
കുളത്തൂപ്പുഴ ∙ അറിയാക്കയങ്ങളിൽ അകപ്പെട്ട് ഒട്ടേറെ ജീവനുകൾ പൊലിഞ്ഞ ചോഴിയക്കോട് മിൽപ്പാലം കല്ലടയാർ കടവിൽ വീണ്ടും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടതോടെ കടവിലേക്കുള്ള സഞ്ചാരികളുടെ വരവിനു കർശന വിലക്ക് ഏർപ്പെടുത്താൻ വനം വകുപ്പ്. ചെക്പോസ്റ്റിൽ ഉൾപ്പെടെ പാതയിൽ മുന്നറിയിപ്പു ഫലകങ്ങൾ സ്ഥാപിക്കും.
സഞ്ചാരികളെ കടവിലേക്കു പോകാൻ അനുവദിക്കാതെ മടക്കി അയക്കാനുള്ള നടപടിയും സ്വീകരിക്കും. മിൽപ്പാലം ചെക്പോസ്റ്റിൽ ക്യാമറ സ്ഥാപിക്കാനും വനം വാച്ചറെ നിയമിക്കാനും നീക്കം ഉണ്ട്.
മിൽപ്പാലം കടവിലേക്കുള്ള വനപാതയിൽ ചെക്പോസ്റ്റ് സ്ഥാപിച്ചു വാഹനഗതാഗതം തടഞ്ഞെങ്കിലും ചെക്പോസ്റ്റ് മറികടന്നു കടവിൽ കുളിക്കാനായി എത്തുന്ന സഞ്ചാരികളുടെ വരവു തടയാൻ കഴിഞ്ഞിട്ടില്ല.
കടവിലെ അറിയാക്കയങ്ങളെപ്പറ്റി മറ്റു നാട്ടുകാർക്കു വ്യക്തതയില്ലാത്തതിനാലാണു കല്ലടയാറിന്റെ മനോഹാരിതയും വന്യതയും നിറഞ്ഞ പ്രകൃതിസുന്ദരമായ പശ്ചാത്തലമുള്ള ഒഴുക്കുള്ള കടവിൽ സഞ്ചാരികൾ ആസ്വദിച്ചു കുളിക്കാൻ ഇറങ്ങുന്നത്. കയത്തിലേക്കു വഴുതിപ്പോയാൽ അടിയൊഴുക്കിൽപ്പെട്ടു ജീവൻ നഷ്ടപ്പെടും.
നാട്ടുകാർക്കു കടവിലെ അപകടക്കയങ്ങളെപ്പറ്റി അറിവുണ്ടെന്നതിനാൽ അവർ അപകടം മിക്കപ്പോഴും ഒഴിവാക്കിയാണ് ഇവിടെ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം ബന്ധുക്കളുമായി മില്ലപ്പാലം കടവിൽ കുളിക്കാനെത്തിയ സംഘത്തിലെ തിരുവനന്തപുരം ഭരതന്നൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് ഫൈസൽ (35) ആണു മുങ്ങിമരിച്ചത്. ഒപ്പം കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട
ഷഹീനെ രക്ഷപ്പെടുത്തി. ഇതിനോടകം 10 ജീവനുകൾ കടവിൽ പൊലിഞ്ഞിട്ടുണ്ട്.
വനത്തിലെ കൂപ്പുകളിൽ നിന്നുള്ള ഈറയും തടികളും മറ്റും ഇക്കരെയെത്തിക്കാൻ മിൽപ്പാലം കടവിൽ പണിത പാലം 1992ലെ ഉരുൾപ്പൊട്ടലിൽ തകർന്നിരുന്നു. ഈ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല.
കടവിന് അക്കരെയാണു മിൽപ്പാലം മഹാവിഷ്ണു ക്ഷേത്രം.
കല്ലടയാറ്റിൽ ജലനിരപ്പും ഒഴുക്കും ശക്തമായാൽ പിന്നെ കടവിൽ വെള്ളം താഴ്ന്നു സുരക്ഷിതമായി കടക്കാൻ കഴിഞ്ഞാൽ മാത്രമേ ക്ഷേത്രം തുറക്കൂ. കടവിലെ താൽക്കാലിക കടത്തും ഒഴിവാക്കും. ചോഴിയക്കോട് മിൽപ്പാലം കല്ലടയാർ കടവിൽ നിന്നാണു വന സംരക്ഷണ സമിതികൾ മുഖേന മണൽ നീക്കി വനം വകുപ്പിന്റെ വനശ്രീ മണൽ യാർഡിലെത്തിച്ചു വിൽപന നടത്തിയിരുന്നത്.
മണൽ നീക്കം 4 വർഷമായി സ്തംഭിച്ചതിനാൽ മണൽ വന്നടിഞ്ഞു കല്ലടയാർ നികന്നതോടെ വേനലിൽ ജലലഭ്യത കുറഞ്ഞിരുന്നു. വനം വകുപ്പിനു മണൽ മുഖേന ലഭിച്ചിരുന്ന വരുമാനവും തൊഴിലാളികളുടെ തൊഴിലും ഇല്ലാതായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]