
കൊല്ലം∙ റെയിൽവേ സ്റ്റേഷൻ നിർമാണത്തിനിടെ മുകളിൽ നിന്ന് ഇരുമ്പ് തൂൺ വീണ് രണ്ടു യാത്രക്കാർക്ക് പരുക്ക്. പെരിനാട് നീരാവിൽ മേലേപുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് മേത്തര ആശാലത (52) എന്നിവർക്കാണ് പരുക്കേറ്റത്.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ സുധീഷിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഏറെ തിരക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം.
സെക്രട്ടേറിയറ്റ് ജീവനക്കാരനായ സുധീഷ് രാവിലെ തിരുവനന്തപുരത്തേക്കു പോകാനാണ് എത്തിയത്. മൈനാഗപ്പള്ളി കടപ്പ സ്കൂളിലെ അധ്യാപികയായ ആശാലത എറണാകുളം–കൊല്ലം മെമുവിൽ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങി ഒന്നിലേക്കു വന്നപ്പോഴാണ് അപകടമുണ്ടായത്.ശാസ്താംകോട്ടയിലെ ഹോസ്റ്റലിലാണ് ആശാലത താമസിക്കുന്നത്.
കൊല്ലം ടിടിഐയിൽ അധ്യാപക പരിശീലനത്തിനായാണ് ഇവിടെയെത്തിയത്. ആശയുടെ തലയിൽ ആറ് തുന്നലുകളുണ്ട്.
തുടർന്ന് വട്ടിയൂർക്കാവിലെ വീട്ടിലേക്ക് അവർ മടങ്ങി. സുധീഷിന്റെ രക്തസ്രാവം കുറയാത്തതു കൊണ്ടാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സ്റ്റേഷനിലെ ബഹുനില ഓഫിസ് സമുച്ചയ നിർമാണ സ്ഥലത്ത് കോൺക്രീറ്റ് തട്ടിന് താങ്ങായി ഉപയോഗിച്ചിരുന്ന ജിഐ പൈപ്പ് കൊണ്ടുള്ള തൂൺ വീണാണ് അപകടമുണ്ടായത്.
നാലാം നിലയിലെ നിർമാണത്തിനിടെയാണ് സംഭവം. കോൺക്രീറ്റ് തട്ട് എടുക്കുന്നതിന്റെ ഭാഗമായി സുരക്ഷയ്ക്കായി നെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.തട്ട് മാറ്റുകയായിരുന്ന തൊഴിലാളിക്ക് ചുവടുപിഴച്ചപ്പോഴാണ് സുരക്ഷാ നെറ്റും തുളച്ച് തൂൺ വീണതെന്ന് കരാറുകാരൻ പറഞ്ഞു.
മറ്റു മൂന്നു പൈപ്പുകളും താഴെ വീണെങ്കിലും ഒന്നു മാത്രമാണ് പ്ലാറ്റ്ഫോമിൽ പതിച്ചത്. തൊഴിലാളി സേഫ്റ്റി ബെൽറ്റ് ധരിച്ചതു കൊണ്ട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
അപകട
സാധ്യത കണക്കിലെടുത്ത് നിർമാണ സ്ഥലത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ ടിൻഷീറ്റ് അടിച്ച് വേലികെട്ടി വേർതിരിച്ചിട്ടുണ്ട്. ബാക്കി തൂണുകൾ എല്ലാം വേലിക്കുള്ളിലാണ് വീണത്.
എന്നാൽ, ഒരു തൂൺ താഴെയുണ്ടായിരുന്ന ഇരുമ്പു തൂണിൽ തട്ടി പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുന്ന ദീർഘദൂര ട്രെയിനുകളുടെ ജനറൽ കോച്ചുകൾ അവിടെയാണ് നിർത്തുന്നത്. അതുകൊണ്ടു തന്നെ രാവിലെ സമയത്ത് നല്ല തിരക്കായിരുന്നു.
ചെന്നൈ–തിരുവനന്തപുരം മെയിൽ പോയതിനു ശേഷമായിരുന്നു അപകടം. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയ സമയത്തായിരുന്നുവെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂടുമായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
കൊല്ലം ∙ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടം ഉണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
പ്ലാറ്റ്ഫോമിലടക്കം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.അപകടമുണ്ടായാൽ അടിയന്തരമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും സ്റ്റേഷനിൽ ഇല്ലെന്നും ഉടൻ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
അപകടം നടന്നത് ട്രെയിൻ പ്ലാറ്റ്ഫോം വിട്ട ശേഷം; നിർമാണം എല്ലാ സുരക്ഷയും പാലിച്ചെന്ന് റെയിൽവേ
കൊല്ലം∙ റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുമ്പോഴാണ് അപകടമുണ്ടായത്.
അടുത്ത വർഷം ജനുവരിയിൽ ഉദ്ഘാടനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണം പുരോഗമിക്കുന്നത്. എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് റെയിൽവേ അധികൃതരും നിർമാണ കരാറുകാരനും പറഞ്ഞു.
നിർമാണ മേഖലയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ സൂക്ഷിക്കണമെന്നുള്ള ബോർഡുകൾ സ്റ്റേഷന്റെ പലസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
ഓഫിസ് സമുച്ചയ നിർമാണ മേഖലയിലാണ് ഇന്നലെ അപകടമുണ്ടായത്. നിർമാണ സാമഗ്രികൾ താഴേക്ക് പതിച്ച് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നെറ്റുകൾ സ്ഥാപിച്ചാണ് നിർമാണം.
ഇവിടെയും സുരക്ഷാ നെറ്റുകളുണ്ടായിരുന്നെങ്കിലും താഴേക്ക് പതിച്ച നാലു പൈപ്പുകളുടെ ഭാരം താങ്ങാനാകാതെ നെറ്റും പൊട്ടിയാണ് അപകടം.
സുരക്ഷയുടെ ഭാഗമായി നിർമാണ മേഖലയെയും പ്ലാറ്റ്ഫോമുകളെയും വേർതിരിച്ച് ടിൻഷീറ്റ് വേലിയുമുണ്ട്. ഒന്നാം പ്ലാറ്റ്ഫോമിലാണ് ഓഫിസ് സമുച്ചയം ഉയരുന്നത്.
5 നില കെട്ടിടത്തിന്റെ നാലാം നിലയില് നിന്നാണ് പൈപ്പ് താഴേക്ക് വീണത്. ട്രെയിൻ പ്ലാറ്റ്ഫോം വിട്ടതിനു ശേഷമായിരുന്നു അപകടം.
അല്ലെങ്കിൽ കൂടുതൽ പേർക്ക് പരുക്കേൽക്കുമായിരുന്നെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
പരുക്കേറ്റവരുടെ ചികിത്സച്ചെലവ് ഏറ്റെടുക്കണം: പ്രേമചന്ദ്രൻ
കൊല്ലം ∙ ഇരുമ്പു തൂൺ വീണു പരുക്കേറ്റ യാത്രക്കാരുടെ ചികിത്സച്ചെലവ് പൂർണമായും റെയിൽവേ ഏറ്റെടുക്കണമെന്നും സഹായധനം അനുവദിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
2 യാത്രക്കാർക്കു പരുക്കേറ്റ സംഭവം ഗൗരവമായി കാണണമെന്നു ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിനംപ്രതി നൂറു കണക്കിനു യാത്രക്കാർ എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനിൽ നിർമാണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എംപി ആവശ്യപ്പെട്ടു.
അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു
കൊല്ലം∙ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലെ അപകടം സംബന്ധിച്ച് വിശദമായി അന്വേഷണത്തിന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഉത്തരവിട്ടു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. നിലവിലെ സുരക്ഷാ സംവിധാനങ്ങളുടെ പിഴവ് പരിശോധിക്കും.
പിഴവുകൾ കണ്ടെത്തിയാൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കും. അപകടത്തിന് ഇരയായവർക്ക് അതിവേഗം ചികിത്സാ സഹായം ലഭ്യമാക്കുന്നതിൽ റെയിൽവേ പൊലീസ് സഹായിച്ചു.
റെയിൽവേ ഡോക്ടർമാരുടെ സേവനവും ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കിയിരുന്നെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഗൗരവത്തോടെ കാണണം: സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
കൊല്ലം∙ നിർമാണത്തിനിടെ ഇരുമ്പു തൂൺ വീണ് പ്ലാറ്റ്ഫോമിൽ നിന്ന യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഗൗരവത്തോടെ കാണണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുവേണം നിർമാണം നടത്താനെന്നും സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സജീവ് പരിശവിള, ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാം എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]