പുനലൂർ ∙ മലയോര ഹൈവേയും കൊല്ലം – തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പുനലൂരിന്റെ ഹൃദയഭാഗമായ കെഎസ്ആർടിസി മൈതാനത്തു രാത്രി സമയത്തു വെളിച്ചമില്ല. ഹൈമാസ്റ്റ് ലൈറ്റും മറ്റു ലൈറ്റുകളും കണ്ണടച്ചിട്ട് മാസങ്ങളായി.
2 പ്രധാന പാതകൾ സംഗമിക്കുന്ന ഇവിടെ പകൽ സമയത്തു പോലും ഡ്രൈവർമാർക്ക് വളവു തിരിഞ്ഞു പോകുന്നതിനെപ്പറ്റി ആശങ്കകൾ ഉണ്ടായിരിക്കെ ആണു രാത്രിയിലെ ഇരുട്ടും വെല്ലുവിളി ആകുന്നത്.
തമിഴ്നാടിന്റെ ബസുകൾ അടക്കം രാത്രിയിൽ ഇതുവഴി സർവീസ് നടത്തുന്നതിനാൽ ഇവിടെ ട്രാഫിക് ഐലൻഡിന് സമീപം നിന്നാണു യാത്രക്കാർ ബസ് കയറുന്നത്. കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ഇറങ്ങി പല ഭാഗങ്ങളിലേക്ക് പോകുന്നവരും കൂരിരുട്ടിലൂടെയാണു നടക്കുന്നത്.
ബസ് ഡിപ്പോക്കു മുൻഭാഗത്തു മാത്രമാണു അൽപം വെളിച്ചം ഉള്ളത്. സുരക്ഷിതമായി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കാൽനടയായി പോകാൻ സാധിക്കാത്ത സ്ഥിതിയാണു നിലവിൽ.
എന്നാൽ, ടിബി ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് നിലവിൽ പ്രകാശിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളെല്ലാം ഇരുട്ടിൽ ആയത് രാത്രിയിൽ കാൽനടയാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഈ മേഖലയിൽ തെരുവുനായ ശല്യവും ഉണ്ട്.
പാലരുവി എക്സ്പ്രസിൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് എത്തുമ്പോഴും കെഎസ്ആർടിസി മൈതാനിയിലെ കൂരിരുട്ട് യാത്രക്കാരെ ഭീതിപ്പെടുത്തുന്നു. പുലർച്ചെ 4 മുതൽ നിർമാണ തൊഴിലാളികളും ദൂരസ്ഥലങ്ങളിലേക്കു ജോലിക്ക് പോകുന്നവരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് കാൽനടയായി കെഎസ്ആർടിസി ഡിപ്പോയിൽ എത്തുന്നത്.
നിലവിൽ ഇവിടെ ഇരുട്ട് ആയതിനാൽ യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു രാത്രിയിൽ കൃത്യമായി തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണം എന്നാണ് ആവശ്യം.
എന്നാൽ, ഈ വിഷയത്തിൽ ആരും ഇടപെട്ടിട്ടില്ല.
ഡിപ്പോയിലെ സ്ഥലപരിമിതി കാരണം ബസുകൾ കെഎസ്ആർടിസി മൈതാനിയുടെ പല ഭാഗത്തുമായി ആണു നിർത്തിയിട്ടിരിക്കുന്നത്. ഈ ബസുകൾ ഒളിച്ചു കയറുന്ന സാമൂഹികവിരുദ്ധരുടെ ശല്യവും വർധിച്ചിട്ടുണ്ട്.
അടിയന്തരമായി അധികൃതർ ഇടപെട്ട് കെഎസ്ആർടിസി മൈതാനിയിലെ ഹൈമാസ്റ്റ് ലൈറ്റും സമീപത്തെ തെരുവുവിളക്കുകളും പ്രവർത്തിക്കുന്ന നിലയിലാക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് ചൗക്കയിൽ നിന്നു പോകുന്ന റോഡിലും മതിയായ വെളിച്ചമില്ല. എന്നാൽ, പോസ്റ്റ് ഓഫിസ് ജംക്ഷൻ അടക്കമുള്ള ഭാഗങ്ങളിലും കച്ചേരി റോഡിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നുണ്ട് താനും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

