കുണ്ടറ∙ മ്യാൻമറിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട കുണ്ടറ സ്വദേശി വിഷ്ണുവിനെ ചൊവ്വാഴ്ചയോടെ ബാങ്കോക്കിലെത്തിക്കാൻ കഴിയുമെന്നു പ്രതീക്ഷ.
നിലവിൽ മ്യാൻമർ – തായ്ലൻഡ് അതിർത്തിയിലെ ഡിറ്റൻഷൻ സെന്ററിലാണ്. ജോർദാനിൽ ജോലിക്കായി പോയ കുണ്ടറ 10-ാം വാർഡ് കല്ലുവിള പുത്തൻ വീട്ടിൽ ശ്രീനാരായണന്റെയും പ്രീതയുടെയും മകൻ പി.എസ് വിഷ്ണുവാണ് മ്യാൻമറിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായത്.
വിഷ്ണുവിന്റെ മോചനത്തിനായി 5 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് നൽകിയെന്ന് ബന്ധുക്കൾ പറഞ്ഞു.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെരിന്തൽമണ്ണയിലെ ഏജന്റ് വഴിയാണ് ജോലിക്കായി ശ്രമിച്ചത്. വീസയ്ക്കായി 2.30 ലക്ഷം രൂപ ഏജന്റിന് നൽകി.
ഇന്റർവ്യൂവിനായി പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ ജോർദ്ദാനിലേക്കുള്ള വീസ താമസിക്കുമെന്നും തായ്ലൻഡിൽ ഹോട്ടലിൽ റിസപ്ഷനിസ്റ്റിന്റെ ഒഴിവുണ്ടെന്നും പറഞ്ഞു. 1000 ഡോളർ ശമ്പളം ഉണ്ടെന്നാണ് സംഘം അറിയിച്ചിരുന്നത്.
അതിന് തയാറാണെന്ന് അറിയിച്ചപ്പോൾ 2 ദിവസത്തിനുള്ളിൽ വീസയും ടിക്കറ്റും നൽകി.
തുടർന്ന് ഏപ്രിൽ 27 ന് കൊച്ചിയിൽ നിന്ന് ചെന്നൈ വഴി തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെത്തി. ഇവിടെ സ്വീകരിക്കാൻ എത്തിയവർ കാറിൽ മ്യാൻമർ – തായ്ലൻഡ് അതിർത്തിയിൽ എത്തിക്കുകയായിരുന്നു.
ചെന്നയുടൻ തന്നെ മൊബൈൽ ഫോൺ വാങ്ങി വച്ചു. ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിലേക്ക് വിളിക്കാൻ ഫോൺ നൽകിയിരുന്നുള്ളൂ.
ജോലി തുടങ്ങിയപ്പോഴാണ് ടെലികോളിങ് ആണെന്ന് മനസ്സിലായത്.
പിന്നീടാണ് ആൾക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിന്റെ പിടിയിലാണെന്നു തിരിച്ചറിഞ്ഞത്. ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ പണം നൽകിയാൽ മാത്രമേ മോചിപ്പിക്കുകയുള്ളുവെന്നും സംഘം അറിയിച്ചു.
തുടർന്ന് ആഹാരം പോലും നൽകാതെ പൂട്ടിയിടുകയായിരുന്നു. മോചിപ്പിക്കുന്നതിനു 3000 ഡോളറും 3 ബാങ്ക് അക്കൗണ്ട് നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു.
ഇവ നൽകിയില്ല എങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നായി. ഇതോടെയാണ് ബന്ധുക്കൾ എൻ.
കെ.പ്രേമചന്ദ്രൻ എംപിക്ക് പരാതി നൽകിയത്.
ബന്ധുക്കൾ മോചനദ്രവ്യം നൽകിയതിനാൽ ഈ മാസം 8ന് മ്യാൻമർ അതിർത്തി കടത്തി ബസ് കയറ്റിവിടുകയായിരുന്നു. ബസ് ചെക്പോസ്റ്റിലെത്തിയപ്പോഴാണ് തായ്ലാൻഡ് അധികൃതർ പിടികൂടിയത് വീസയുടെ കാലാവധി കഴിഞ്ഞതിനാൽ ഫൈൻ അടപ്പിച്ചു.
എമിഗ്രേഷൻ ഓഫിസിൽ ഉൾപ്പെടെ ഫൈൻ അടച്ചെങ്കിലും ഡിറ്റൻഷൻ സെന്ററിലാക്കുകയായിരുന്നു.
എംബസിയുമായി ബന്ധപ്പെട്ടപ്പോൾ മൂന്ന് ദിവസം കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. അവിടെ നിന്ന് മോചിപ്പിച്ചശേഷം ബാങ്കോക്കിലെത്തുമ്പോൾ എംബസി സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
45 പേരാണ് വിഷ്ണുവിനൊപ്പം സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്. ആർക്കും പരസ്പരം അറിയില്ല.
എല്ലാവർക്കും കോഡുകൾ നൽകിയിട്ടുണ്ട്. അഞ്ച് മലയാളികളും നാൽപ്പതോളം ഹിന്ദിക്കാരും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞെതെന്നു വിഷ്ണുവിന്റെ ബന്ധുക്കൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]