
കൊല്ലം ∙ പൈനാപ്പിൾ പുളിശ്ശേരി, പനീർ കറി, എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മൊയ്ലി, കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്, ലെമൺ റൈസ്, കടല മസാല ഓരോ മാസവും 20 ദിവസം സ്കൂളിൽ ചോറ് കൂടാതെ നൽകേണ്ട
വിഭവങ്ങളുടെ പുതിയ ലിസ്റ്റാണിത്. ഇതൊക്കെ എങ്ങനെ കൊടുക്കുമെന്നതിന് മാത്രം ഉത്തരമില്ല.
അതിനാൽ ജില്ലയിലെ മിക്ക സ്കൂളുകളിലും പുതിയ മെനു നടപ്പാക്കിത്തുടങ്ങിയിട്ടില്ല. പുതിയ മെനുവിലെ സാധ്യമാകുന്ന ഭക്ഷണങ്ങൾ വിദ്യാർഥികൾക്ക് നൽകിത്തുടങ്ങിയ ചുരുക്കം ചില സ്കൂളുകളുണ്ടെന്നു മാത്രം.
പഴയ മെനു പ്രകാരം ഭക്ഷണം നൽകാൻ തന്നെ അധ്യാപകർ പരക്കം പായുമ്പോഴാണ് പുതിയ മെനു കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചത്.
അധ്യയന വർഷം തുടങ്ങി മാസം ഒന്ന് പിന്നിടുമ്പോൾ തന്നെ ഒരു ലക്ഷത്തിലധികം രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകിയ പ്രധാനാധ്യാപകരുണ്ട്. എന്നെങ്കിലും സർക്കാർ പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇതൊക്കെ.
എൽപി വിഭാഗത്തിൽ ഒരു കുട്ടിക്ക് ദിവസം സർക്കാർ നൽകുന്നത് 6.78 രൂപ.
100 കുട്ടികളുള്ള സ്കൂളിന് 20 ദിവസത്തേക്ക് ആകെ ലഭിക്കുന്നത് 13,560 രൂപ. 30,000 രൂപയോളം 100 കുട്ടികൾക്ക് 20 ദിവസത്തേക്ക് ചെലവ് വരും.
യുപിയിൽ ഒരു കുട്ടിക്ക് സർക്കാർ നൽകുന്നത് 10.17 രൂപ. 100 കുട്ടികളുള്ള സ്കൂളിന് 20 ദിവസത്തേക്ക് ലഭിക്കുക 20,340 രൂപ.
30,000 രൂപയിലധികം ചെലവ് വരുമ്പോഴും പതിനായിരത്തോളം തുക ബാധ്യതയാകും.
അഞ്ഞൂറിലധികം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകരാണ് ലക്ഷക്കണക്കിന് രൂപയുടെ കടം സ്വയം ഏറ്റെടുത്ത് മുന്നോട്ടു പോകുന്നത്. സർക്കാർ നൽകുന്ന തുക ലഭിക്കാൻ മാസങ്ങളെടുക്കും.
അതേ സമയം ഈ വർഷം മുട്ടയ്ക്കും പാലിനുമുള്ള തുക പ്രത്യേകമായി നൽകുന്നത് സ്കൂളുകളുടെ ഭാരം കുറച്ചിട്ടുണ്ട്. മുൻപ് ഒരു കുട്ടിക്കുള്ള ആകെ തുകയിൽ നിന്ന് തന്നെ ഇതും കണ്ടെത്തേണ്ടി വന്നിരുന്നു.
മിക്ക സ്കൂളുകളിലും പ്രധാനാധ്യാപകരുടെ ചുമലിലാണ് ചെലവ് ഭാരം വരുന്നത്.
ചില സ്കൂളുകളിൽ മറ്റ് അധ്യാപകരും മാനേജ്മെന്റും പിടിഎയും ഇതു പങ്കിടുന്നുണ്ട്. അഞ്ഞൂറിൽ താഴെ കുട്ടികളുള്ള ഒരു സ്കൂളിന് ഒരു പാചകത്തൊഴിലാളിയെ മാത്രമാണ് നിയമിക്കാൻ സാധിക്കുക.
499 കുട്ടികളാണെങ്കിലും എല്ലാം പാചകം ചെയ്യാൻ ഈ ഒരു പാചകത്തൊഴിലാളി മാത്രം. പല സ്കൂളുകളിലും അധ്യാപകരുടെയോ പിടിഎയുടെയോ ചെലവിൽ രണ്ടാമതൊരു തൊഴിലാളിയെക്കൂടി നിയമിച്ചിട്ടുണ്ട്.
2 വർഷമായി കറന്റ് ബിൽ അടയ്ക്കുന്നത് സ്വന്തം പോക്കറ്റിൽ നിന്ന്
കുട്ടികൾക്ക് പച്ചക്കറി വാങ്ങുന്നതിനും പാചകവാതകത്തിനുമുള്ള തുക മൂന്നുമാസത്തിൽ ഒരിക്കൽ നൽകുന്നുണ്ടെങ്കിലും വൈദ്യുതി ബിൽ അങ്കണവാടി ജീവനക്കാർ കയ്യിൽ നിന്ന് അടയ്ക്കേണ്ട
അവസ്ഥയാണ്. കൊല്ലം കോർപറേഷന്റെ ഭാഗമായ അഞ്ചാലുംമൂടിലെയും സമീപപഞ്ചായത്തുകളിലെയും അങ്കണവാടികളിലെ ജീവനക്കാർക്ക് 2 വർഷമായി കറന്റ് ബിൽ അടയ്ക്കുന്നതിനുള്ള തുക ലഭിക്കുന്നില്ല. 12,500 രൂപ ഓണറേറിയം ലഭിക്കുന്ന അങ്കണവാടി ടീച്ചറിന് താങ്ങാൻ കഴിയുന്നതിലുമപ്പുറമാണ് പല ചെലവുകളും.
ഓണറേറിയത്തിൽ നിന്ന് 500 രൂപ ക്ഷേമനിധി ഇനത്തിലും ഈടാക്കുന്നുണ്ട്. ബാക്കി 12,000 രൂപ 3 ഗഡുക്കളായിട്ടാണ് നൽകുന്നത്. കുട്ടികളുടെ വിവരങ്ങൾ , ഗർഭിണികളുടെ വിവരങ്ങൾ എന്നിവ ഫോണിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും ഫോൺ ചാർജ് ചെയ്യുന്നതിനോ യാത്രാച്ചെലവിനോ ഒരു രൂപ പോലും ലഭിക്കാത്തതിനാൽ ദുരിതത്തിലാണ് അങ്കണവാടി ജീവനക്കാർ.
‘മുട്ട
ബിർണാണി’ മാത്രം
കൊല്ലം∙ പ്രവേശനോത്സവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും പരിഷ്കരിച്ച മെനു അനുസരിച്ചുള്ള ഭക്ഷണം അങ്കണവാടിക്കുട്ടികൾക്ക് വിളമ്പിത്തുടങ്ങിയില്ല. അധ്യാപകർ കയ്യിലുള്ള കാശ് മുടക്കി കാരറ്റും സവാളയുമൊക്കെ വാങ്ങി തയാറാക്കിയെടുക്കുന്ന ‘മുട്ട
ബിർണാണി’ ആണ് കുരുന്നുകൾക്ക് ആകെയുള്ള ആശ്വാസം. ആഴ്ചയിൽ 6 ദിവസവും പഴയമെനു അനുസരിച്ചാണ് നിലവിൽ കുട്ടികൾക്ക് ആഹാരം നൽകുന്നത്.
സോയ ഡ്രൈ ഫ്രൈയും ഗ്രീൻപീസ് കറിയും പഴം മിക്സും പുലാവുമെല്ലാം ഉൾപ്പെടുന്ന പുതിയ ‘മാതൃക ഭക്ഷണ മെനു’ നടപ്പാക്കുന്നതിനായി കാത്തിരിക്കുകയാണ് കുട്ടികൾ. നിലവിൽ ആഴ്ചയിൽ 3 ദിവസം റാഗിയും ബാക്കി 3 ദിവസം അവലും പ്രാതലായി നൽകുന്ന അങ്കണവാടികളുണ്ട്.
അവലിനു പകരം ചിലയിടങ്ങളിൽ കപ്പലണ്ടി മിഠായിയാണ് നൽകാറുള്ളത്. ആഴ്ചയിൽ 2 ദിവസം മുട്ടയും 2 ദിവസം പാലും ആഴ്ചയിൽ ഒരു ദിവസം മുട്ട
ബിരിയാണിയുമാണ് നൽകുന്നത്. ഫ്രിജ് ഇല്ലാത്തതിനാൽ പച്ചക്കറി സൂക്ഷിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു.
മിക്സി ഇല്ലാത്തതിനാൽ കറികൾക്കു വേണ്ടുന്ന അരപ്പെല്ലാം വീട്ടിൽ നിന്ന് അധ്യാപകർ തന്നെ തയാറാക്കിക്കൊണ്ടു വരണം. അഞ്ചാലുംമൂട്, തൃക്കരുവ, പനയം, തൃക്കടവൂർ, പെരിനാട് എന്നിവിടങ്ങളിലെ 119 അങ്കണവാടികളിൽ 3 ആഴ്ചയായി മുട്ടയും പാലും വിതരണം ചെയ്യുന്നില്ല.
കരാറുകാരനു കാശ് കൊടുത്തിട്ടില്ല. പാലും മുട്ടയും എത്തിക്കാതെ കുട്ടികൾക്കെങ്ങനെ മുട്ട
ബിരിയാണി, മുട്ട ഓംലറ്റ് എന്നിവ നൽകാൻ കഴിയുമെന്നാണ് അങ്കണവാടി ജീവനക്കാരുടെ ചോദ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]