
പുത്തൂർ ∙ മൂഴിക്കോട് – പൊങ്ങൻപാറ റോഡിൽ പടുകുഴികൾ രൂപപ്പെട്ടു ഗതാഗതം ദുഷ്കരമായിട്ടും പരിഹാരം ഒരുക്കാത്തതിൽ പ്രതിഷേധിച്ചു കോട്ടാത്തല പടിഞ്ഞാറ് മൂഴിക്കോട് ശ്രീ ചാവർ മഹാദേവ പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. വാഹന ഗതാഗതം പോയിട്ടു നടന്നുപോകാൻ പോലും കഴിയാത്തതരത്തിലാണു നിലവിൽ റോഡിന്റെ അവസ്ഥ. ക്വാറിയും ക്രഷറും പ്രവർത്തിക്കുന്ന ഇവിടെ അമിതഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ സഞ്ചാരം മൂലമാണ് റോഡ് ഇത്രയേറെ തകരാൻ കാരണം എന്നാണു നാട്ടുകാരുടെ പരാതി. റോഡിന് ഇരുവശവും കാടുപിടിച്ചതിനാൽ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്.
മുൻപ് ഇതുവഴി കൊട്ടാരക്കര – ചക്കുളത്തുകാവ് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരുന്നു.
റോഡിന്റെ ദുരിതാവസ്ഥ മൂലം സർവീസ് നിലച്ചു. വാഹനത്തിനു തകരാർ സംഭവിക്കുന്നതിനാൽ ഓട്ടോറിക്ഷ പോലും ഇതുവഴി സവാരിക്ക് മടിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ബൈക്ക് യാത്രികർ കുഴിയിൽ വീണു അപകടങ്ങൾ സംഭവിക്കുന്നതു പതിവായിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥയ്ക്കു ശാശ്വത പരിഹാരം ഒരുക്കണം എന്നാവശ്യപ്പെട്ടു ജില്ലാ പഞ്ചായത്തിനും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിനും പരാതി നൽകുന്നതിനു വേണ്ടി ഒപ്പുശേഖരണം ആരംഭിച്ചതായും പൗരസമിതി ഭാരവാഹികൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]