
കൊല്ലം ∙ പൊട്ടിക്കിടക്കുന്ന വയറുകൾ, തകർന്ന ഷീറ്റുകൾ, വീഴാറായ പരസ്യബോർഡുകൾ, നോക്കുകുത്തിയായി സിസിടിവി സംവിധാനം, സിനിമ പോസ്റ്ററുകൾ പതിക്കാൻ വേണ്ടി മാത്രമായി ഒരു പൊലീസ് എയ്ഡ് സെന്റർ പൊതുജനങ്ങൾക്കു വേണ്ടിയുള്ള സംവിധാനം എത്രത്തോളം അലങ്കോലമാകാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് കൊല്ലം നഗരമധ്യത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ചിന്നക്കട
മണിമേടയുടെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അറ്റകുറ്റപ്പണികളുടെ അഭാവം മൂലം തകർച്ചയുടെ പടിവാതിൽക്കൽ നിൽക്കുന്നത്.
കോർപറേഷൻ വാണിജ്യ സമുച്ചയത്തിന്റെ തൊട്ടുമുന്നിലുള്ള ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ദിവസവും യാത്ര ചെയ്യുന്നത്. അറ്റകുറ്റപ്പണികളുടെ അഭാവം മൂലം കെട്ടിടത്തിന്റെ മുകൾഭാഗം മുഴുവൻ നശിച്ചുകഴിഞ്ഞു.
പരസ്യബോർഡുകൾ അടക്കം പലതും തകർന്നു പാതി പൊളിഞ്ഞ നിലയിലാണ്. വൈദ്യുതി വയറിങ് സംവിധാനവും താറുമാറായി പല ഇടങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്നു.
സിസി ടിവി ക്യാമറകൾ ബസ് സ്റ്റോപ്പിന് ചുറ്റുമുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നു പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് സെന്റർ പൂട്ടിക്കിടക്കുകയാണ്. തകർന്ന ജനലിലൂടെ നോക്കിയാൽ പൊടിപിടിച്ചു കിടക്കുന്ന ഉൾഭാഗവും ഉപയോഗിക്കാതെ കിടക്കുന്ന ടിവി സ്ക്രീനും കാണാം.
പൊട്ടിയ ട്യൂബ് ലൈറ്റും ജനലിലൂടെ എയ്ഡ് സെന്ററിന്റെ അകത്തേക്കായി ഇട്ടിട്ടുണ്ട്. സെന്ററിന്റെ 4 ഭാഗവും സിനിമാ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
മഴ പെയ്താൽ പൊട്ടിപ്പൊളിഞ്ഞ മേൽക്കൂര ചോർന്നൊലിക്കും. അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കേണ്ടത് അനിവാര്യമാണെന്നും എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുൻപ് തന്നെ നടപടികൾ സ്വീകരിക്കണമെന്നുമാണ് യാത്രക്കാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]