കൊല്ലം ∙ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലെ പാസഞ്ചർ ട്രെയിനുകൾ ഉപകാരപ്രദമല്ലാത്ത സമയങ്ങളിൽ സർവീസ് നടത്തുന്നതായി യാത്രക്കാരുടെ പരാതി. 2 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര സർവീസുകൾ യാത്രക്കാർക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
ആവശ്യത്തിന് പാസഞ്ചർ, മെമു സർവീസുകൾ ഉണ്ടെങ്കിലും പലതും അശാസ്ത്രീയമായ സമയക്രമത്തിലാണ് സർവീസ് നടത്തുന്നത്. രാവിലെയുള്ള ട്രെയിനായ കൊല്ലം – തിരുവനന്തപുരം പാസഞ്ചർ ഇപ്പോൾ 7 മണിക്കു ശേഷമാണ് കൊല്ലത്തു നിന്ന് പുറപ്പെടുന്നത്.
പഴയ സമയമായ 6.50ന് തന്നെ കൊല്ലത്ത് നിന്ന് പുറപ്പെട്ടാൽ പിന്നാലെ വരുന്ന ആറോളം ട്രെയിനുകളുടെ സമയ കൃത്യത ഉറപ്പു വരുത്താമെന്നാണ് യാത്രക്കാർ പറയുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ നാഗർകോവിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം ട്രെയിനിനും ശരാശരി എക്സ്പ്രസ് നിലവാരത്തിലുള്ള സമയക്രമമല്ല എന്ന് പരാതിയുണ്ട്. നിലവിൽ ഈ ട്രെയിനിന് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ഓടിയെത്താൻ രണ്ടേമുക്കാൽ മണിക്കൂറാണ് അനുവദിച്ചിരിക്കുന്ന സമയം. ഉച്ചയ്ക്ക് ഒരു മണിക്ക് നാഗർകോവിൽ നിന്ന് പുറപ്പെടുന്നതിനു പകരം രണ്ടു മണിയോടെ പുറപ്പെട്ടു 3.30ന് തിരുവനന്തപുരത്ത് എത്തി, കൊച്ചുവേളിയിൽ നിന്നുള്ള പ്രതിവാര ട്രെയിനുകളും പോയതിന് ശേഷം 3.45ന് കൊല്ലത്തേക്ക് പുറപ്പെട്ടാൽ ഈ സർവീസ് യാത്രക്കാർക്കു വളരെയധികം ഉപയോഗപ്രദമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
തിരക്കേറിയ വൈകുന്നേരങ്ങളിൽ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
കൊല്ലത്ത് നിന്ന് വൈകിട്ട് 3.55ന് പുറപ്പെടുന്ന കൊല്ലം – തിരുവനന്തപുരം – നാഗർകോവിൽ പാസഞ്ചറിനെ ഒറ്റ സർവീസാക്കി മാറ്റി, സമീപകാലത്തു വേഗം കൂട്ടിയ ട്രെയിനുകളുടെ പിന്നാലെ 4.15ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചാൽ കൂടുതൽ പേർക്ക് ഈ സർവീസ് പ്രയോജനപ്പെടുത്താനും മറ്റ് സർവീസുകളുടെ കണക്ഷൻ ട്രെയിനായി ഉപയോഗപ്പെടുത്താനും സാധിക്കും.
പാതയിലെ ഏക മെമു ട്രെയിനായ കന്യാകുമാരി – കൊല്ലം മെമു വെള്ളിയാഴ്ചകളിൽ സർവീസ് നടത്താത്തത് വാരാന്ത്യങ്ങളിൽ വീടുകളിലേക്കു പോകുന്ന വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എല്ലാ ദിവസവും സർവീസ് നടത്തുന്നതിനോടൊപ്പം കന്യാകുമാരി – കൊല്ലം മെമുവിനെ കന്യാകുമാരിയിൽ നിന്ന് നിലവിലുള്ളതിലും ഒരു മണിക്കൂർ വൈകി വൈകിട്ട് അഞ്ചിന് പുറപ്പെട്ടു 7.40 ന് തിരുവനന്തപുരത്തും നിലവിലുള്ള സമയത്ത് തന്നെ കൊല്ലത്തും എത്തിക്കാൻ കഴിഞ്ഞാൽ ഈ സർവീസ് കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്താനും സാധിക്കും.
സമയക്രമം മാറ്റണം: ഫ്രണ്ട്സ് ഓൺ റെയിൽസ്
കൊല്ലം ∙ ആർക്കോ വേണ്ടി ഓടുന്ന പാസഞ്ചർ ട്രെയിനുകളുടെ സമയക്രമം യാത്രക്കാർക്കു ഉപകാരപ്രദമാകുന്ന നിലയിലേക്ക് മാറ്റണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. രാവിലെ കൊല്ലത്ത് നിന്ന് യാത്ര തുടങ്ങുന്ന കൊല്ലം – തിരുവനന്തപുരം പാസഞ്ചർ മുതൽ രാത്രി യാത്ര അവസാനിപ്പിക്കുന്ന കന്യാകുമാരി – കൊല്ലം മെമു വരെ സമയമാറ്റം കാത്തുകിടക്കുന്ന വണ്ടികളുടെ പട്ടികയിലുണ്ടെന്നും സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]