കൊല്ലം∙ പൊതുമരാമത്തിന്റെ കീഴിലുള്ള എല്ലാ മേൽപാലങ്ങൾക്കും അടിയിൽ വി പാർക്ക് മാതൃകയിൽ വിനോദ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്നലെ കൊല്ലം എസ്പി ഒാഫിസ് മേൽപാലത്തിന് അടിയിലുള്ള വി–പാർക്ക് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടൂറിസം വകുപ്പും പൊതുമരാമത്തും സംയുക്തമായിട്ടായിരിക്കും ഇതിനുള്ള നടപടികൾ കൈക്കൊള്ളുക. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പദ്ധതി പ്രകാരമായിരിക്കും ഇവ നടപ്പിലാക്കുക.
സ്വകാര്യ വ്യക്തികൾക്കോ സഹകരണ സംഘങ്ങൾക്കോ പാർക്ക് നടത്താൻ താൽപര്യമുണ്ടെങ്കിൽ മതിയായ പരിശോധനകൾക്കു ശേഷം എൻഒസി നൽകും.
കേരളത്തിൽ ആകെ 10 പാർക്കുകളുടെ നിർമാണം ഈ സർക്കാരിന്റെ കാലത്തു തന്നെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലത്തെ വി–പാർക്കാണ് അതിന്റെ മാതൃകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ഡിവൈഎഫ്ഐ നേതാവ് അരുൺ ബാബു എന്നിവരും ഉണ്ടായിരുന്നു.
ചെക്ക് വച്ച് മന്ത്രി
കൊല്ലം∙വി–പാർക്ക് സന്ദർശിക്കാനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ചെസ് കളിച്ച് എതിർ കളിക്കാരന്റെ രാജാവിന് ചെക്ക് വച്ചു.
ഇന്നലെ രാത്രി 10നാണ് മന്ത്രി മുഹമ്മദ് റിയാസ് വി–പാർക്ക് സന്ദർശിക്കാൻ എത്തിയത്. പാർക്ക് നോക്കി കാണവേ ഈ സമയം അവിടെ ചെസ് കളി നടക്കുകയായിരുന്നു.
ചെസ് കളിയോട് പണ്ടേ താൽപര്യമുള്ള മന്ത്രിക്ക് ചെസ് കളിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചതോടെ കളിയിൽ നിന്ന് ഒരാൾ മാറി. ഒടുവിൽ എതിർ കളിക്കാരന്റെ രാജാവിന് ചെക്ക് വച്ചു കളിയിൽ വിജയിക്കുകയും ചെയ്തു. പാർക്കിലെ കുട്ടികളുടെ റോളർ സ്കേറ്റിങ്, ഒാപ്പൺ ജിം എന്നിവ കാണുകയും ബാഡ്മിന്റൻ കൂടി കളിച്ച ശേഷമാണ് മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]