
കൊല്ലം ∙ എന്തൊരു വഴി എന്നു മനസാക്ഷിയുള്ള ആരും ചോദിച്ചു പോകും. അത്ര ദയനീയമാണ് അമ്മൻനട
ജനകീയ നഗർ വാഴവിളകുന്നത്ത് ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് മേൽമൂടി പാകി ഒരുക്കിയ വഴി. കാൽനട
പോലും അതികഠിനം. അപ്പൂപ്പൻ നടയ്ക്ക് സമീപമുള്ള റോയൽ ക്ലബ് ജംക്ഷനെയും കാവയ്യത്ത് ജംക്ഷനെയും ബന്ധിപ്പിച്ചാണ് ഓടപ്പുറത്തു കൂടിയുള്ള വഴി. ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ഇവിടെയുണ്ട്.
സമീപത്തുള്ള അങ്കണവാടിയിലേക്കുള്ള ഏക വഴിയും ഇതാണ്. രണ്ടര പതിറ്റാണ്ടാകുന്നു ഓടയ്ക്ക് മേൽമൂടി പാകി വഴിയൊരുക്കിയിട്ട്. കാലപ്പഴക്കം കൊണ്ടു സ്ലാബുകൾ പലതും തകർന്നു.
ഓട്ടോറിക്ഷ പോകുമായിരുന്ന വഴിയിലൂടെ ഇപ്പോൾ സൈക്കിൾ പോലും പോകില്ല.
സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഓടയിൽ വീഴും. അടുത്തിടെയാണ് സ്കൂൾ വിദ്യാർഥി അക്ഷര ഭവനിൽ അക്ഷര കുഴിയിൽ വീണു കാലൊടിഞ്ഞത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഇരുവശത്തുമുള്ള മതിലിൽ പിടിച്ചാണ് തകർന്നു കിടക്കുന്ന ഭാഗം കാൽനടക്കാർ മറികടക്കുന്നത്. വയോധികർ മാത്രമുള്ള വീടുകൾ വരെയുണ്ട്.
രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടുകയാണ്.
ഇവിടെ അങ്കണവാടിയുണ്ടെങ്കിലും കുട്ടികൾ എത്തുന്നില്ല. ഈ വഴിയിലൂടെ കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയയ്ക്കാനാകില്ല. ചെളിയും മലിനജലവും ഓട
നിറഞ്ഞു കിടക്കുകയാണ്. മഴ പെയ്താൽ മേൽമുടിക്കു മുകളിൽ മുട്ടിനൊപ്പം മലിനജലം ഉയരും. ഒന്നര പതിറ്റാണ്ടായി ഓട
വൃത്തിയാക്കിയിട്ടില്ലെന്നു താമസക്കാർ പറയുന്നു. പാർവത്ത്യാർ ജംക്ഷൻ, അമ്മൻനട എന്നിവിടങ്ങളിൽ നിന്നുള്ള മഴവെള്ളം ഇവിടെയാണ് എത്തിച്ചേരുന്നത്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്.
ഏതാനും മാസം മുൻപു വരെ തെരുവു വിളക്കുകളും അണഞ്ഞു കിടക്കുകയായിരുന്നു.
“വഴി സഞ്ചാരയോഗ്യമാക്കുന്നതിന് 8 ലക്ഷം രൂപയുടെ പ്രവൃത്തി ചെയ്യുന്നതിന് ടെൻഡർ നടപടിയായി. ഉടൻ പണി ആരംഭിക്കും.
കഴിഞ്ഞ വർഷത്തെ പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു. ഇരുവശത്തും മതിൽ ആയതിനാൽ ആണ് കരാറുകാർ പണി ഏറ്റെടുക്കാൻ തയാറാകാതിരുന്നത്.”
പ്രേം ഉഷാർ (ഡിവിഷൻ കൗൺസിലർ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]