പത്തനാപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ പത്മ കഫേ നിർമാണ വിവാദത്തിനു പിന്നാലെ, ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങൾ പത്തനാപുരത്തു സിപിഎമ്മിലും എൽഡിഎഫിലും ഞെട്ടലായി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഘടകകക്ഷി നേതാവായ മന്ത്രിക്കെതിരെ പുറത്തു വന്ന ആരോപണങ്ങൾ ജില്ലയിലും മുന്നണിയെ വെട്ടിലാക്കിയിട്ടുണ്ട്.
കെ.ബി ഗണേഷ്കുമാർ തന്നെ വീണ്ടും പത്തനാപുരത്തു മത്സരിക്കുമെന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് എന്തു നിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണു സിപിഎം പ്രാദേശിക നേതൃത്വം.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ, 2013 ൽ ആദ്യഭാര്യ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നു ഗണേഷ്കുമാറിനു മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അന്നു ശക്തമായി രംഗത്തു വന്നതു സിപിഎം നേതൃത്വമായിരുന്നു.
ഇതു ജനങ്ങളോട് എങ്ങനെ വിശദീകരിക്കുമെന്നറിയാത്ത ധർമസങ്കടത്തിലാണു സിപിഎം– എൽഡിഎഫ് നേതൃത്വം.
കഴിഞ്ഞ ശനിയാഴ്ച, താൻ കൊട്ടാരക്കര വാളകത്തെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വരുമ്പോൾ കിടപ്പുമുറിയിൽ ഗണേഷ്കുമാറിനെ മറ്റൊരു സ്ത്രീക്കൊപ്പം കാണരുതാത്ത സാഹചര്യത്തിൽ കണ്ടെന്നായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ. ഫോട്ടോയെടുത്തപ്പോൾ മന്ത്രിയുടെ നിർദേശ പ്രകാരം സ്റ്റാഫ് തടഞ്ഞു ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ കയ്യേറ്റത്തിനു മുതിർന്നെന്നും വെളിപ്പെടുത്തിയിരുന്നു.
അന്നു രാത്രി തന്നെ ചിലർ ഇടപെട്ടു ഗണേഷ്കുമാറും ബിന്ദുവും തമ്മിൽ സംസാരിച്ചു വിവാദത്തിനു താൽക്കാലിക വിരാമമിട്ടെങ്കിലും പത്തനാപുരത്തു വിഷയം തിരഞ്ഞെടുപ്പു വിഷയമാകുമെന്ന് ഉറപ്പാണ്.
മുൻപ്, പത്തനാപുരം കമുകുംചേരി സ്വദേശി ഇന്തൊനീഷ്യയിൽ മരണമടഞ്ഞപ്പോൾ ചരമ അറിയിപ്പിൽ ഉൾപ്പെടെ ഗണേഷ്കുമാറിന്റെ പേര് കടന്നുവന്നതും ചർച്ചയായിരുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പത്മ കഫേ നിർമാണത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദവും സിപിഎം– ഇടതു കേന്ദ്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
4 കോടി വിനിയോഗിച്ചു പത്മ കഫേ നിർമിച്ചുവെന്നതും ഇതിൽ 3.5 കോടി കരാറുകാരനു നൽകിയെന്നതും സംബന്ധിച്ചാണു വിവാദം. പത്മ കഫേ വിവാദം കത്തി നിൽക്കുന്നതിനിടെയാണ്, വാളകത്തെ വീട്ടിൽ നിന്നു മറ്റൊരു വൻ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഇതോടെ, ഗണേഷ്കുമാർ വിഷയത്തിൽ എന്തു നിലപാടെടുക്കും എന്നറിയാത്ത വിഷമാവസ്ഥയിലായി സിപിഎം– എൽഡിഎഫ് പ്രാദേശിക നേതൃത്വം.
സംസ്ഥാന നേതൃത്വം ഗണേഷ്കുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ അവർക്കു നിസ്സഹായരായി കാഴ്ചക്കാരാകാനേ കഴിയുന്നൂള്ളൂ. മുൻപ്, പത്തനാപുരം താലൂക്ക് ആശുപത്രിക്കു ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുമായി സിപിഎം നേതൃത്വം ഇടഞ്ഞതിന്റെ മുറിവ് ഉണങ്ങി വരുന്നതേയുള്ളൂ.
നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചു സിപിഎം ഘടകങ്ങളുടെ യോഗം ചേരുമ്പോൾ ഗണേഷ്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുമെന്ന് ഉറപ്പാണ്.
അതിനോടു എങ്ങനെ പ്രതികരിക്കുമെന്ന ആശയക്കുഴപ്പത്തിലാണു പ്രാദേശിക നേതൃത്വം.
പൊലീസ് നടപടി പ്രതിഷേധാർഹം: കോൺഗ്രസ്
കൊല്ലം ∙ പത്തനാപുരത്ത് സ്ത്രീ പീഡകനായ മന്ത്രി കെ.ബി.ഗണേഷ്കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസിലേക്കു മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസുകാർക്ക് എതിരെ നടപടി എടുക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

