കൊല്ലം ∙ നവീകരണത്തിന്റെ ഭാഗമായി കൊല്ലം ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോം അടക്കമുള്ള ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം വരുത്താനും അനുമതി ലഭിച്ചു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും ആറര മണിക്കൂർ സമയമാണ് പ്രധാന ഇടങ്ങളിൽ നിർമാണ പ്രവർത്തനം നടത്താൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയത്.
നവംബർ 14 വരെ 65 ദിവസത്തേക്ക് രാവിലെ 10.45 മുതൽ ഉച്ചയ്ക്കു 12.15 വരെയും രാത്രി 10.30 മുതൽ പുലർച്ചെ 3.30 വരെയുമാണ് നിർമാണ പ്രവൃത്തികൾ നടത്തുക. എന്നാൽ എല്ലാ ദിവസവും നിർമാണ പ്രവൃത്തികൾ ഉണ്ടാവില്ല.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മുറികൾ, എയർ കോൺകോഴ്സ് കോളങ്ങൾ, ട്രസിൽ ബീമുകൾ എന്നിവയുടെ നിർമാണത്തിനും പൊളിക്കാതിരുന്ന പ്രധാന കെട്ടിടത്തിലെ സൗത്ത് ടെർമിനലിലെ ഭാഗം പൊളിച്ചു മാറ്റുന്നതിനും വേണ്ടിയാണ് നിയന്ത്രണം.
നിർമാണ പ്രവർത്തനം നടത്തുന്ന സമയത്ത് ഒന്നാം പ്ലാറ്റ്ഫോമിലൂടെ പോകേണ്ട ട്രെയിനുകൾ രണ്ടോ മൂന്നോ അതോ ഒഴിവുള്ള മറ്റു പ്ലാറ്റ്ഫോമുകളിലൂടെയോ തിരിച്ചുവിടും.
ഇങ്ങനെ വരുമ്പോൾ ട്രെയിനുകൾ കൊല്ലം സ്റ്റേഷനിൽ 20 മിനിറ്റോളം അധികം വേണ്ടിവരും. കൂടുതൽ ജീവനക്കാരെ നിയമിച്ചു പ്രവർത്തനം സുഗമമായി നടത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേ.
രാവിലെ 10.30ന് ശേഷം തിരുവനന്തപുരത്തേക്കു പോകുന്ന കൊല്ലം–കന്യാകുമാരി മെമു മറ്റൊരു പ്ലാറ്റ്ഫോമിലായിരിക്കും നിർമാണം നടക്കുന്ന ദിവസങ്ങളിൽ നിർത്തുക.
നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന സമയങ്ങളിൽ മറ്റു പ്രധാന ട്രെയിനുകൾ കൊല്ലം വഴി കടന്നുപോകുന്നില്ല. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം സർവീസ് നടത്തുന്ന തിരുവനന്തപുരം നോർത്ത് സ്പെഷൽ അടക്കമുള്ള ട്രെയിനുകൾ രാവിലെ ഈ സമയങ്ങളിൽ കടന്നുപോകുന്നുണ്ട്.
ഈ ട്രെയിനുകളുടെ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരും.
ഏറ്റവും കുറവ് ട്രെയിനുകളും യാത്രക്കാരുമുള്ള സമയമാണ് ഇതെന്നും അതിനാലാണ് രാവിലെയും രാത്രിയിലും ഈ സമയം തിരഞ്ഞെടുത്തതെന്നും യാത്രക്കാർക്ക് നിയന്ത്രണം മൂലം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നും അധികൃതർ പറയുന്നു. കൊല്ലം ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ മാസങ്ങൾക്കു മുൻപ് സ്റ്റേഷന് മുന്നിലെ താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഇതടക്കമുള്ള പല മാറ്റങ്ങളും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് പരാതികളുണ്ട്.
നവീകരിച്ച റെയിൽവേ സ്റ്റേഷൻ 2026 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു നാടിന് സമർപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]