
ചവറ∙ ടൂറിസ്റ്റ് വീസയിൽ ഇസ്രയേലിൽ എത്തിച്ച് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ചാലിപ്പാടം നരിപാറമ്പിൽ ഹൗസിൽ ജിൻസ് (29) ആണ് അറസ്റ്റിലായത്.
ആഡംബര കാറിൽ സഞ്ചരിച്ചു വൻകിട ഹോട്ടലുകളിൽ താമസിച്ചു വരികയായിരുന്നു.
കൊച്ചി കടവന്ത്രയിലെ ഹോട്ടലിൽ നിന്ന് വ്യാഴം രാത്രി ചവറ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജില്ലയിൽ ഇരുപതിലധികം പേരാണ് തട്ടിപ്പിനിരയായത്. 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഇയാൾ വാങ്ങിച്ചുവെന്നു പരാതിക്കാർ പറയുന്നു.
ചവറ മേനാമ്പള്ളി സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. വടക്കുംതല സ്വദേശിയും തട്ടിപ്പിനിരയായിട്ടുണ്ട്.
ഇവരിൽ നിന്നു 2023 ഏപ്രിൽ മുതൽ 2025 ഏപ്രിൽ 23 വരെ പലതവണയായി 4 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന സ്ത്രീ വഴിയാണ് ഇയാൾ ഇടപാടുകാരുമായി ബന്ധപ്പെട്ടത്.
എന്നാൽ പണം ജിൻസന്റെ അക്കൗണ്ടിലേക്കാണ് പലരും അയച്ചത്.
ഐഎംടിഎം എന്ന കമ്പനി ഇസ്രയേലിൽ സംഘടിപ്പിക്കുന്ന മൈയോളോ ട്രിപ് എന്ന പരിപാടിയിലേക്ക് ടൂറിസ്റ്റ് വീസ തരപ്പെടുത്തി നൽകാമെന്നും അവിടെ എത്തിയാൽ നല്ല ശമ്പളത്തോടെ ജോലി കിട്ടുമെന്നും വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിക്കൽ. ഇയാളെ പിടികൂടിയതറിഞ്ഞ് തട്ടപ്പിനിരയായ ഒട്ടേറെപ്പേർ ചവറ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐ ബി.ഓമനക്കുട്ടൻ, സിപിഒ ജയകൃഷ്ണൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]