കൊട്ടാരക്കര∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര ഇനി ശ്രദ്ധാകേന്ദ്രമാകും. ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ കോൺഗ്രസ് ആരെ രംഗത്തിറക്കുമെന്നതിലാണ് ആകാംക്ഷ.
അത് അയിഷ പോറ്റി തന്നെയായിരിക്കുമെന്ന സൂചന ശക്തം. സിപിഎമ്മിന്റെ സംഘടനാക്കരുത്തും അയിഷ പോറ്റിയുടെ സ്വീകാര്യതയുമായിരുന്നു 2006 മുതൽ 2021 വരെ കൊട്ടാരക്കര മണ്ഡലത്തിൽ സിപിഎം വിജയത്തിന്റെ ഫോർമുല. 2016 ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച അയിഷ പോറ്റിക്കു പകരം കഴിഞ്ഞ തവണ കെ.എൻ ബാലഗോപാൽ വന്നു മണ്ഡലം നല്ല മാർജിനിൽ നിലനിർത്തി.
കൊട്ടാരക്കരയിൽ ബാലഗോപാലിനു രണ്ടാം ടേം സുനിശ്ചിതം എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സിപിഎം നേതൃത്വത്തിനു ഞെട്ടലാണ് അയിഷ പോറ്റിയുടെ പാർട്ടി വിടൽ. ആർ.ബാലകൃഷ്ണപിള്ളയുടെ സ്വന്തം തട്ടകം എൽഡിഎഫിനായി തിരികെ പിടിച്ച അയിഷ പോറ്റി പിന്നീട് ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടേയിരുന്നു.
കൊട്ടാരക്കര ബാറിലെ അഭിഭാഷകയും സിപിഎം അനുഭാവിയുമായിരുന്ന അയിഷ പോറ്റി 2000ൽ കൊട്ടാരക്കര ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചാണ് തുടക്കം. ആദ്യ മത്സരത്തിൽ വെറും 126 വോട്ടിനായിരുന്നു ജയം.
2003 മുതൽ 2005 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
2005ൽ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 2006ലെ നിയമസഭാ അസംബ്ലി തിരഞ്ഞെടുപ്പിൽ 12087 വോട്ടിന് പിള്ളയെ അട്ടിമറിച്ചു. ഒട്ടേറെ വികസന പദ്ധതികൾക്ക് ഇക്കാലത്ത് തുടക്കം കുറിച്ചു.
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി വികസനം എന്നിവയ്ക്ക് തുടക്കമിട്ടതും ഇക്കാലത്താണ്. 2011ൽ രണ്ടാമതും അയിഷപോറ്റി സ്ഥാനാർഥിയായി.
ഡോ.എൻ.എൻ.മുരളി ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. 2016ൽ അയിഷപോറ്റിയുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായി. സുരക്ഷിത മണ്ഡലമെന്ന നിലയിൽ സീറ്റ് മോഹികളായ ഒട്ടേറെ പേർ രംഗത്തെത്തി. അയിഷപോറ്റി വേണ്ടെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെയും തീരുമാനം.
ഒടുവിൽ സംസ്ഥാന കമ്മിറ്റിക്കു മറിച്ചു തീരുമാനിക്കേണ്ടി വന്നു.
1000 കോടി രൂപയുടെ വികസനം കൊട്ടാരക്കരയിൽ നടപ്പാക്കിയെന്ന അവകാശവാദവുമായാണു 2021ൽ അയിഷപോറ്റി സീറ്റ് പ്രതീക്ഷിച്ചത്. രാഷ്ട്രീയ മാറ്റം എന്ന അഭ്യൂഹം ശക്തമായതോടെ പല വാഗ്ദാനങ്ങളും അവർക്കായി എത്തി.
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും പ്രചാരണവും ഉണ്ടായി. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടയ്ക്കിടെ അയിഷ പോറ്റിയെ വസതിയിൽ സന്ദർശിക്കാറുണ്ടായിരുന്നു. അവർ തമ്മിൽ നല്ല ബന്ധവുമാണ്.
പക്ഷേ, പുതിയ രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചന അവർ അടുത്ത സുഹൃത്തുക്കൾക്ക് പോലും നൽകിയില്ല.
അവസരവാദം, എല്ലാം അവർ മറന്നുപോയി: സിപിഎം
കൊല്ലം ∙ പി. അയിഷ പോറ്റി സ്വീകരിച്ചത് തികച്ചും അവസരവാദപരമായ നിലപാടാണെന്നു സിപിഎം ജില്ലാ കമ്മിറ്റി.
2 തവണ ജില്ലാപഞ്ചായത്തിലേക്ക് മത്സരിപ്പിച്ചു ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കുകയും 3 തവണ കൊട്ടാരക്കരയിൽ നിന്നു മത്സരിപ്പിച്ച് 15 വർഷം എംഎൽഎ ആക്കുകയും ചെയ്തതു സിപിഎമ്മും ഇടതുപക്ഷവുമാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കാൻ അവസരം നൽകിയതും പാർട്ടിയാണ്. കേരള ബാർ കൗൺസിലിൽ അംഗമായി സർക്കാർ തീരുമാനിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സ്ഥിരമായി ചുമതലകൾ നിർവഹിക്കാതെ അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്തുകൊണ്ടിരുന്നത്.
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും പ്രാദേശിക പ്രവർത്തകരും പാർട്ടി നൽകിയ ചുമതലകൾ നിർവഹിക്കണമെന്ന് പലതവണ അവരോടു അഭ്യർഥിച്ചിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം ശാരീരികമായും കുടുംബപരമായും ചില വിഷയങ്ങൾ ഉള്ളതുകൊണ്ടു സജീവമാകാൻ സാധിക്കുന്നില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു.
അധികാരമുള്ളപ്പോൾ പാർട്ടിയോടൊപ്പം നിൽക്കുകയും അധികാരമില്ലാത്തപ്പോൾ പ്രവർത്തനത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഇടതുപക്ഷ പ്രവർത്തകയ്ക്ക് ചേർന്ന നിലപാടല്ല.
പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളാണ് അയിഷ പോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് ഒരു നിമിഷം കൊണ്ടു അവർ മറന്നുപോയത് ഏറെ ഖേദകരമാണ്. എങ്ങനെയും അധികാരം നേടുക എന്ന യുഡിഎഫിന്റെ കുതന്ത്രങ്ങളും വിലകുറഞ്ഞ പ്രചാരണങ്ങളും കേരളത്തിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും ജില്ലാ കമ്മിറ്റി ആക്ടിങ് സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

