
കരുനാഗപ്പള്ളി ∙ ടൗണിൽ ദേശീയപാതയിലും, ദേശീയപാതയോടു ചേർന്ന ടൗൺ പ്രദേശത്തെ ഇടറോഡുകളും ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്നു. ടൗണിൽ കരോട്ട് മുക്ക് മുതൽ ഹൈസ്കൂൾ ജംക്ഷൻ വരെയുള്ള ദേശീയപാതയുടെ ഭാഗമായ സർവീസ് റോഡിലൂടെയുള്ള യാത്ര നരകയാത്രയായി മാറി.
ഏതു സമയത്തും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കാണ്.സിവിൽ സ്റ്റേഷൻ ഭാഗത്തും, ഹൈസ്കൂൾ ജംക്ഷൻ ഭാഗത്തും 4 ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വന്നു കയറുന്നതിനാൽ ഇവിടെയാണ് ഏറെ സമയവും വാഹനങ്ങൾ കുരുക്കിലാകുന്നത്.
ഈ കുരുക്ക് ടൗൺ പ്രദേശം മുഴുവൻ നീളുകയാണ്. ഇവിടെ ഗതാഗതം നിയന്ത്രിച്ചു വിടാൻ ആളുണ്ടെങ്കിലും കുരുക്കിന് ഒരു കുറവുമില്ല.
ഈ ഭാഗങ്ങളിൽ താൽക്കാലികമായെങ്കിലും ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ച് ക്രമമായും ശാസ്ത്രീയമായും വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യം ഒരുക്കിയാൽ റോഡിൽ കിടന്ന് വാഹന യാത്രക്കാർ നരകിക്കേണ്ടി വരില്ലെന്നു യാത്രക്കാർ തന്നെ പറയുന്നു.
തിങ്ങിനിറഞ്ഞ് സർവീസ് റോഡ്
ടൗണിനോട് ചേർന്നു തന്നെയാണ് നിരവധി സ്കൂളുകളും, സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി സർക്കാർ ഓഫിസുകളും ഉള്ളത്. ഇവിടേക്കൊക്കെ എത്തേണ്ട
നൂറുകണക്കിന് വിദ്യാർഥികളും, ഉദ്യോഗസ്ഥരും, വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മറ്റ് യാത്രക്കാരുമൊക്കെ എത്തേണ്ടത് ഈ വീതി കുറഞ്ഞ സർവീസ് റോഡിൽ കൂടിയാണ്. രാവിലെ കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന സമയവും, വൈകിട്ട് സ്കൂളുകൾ വിടുന്ന സമയവുമൊക്കെ ഏറെ അപകടരമായ അവസ്ഥയിലാണ് വീതി കുറഞ്ഞ ഈ സർവീസ് റോഡ്.
നടന്നു പോകാൻ പോലും ഇടമില്ലാത്ത ഈ റോഡിൽ കൂടി കുട്ടികൾ ഉൾപ്പെടെയുള്ളവർ സാഹസിക യാത്രയാണ് ചെയ്യേണ്ടത്. പൊതുവേ വീതി കുറവായ സർവീസ് റോഡുകളുടെ വശങ്ങളിലെ വാഹന പാർക്കിങ് അപകടങ്ങൾക്ക് കാരണമാകുന്നു. ഓപ്പൺ പില്ലർ ഫ്ലൈ ഓവറിന്റെ നിർമാണം ആരംഭിക്കും മുൻപേ പൂർത്തിയാക്കേണ്ടിയിരുന്ന സർവീസ് റോഡിന്റെയും ഓടയുടെയും നിർമാണം ടൗണിൽ ഇനിയും പൂർത്തിയാക്കിയിട്ടില്ല.
സർവീസ് റോഡിന്റെയും ഓടയുടെയും നിർമാണം പൂർത്തീകരിക്കാത്ത ടൗണിൽ കൂടിയുള്ള കൊല്ലം ഭാഗത്തേക്കുള്ള യാത്ര ദുരിതപൂർണമാണ്. ഇവിടെ പല ഭാഗത്തും റോഡ് തകർന്ന് വെള്ളക്കെട്ടായി കിടക്കുകയാണ്.
ഈ ഭാഗത്തെ വാഹന പാർക്കിങ്ങിനും നടപടിയില്ല. റോഡിൽ അവിടവിടെ രൂപപ്പെട്ടു കിടക്കുന്ന കുഴികൾ നികത്താനും നടപടിയില്ല.
ഇടറോഡുകളും കുരുക്കിൽ
ദേശീയപാതയിൽ വന്നു ചേരുന്ന ടൗണിലെ റോഡുകളായ മാർക്കറ്റ് റോഡ്, കെഎസ്ആർടിസി ഡിപ്പോയുടെ തെക്കുഭാഗത്തു കൂടി മാർക്കറ്റിൽ എത്തുന്ന റോഡ്, സിവിൽ സ്റ്റേഷൻ കല്ലുംമൂട്ടിൽ കടവ് റോഡ് തുടങ്ങിയ റോഡുകളും പലപ്പോഴും ഗതാഗത കുരുക്കിലാണ്.
ഈ റോഡുകളിലെയും വശങ്ങളിലുള്ള അനധികൃത പാർക്കിങ് മിക്കപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നു. മാർക്കറ്റ് റോഡിന്റെ ഇരുവശങ്ങളിലും മിക്ക സമയങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് ഇട്ടിരിക്കുന്നതു കാണാം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ തെക്കു ഭാഗത്തെ മാർക്കറ്റ് റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. സിവിൽ സ്റ്റേഷൻ കല്ലുമൂട്ടിൽ കടവ് റോഡിലും ടൗണിനോട് ചേർന്ന ഭാഗങ്ങളിൽ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്തിട്ടിരിക്കുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗതം കുരുങ്ങി യാത്രക്കാർ ബുദ്ധിമുട്ടിലായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ട്രാഫിക് നവീകരണത്തിനായി ഒരു നടപടികളുമില്ല.
മന്ത്രിമാർ ആരെങ്കിലും ഈ ഭാഗത്തെ റോഡിലൂടെ പോകുമ്പോൾ , പൊലീസ് റോഡിലിറങ്ങി കാണിക്കുന്ന ശുഷ്കാന്തി അല്ലാത്ത സമയങ്ങളിൽ ഇല്ലെന്നാണ് പരാതി. ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള എംഎൽഎ ചെയർമാനും, തഹസിൽദാർ കൺവീനറുമായിട്ടുള്ള ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇവിടെ ചേർന്നിട്ട് മാസങ്ങളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]