പുന്നല∙ ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി, പശുക്കിടാവിനെ കൊന്നു. ചത്ത പശുക്കിടാവുമായി കടശേരിയിലെ വനം വകുപ്പ് ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു.
തച്ചക്കോട് മൈക്കണ്ണായിൽ ഹംസയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന മൂന്നു മാസം പ്രായമുള്ള പശുക്കിടാവിനെയാണ് പുലി കഴിഞ്ഞ രാത്രി കൊന്നത്. നേരത്തേ രണ്ട് തവണ പുലി ഇവിടെയെത്തിയെങ്കിലും വീട്ടുകാർ കണ്ടതിനാൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നില്ല. ഇവിടെ പുലിയിറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ഇതോടൊപ്പം സമീപത്തെ പറങ്കിമാവിൻ തോട്ടത്തിലും സ്വകാര്യ പുരയിടങ്ങളിലുമായി എട്ടോളം കാട്ടാനകളും തമ്പടിച്ചിട്ട് ആഴ്ചകളായി.കഴിഞ്ഞ ദിവസം വൈകിട്ട് ഇളപ്പുപാറ–തൊണ്ടിയാമൺ റോഡിൽ വേങ്ങമുക്കിന് സമീപത്തായി റോഡ് വശത്തു നിന്ന ഫാമിങ് കോർപറേഷന്റെ കമുകും മറ്റും കാട്ടാന നശിപ്പിച്ചിരുന്നു.
പത്തനാപുരം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയാണിവിടം.കാട്ടാന–പുലി ശല്യത്തിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പരാതി പറഞ്ഞു മടക്കുന്നതല്ലാതെ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചത്ത പശുക്കിടാവുമായി വനം വകുപ്പ് കടശേരി ഡപ്യൂട്ടി റേഞ്ച് ഓഫിസിനു മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചത്.
പഞ്ചായത്ത് അധികൃതർ, മറ്റു ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പൊലീസിന്റെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരാമെന്ന ഡിഎഫ്ഒയുടെയും പൊലീസിന്റെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. കെപിസിസി അംഗം സി.ആർ.നജീബ്, പഞ്ചായത്തംഗങ്ങളായ ഹുനൈസ്.പി.എം.ബി.സാഹിബ്, പുന്നല ഉല്ലാസ് കുമാർ, കുമാരി രാമചന്ദ്രൻ, ബിനു കീരിക്കൽ, ലിംസൺ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

