കൊട്ടിയം∙ ജംക്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
തീപിടിത്തം ഉണ്ടായപ്പോൾ മുറിക്കുള്ളിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാർ ഒാടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കൊട്ടിയം ജംക്ഷനിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിന് അരികിലുള്ള ഷാർപ് സ്റ്റുഡിയോയുടെ മൂന്നാം നിലയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.45ന് തീപിടിത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു നിഗമനം. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
സ്റ്റുഡിയോയുടെ മൂന്നാം നിലയിലെ ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമിച്ച ഭാഗത്താണ് തീപിടിച്ചത്.
അഗ്നി രക്ഷാ സേനയുടെ കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള 8 യൂണിറ്റുകൾ എത്തി അര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിമിഷനേരം കൊണ്ടു സ്റ്റുഡിയോയുടെ മുകൾ ഭാഗം വലിയ സ്ഫോടനത്തിന് സമാനമായി മാറി.
കെട്ടിടത്തിൽ നിന്നു തീയും കറുത്ത പുകയും ഉയർന്നതോടെ സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലുള്ളവരും കൊട്ടിയം ജംക്ഷനിലും റോഡിൽ ഉണ്ടായിരുന്നവരും പരിഭ്രാന്തരായി ദൂരേക്ക് ഒാടി മാറി. കടയ്ക്കുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
സ്റ്റുഡിയോയുടെ താഴത്തെ നിലയിലെ ഗ്ലാസ് ചില്ലുകളും പൊട്ടിത്തെറിച്ചു.
പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധം മൂലം പലർക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. സമീപത്തെ കെഎസ്ഇബി വൈദ്യുതി കേബിളുകളിലേക്കും തീ പടർന്നു.
പിന്നീട് കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചു. സമീപത്തെ മറ്റൊരു കെട്ടിടത്തിനും ഭാഗികമായി തീപിടിച്ചു.
ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൊട്ടിയം, പരവൂർ, കണ്ണനല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഒാഫിസർമാരുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘവും റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തത്തെക്കുറിച്ച് ഫൊറൻസിക് അന്വേഷണം നടത്തുമെന്ന് കൊട്ടിയം എസ്എച്ച്ഒ പി.പ്രദീപ് പറഞ്ഞു.
വൈകിട്ടും രാത്രിയിലും വീണ്ടും തീ
കൊട്ടിയം∙ അഗ്നിരക്ഷാസേന തീ അണച്ചു മടങ്ങിയ ശേഷം അതേ സ്ഥലത്ത് വീണ്ടും രണ്ടുവട്ടം തീ ഉയർന്നു.
കൊട്ടിയത്തെ ഷാർപ്പ് സ്റ്റുഡിയോയിലാണ് വൈകിട്ട് 6നും രാത്രി 9.30യ്ക്കും തീ പിടിച്ചത്. കടപ്പാക്കടയിൽ നിന്നുള്ള യൂണിറ്റ് എത്തി തീ കെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

