന്ന് വേട്ടയാണ് ഇത്. സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് ആയിരുന്നു അറസ്റ്റ്.
പിടികൂടിയ ലഹരിമരുന്നിനു വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. ബെംഗളൂരുവിൽ നിന്നു വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്നു വിൽപന നടത്തുകയാണു പതിവ്.
ഇയാളുടെ ഇടനിലക്കാരുടെയും ഉപഭോക്താക്കളുടെയും വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐബി പ്രിവന്റീവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, അനീഷ് ജൂലിയൻ ക്രൂസ്, ബാലു സുന്ദർ, സൂരജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അഞ്ചാലുംമൂട്ടിൽ നിന്ന് 14.250 ഗ്രാം എംഡിഎംഎ മെത്താംഫെറ്റമിൻ രണ്ടു പേരാണ് അറസ്റ്റിലായത്. തൃക്കരുവ ഞാറക്കൽ ഏലുമല കായൽവാരം നിസാ മൻസിലിൽ കെ.നൗഫൽ (32), തൃക്കടവൂർ സികെപി ജംക്ഷനു സമീപം കോട്ടയ്ക്കകം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചാലുംമൂട് പന്തിയിൽ പടിഞ്ഞാറ്റതിൽ താര നിവാസിൽ അഖിൽജിത്ത് (കിച്ചു– 28 ) എന്നിവരെയാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം അറസ്റ്റ് ചെയ്തത്.
ലഹരി കടത്താൻ ഉപയോഗിച്ച കാർ, മൊബൈൽ ഫോൺ, വിൽപനയിലൂടെ ലഭിച്ച പണം എന്നിവയും പിടിച്ചെടുത്തു.
അഞ്ചാലുംമൂട് സികെപി ജംക്ഷനു സമീപം നടത്തിയ പരിശോധനയിൽ കാറിൽ നിന്നു 3.915 ലഹരിമരുന്നു പിടിച്ചെടുത്തു. ഇതിന്റെ തുടർച്ചയായി നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10.257 ഗ്രാം മെത്താംഫെറ്റമിൻ കൂടി പിടിച്ചെടുത്തു കാറിൽ കറങ്ങി നടന്നു വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഷാഡോ ടീം അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ.ജി.വിനോദ് , ഷഹാലുദ്ദീൻ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർ മാരായ ആസിഫ്, പ്രദീഷ്, ജിത്തു, വനിതാ സിവിൽ എക്സൈസ് ഓഫിസർ ട്രീസ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]