
കൊല്ലം ∙ ഒരുമിച്ചിരുന്നു സന്തോഷിച്ചും പാടിയും കളിച്ചും അവർ തങ്ങളുടെ വേദനകളെ മറന്നു. പാട്ടു പാടാനും എല്ലാവരുമൊത്തു കളിക്കാനും അപൂർവമായി ലഭിക്കുന്ന അവസരമായിരുന്നു ഇന്നലെ ആശ്രാമം ചിൽഡ്രൻസ് പാർക്കിൽ നടന്ന സ്നേഹസംഗമത്തിലൂടെ അവർക്കു ലഭിച്ചത്.
മസ്കുലർ ഡിസ്ട്രോഫി (എംഡി), സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്നിവയാൽ ബുദ്ധിമുട്ടുന്ന വ്യക്തികൾക്കായി രോഗബാധിതർ ആരംഭിച്ച മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിലെ ജില്ലയിലെ കുടുംബാംഗങ്ങളുടെയും വൊളന്റിയേഴ്സിന്റെയും സംഗമമാണ് മനസ്സ് നിറയ്ക്കുന്ന അനുഭവമായി മാറിയത്. പറയാം 2.0 എന്ന പേരിൽ നടത്തിയ പരിപാടിയിൽ മൈൻഡ് അംഗങ്ങളും ഇവരുടെ കുടുംബങ്ങളും വൊളന്റിയേഴ്സുമടക്കം നൂറോളം പേർ പങ്കെടുത്തു.
മൈൻഡ് ട്രസ്റ്റ് അംഗങ്ങളായ ഇവരിൽ പലരും വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടു നാളുകളേറെയായിരുന്നു.
കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നതിനു പ്രചോദനം നൽകാനും കൂടുതൽ ആളുകളുമായി ഇടപഴകാനും നല്ല സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സൗത്ത് സോൺ കോഓർഡിനേറ്റർ എസ്.ഫാത്തിമ പറഞ്ഞു.
ശരീരത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന അപൂർവ ജനിതക രോഗങ്ങളായ സ്പൈനൽ മസ്കുലർ അട്രോഫിയും മസ്കുലർ ഡിസ്ട്രോഫിയും ബാധിച്ച വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി 2017ൽ ഇതേ രോഗാവസ്ഥയിലുള്ള വ്യക്തികൾ ചേർന്നു രൂപം നൽകിയ കൂട്ടായ്മയാണ് മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റ്. അംഗങ്ങളുടെ സമ്പൂർണ ഉന്നമനം ലക്ഷ്യം വച്ചു നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 2022 മുതൽ ജില്ലാതല സ്നേഹസംഗമങ്ങൾ നടത്തുന്നുണ്ട്.
ഇതു രണ്ടാം തവണയാണു കൊല്ലം ജില്ലയിലെ ഒത്തുചേരൽ നടത്തുന്നത്.
2022 നവംബറിൽ ‘പറയാം’ എന്ന പേരിൽ നടത്തിയ സ്നേഹസംഗമത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ നടന്നത്. മൈൻഡ് ട്രസ്റ്റിനു പൂർണ പിന്തുണയുമായി മൈൻഡിന്റെ വൊളന്റിയർ കൂട്ടായ്മയായ കൂട്ടും ജില്ലയിലെ വിവിധ കോളജുകളിലെ എൻഎസ്എസ് വൊളന്റിയേഴ്സും പരിപാടിക്കു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]