
എഴുകോൺ ∙ എഴുകോൺ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്ന ജോലികൾക്ക് ഇന്നലെ തുടക്കമായി. നീളം കൂട്ടുന്ന പ്രവൃത്തിക്കും കരാർ നൽകിയിട്ടുണ്ടെങ്കിലും ആദ്യഘട്ടമായി പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാനും പിന്നീട് നീളം കൂട്ടാനുമാണു പദ്ധതി.
റെയിൽ പാളത്തിൽ നിന്ന് 45 സെ.മീ മാത്രമാണ് നിലവിലെ പ്ലാറ്റ്ഫോമിന്റെ ഉയരം. ഇതു 84 സെ.മീ ആയി ഉയർത്താനും നിലവിൽ 270 മീറ്റർ മാത്രം നീളമുള്ള പ്ലാറ്റ്ഫോം 576 മീറ്ററാക്കി വർധിപ്പിക്കാനും 2 പ്രവൃത്തികളാണ് റെയിൽവേ വെവ്വേറെ കരാർ നൽകിയിരിക്കുന്നത്.
അതിൽ ആദ്യ കരാർ അനുസരിച്ചുള്ള പ്രവൃത്തികളാണ് ഇന്നലെ തുടങ്ങിയത്.
ഇതിനായി സ്റ്റേഷനിലെ പഴയ പ്ലാറ്റ്ഫോമിലെ സ്ലാബുകൾ പൊളിച്ചു നീക്കിത്തുടങ്ങി. ഇതു പൂർത്തിയാകുന്നതോടെ ഉയരം വർധിപ്പിക്കുന്ന ജോലികൾ ആരംഭിക്കും.
എഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം മെമു സർവീസ് ഉൾപ്പെടെയുള്ളവയിൽ കയറിപ്പറ്റാൻ പെടാപ്പാടാണെന്നു സ്ഥിരം പരാതിയായിരുന്നു. വയോധികർക്കും സ്ത്രീകൾക്കുമായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്.
അതേ സമയം, പ്ലാറ്റ്ഫോം ഉയരം കൂട്ടുന്നതിനോട് ഒപ്പം നീളം കൂട്ടുന്ന ജോലികളും ആരംഭിക്കണം എന്നാണു യാത്രക്കാരുടെ ആവശ്യം. പഴയ പ്ലാറ്റ്ഫോമിനോടു ചേർന്നു പുതിയ പ്ലാറ്റ്ഫോം കൂടി നിർമിച്ച് ഒരുമിച്ച് ഉയരം കൂട്ടിയാൽ 2 പ്രവൃത്തികളും ഒരുമിച്ചു പൂർത്തിയാകാനും അതു വഴി കാലതാമസം ഒഴിവാക്കാനും സാധിക്കുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 24 എൽഎച്ച്ബി കോച്ചുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നത്.
സ്റ്റേഷനിൽ താൽക്കാലികമായി മണ്ണിട്ടുയർത്തി നീളം കൂട്ടിയ പ്ലാറ്റ്ഫോം അടിക്കടി കാടു മൂടുന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.
കാട് വെട്ടിത്തെളിച്ചാലും ദിവസങ്ങൾക്കകം വീണ്ടും കാടു മൂടുകയാണ്. ഇതിനു പരിഹാരമായി പഴയ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാൻ വേണ്ടി പൊളിച്ചുമാറ്റുന്ന സ്ലാബുകൾ താൽക്കാലിക പ്ലാറ്റ്ഫോമിൽ നിരത്തുകയോ അതല്ലെങ്കിൽ പ്ലാറ്റ്ഫോം മൊത്തത്തിൽ മണ്ണിട്ടുയർത്തുകയോ വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]