
കൊല്ലം ∙ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന 4 നില കെഎസ്ആർടിസി സ്റ്റേഷൻ കെട്ടിടസമുച്ചയം നിലവിലെ ബസ് ഗാരേജിന്റെ സ്ഥലത്ത് ഉടൻ നിർമിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നിലവിലെ കെഎസ്ആർടിസി സ്റ്റാൻഡ് സന്ദർശിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി. ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപയും എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 5 കോടി രൂപയും ചേർത്ത് 15 കോടി രൂപ വിനിയോഗിച്ചാണ് പൂർത്തിയാക്കുക.
ഒന്നാം നിലയിൽ ഗാരേജ്, ഓഫിസുകൾ, ഇലട്രിക്കൽ-സ്റ്റോർ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, ലിഫ്റ്റ് എന്നിവയും രണ്ടാം നിലയിൽ കുറിയർ റൂം, ശീതീകരിച്ച ഫാമിലി വെയ്റ്റിങ് റൂമുകൾ, സ്ത്രീകൾക്ക് ഫീഡിങ് റൂം ഉൾപ്പെടെയുള്ള പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ, സുരക്ഷാ മുറി, പൊലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയങ്ങൾ, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകൾ എന്നിവ ഒരുക്കും.
മൂന്നാം നിലയിൽ പുരുഷന്മാർക്കുള്ള ഡോർമിറ്ററി, ഷീ-ഷെൽട്ടർ, കെയർ ടേക്കർ മുറി, റസ്റ്ററന്റ് എന്നിവയും ക്രമീകരിക്കും. നാലാം നിലയിൽ ഡ്രൈവർ/ കണ്ടക്ടർ, സ്ത്രീ ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ബജറ്റ് ടൂറിസം, ഡിടിഒ എന്നിവയ്ക്കായി മുറികൾ, ഓഫിസ് ഏരിയ, കോൺഫറൻസ് ഹാൾ എന്നിവയും സജ്ജീകരിക്കും.
ചുറ്റുമതിൽ, പ്രവേശന കവാടം, ജലവിതരണം എന്നിവയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
തേവള്ളിയിലെ സർക്കാർ ക്വാർട്ടേഴ്സ് പ്രദേശം സന്ദർശിച്ച് പുതിയ എൻജിഒ ക്വാർട്ടേഴ്സ് ഫ്ലാറ്റ് മാതൃകയിലുള്ള ബഹുനില മന്ദിരം നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. 26 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. കോടതി സമുച്ചയ നിർമാണത്തിന്റെ പശ്ചാത്തലത്തിൽ നിർമിക്കുന്ന പുതിയ സംവിധാനത്തിന്റെ സാധ്യതകൾ പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിന് പുതിയ ബ്ലോക്ക് നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
ആശ്രാമത്ത് കെട്ടിടസമുച്ചയം നിർമിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ച മന്ത്രി 10 കോടി രൂപ നിർമാണത്തിന് വകയിരുത്തിയതായി വ്യക്തമാക്കി. എം.മുകേഷ് എംഎൽഎ, കലക്ടർ എൻ.ദേവിദാസ്, എഡിഎം ജി.നിർമൽകുമാർ എന്നിവർ പങ്കെടുത്തു.
കെഎസ്ആർടിസി: നിലവിലെ കെട്ടിടം എന്ത് ചെയ്യും?
കൊല്ലം ∙ നിലവിലെ ഗാരേജിന്റെ സ്ഥലത്ത് പുതിയ കെഎസ്ആർടിസി ബസ് ഡിപ്പോ വരുമെന്ന് ഉറപ്പായതോടെ അഷ്ടമുടിക്കായലോരത്തെ നിലവിലെ കെട്ടിടം എന്ത് ചെയ്യുമെന്നതിൽ അവ്യക്തത.
പുതിയ കെട്ടിടം സജ്ജമാകുന്നത് വരെ മാത്രം ഉപയോഗിക്കാനായി നിലവിലെ ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തര പ്രാധാന്യത്തോടെ നടത്തി കൂടുതൽ ബലപ്പെടുത്തുമെന്നാണു മന്ത്രി പറഞ്ഞത്. പുതിയ കെട്ടിടം നിർമിച്ചതിന് ശേഷം വിനോദസഞ്ചാര സാധ്യതകൾ പരിഗണിച്ചു വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. മുൻപ് ഇവിടെ പുതിയ കെട്ടിടം നിർമിക്കുമെന്നതിന്റെ പേരിലാണ് കെഎസ്ആർടിസി സ്റ്റേഷൻ നവീകരണം വൈകിയിരുന്നത്.
വിവിധ സാധ്യതകളുള്ള പ്രധാന മേഖലയായ ഈ സ്ഥലം സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് നീക്കമെന്ന് ആരോപണമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]