പത്തനാപുരം∙ ടൗണിനടുത്ത് കാട്ടാനയെത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച് വനം വകുപ്പും ഫാമിങ് കോർപറേഷനും. ടൗണിൽ നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെ ഫാമിങ് കോർപറേഷന്റെ ഇളപ്പുപാറ ഭാഗത്താണ് കാട്ടാനയെത്തിയത്.
കോർപറേഷന്റെ തന്നെ പറങ്കിമാവിൻ തോട്ടത്തിൽ തമ്പടിച്ച എട്ടോളം കാട്ടാനകളിൽ ചിലതാണ് ഇവിടെയെത്തിയത്. മാങ്കോട്–പാടം, തൊണ്ടിയാമൺ –പൂങ്കുളഞ്ഞി മേഖലകളിൽ നിന്നും പത്തനാപുരത്തേക്ക് വേഗത്തിലെത്താൻ കഴിയുന്ന പാതയുടെ ഭാഗമാണ് ഇവിടം.
ഇന്നലെ വൈകിട്ട് 5ന് വെട്ടി അയ്യം ഭാഗത്ത് ഫാമിങ് കോർപറേഷന്റെ റബർ പ്ലാന്റേഷനിൽ കൈത നട്ട
ഭാഗത്ത് രണ്ട് കാട്ടാനകളെ കണ്ടിരുന്നു. ബഹളം വച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വനവുമായി ഏറെ അകലെയുള്ള ഇവിടെ കാട്ടാന എങ്ങിനെയെത്തിയെന്നതു വ്യക്തമല്ല.
പരിഭ്രാന്തിയിലായ നാട്ടുകാർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലുമായി.
പുലർച്ചെയും രാത്രിയിലും സദാ സമയവും വാഹനങ്ങളും കാൽനട യാത്രക്കാരും പോകുന്ന വഴിയിൽ പതിവായി കാട്ടാനയെത്തുന്നത് ഒഴിവാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫാമിങ് കോർപറേഷൻ ജീവനക്കാരെ ആനക്കാവൽ എന്ന പേരിൽ ഇവിടെ നിയോഗിച്ചത് മാത്രമാണ് ആകെയുള്ള ആശ്വാസം.
ജീവനിൽ ഭയമുള്ളതിനാൽ ആനക്കാവലിന് പോകാൻ ജീവനക്കാരും വിസമ്മതിക്കുന്നു.
കോർപറേഷൻ മാനേജ്മെന്റിന്റെയും വനം വകുപ്പിന്റെയും ഉദാസീന നിലപാടിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
കോർപറേഷൻ മാനേജ്മെന്റിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇന്നലെ ചിതൽവെട്ടിയിൽ ചേർന്ന ഐഎൻടിയുസി പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. വനം –കോർപറേഷൻ അധികൃതർ നടത്തുന്ന തൊഴിലാളി അവഗണന അവസാനിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത യൂണിയൻ പ്രസിഡന്റ് സി.ആർ.നജീബ് ആവശ്യപ്പെട്ടു.
സോണി, സജീവ് തൊണ്ടിയാമൺ, ഷിഹാബ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

