
കൊല്ലം∙ തെരുവുനായ്ക്കളുടെ കടിയെ പേടിച്ചു ഭയന്നോടുകയാണ് നാട്. റോഡ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ തുടങ്ങി എല്ലായിടത്തും തെരുവുനായ്ക്കളുടെ ഭരണമാണ് നടക്കുന്നത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പദ്ധതികളെല്ലാം പാതിവഴിയിലാണ്. അഞ്ചാലുംമൂടിലെ കോർപറേഷന്റെ എബിസി സെന്റർ മാത്രമാണ് ജില്ലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.
എന്നാൽ ഇവിടെ പോലും 10 തെരുവുനായ്ക്കളെ വരെ മാത്രമേ ഒരു ദിവസം വന്ധ്യംകരിക്കാൻ സാധിക്കുകയുള്ളൂ. ജില്ലയിലാകെ അൻപതിനായിരത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.
ജില്ലാ പഞ്ചായത്ത് കുരിയോട്ടുമല ഫാമിൽ ആരംഭിക്കുന്ന എബിസി സെന്ററിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഒരേസമയം 9 നായ്ക്കളെ വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധിക്കുന്ന ഇവിടെ സർജറി കഴിഞ്ഞ 25 നായകളെ പാർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
പക്ഷേ ഇതും പരിമിതമാണ് എന്നതിനാൽ കാരവൻ അടക്കമുള്ള നൂതനമായ മാർഗങ്ങൾ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ തെരുവുനായ്ക്കളുടെ ആക്രമണം തുടരുമെന്നതിനാൽ വലിയ ആശങ്കയിലാണ് ഓരോ ദിവസവും ജനങ്ങൾ പുറത്തിറങ്ങുന്നത്.
മൂന്ന് വയസ്സുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്നു സ്ഥിരീകരണം
കടയ്ക്കൽ മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരുക്കേറ്റ സംഭവത്തിൽ തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
വളവുപച്ച മഹാദേവർകുന്ന് തടത്തരികത്ത് വീട്ടിൽ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രാവിലെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് പട്ടി ആക്രമിച്ചത്. നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയേയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഓച്ചിറയിൽ 7 പേർക്ക് കടിയേറ്റു
ഓച്ചിറ ആയിരംതെങ്ങിൽ വ്യാപാരികളെയും അതിഥി തൊഴിലാളികളെയും ഉൾപ്പെടെ 7 പേരെ തെരുവുനായ ആക്രമിച്ചു. ആയിരംതെങ്ങ് അഭിന ട്രേഡേഴ്സിലെ മരക്കാശേരിൽ ലീന (41), വസന്താലയത്തിൽ വിജയൻ (60), രാജു പറയിടത്ത് (51), ചള്ളാപടന്നേൽ ആനന്ദൻ (53), സ്വകാര്യ യാഡിലെ തൊഴിലാളി മണി (45), അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശികളായ ബാബു, വിധു എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ 7.45ന് തെരുവുനായ് ആക്രമിച്ചത്.
പരുക്കേറ്റവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, അഴീക്കൽ കുടുംബ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ലീനയുടെ കാലിനും വിജയന്റെ കണ്ണിനും സാരമായി പരുക്കേറ്റിട്ടുണ്ട്.
പത്ര വിതരണത്തിനിടെ തെരുവുനായ് ആക്രമണം
പത്ര വിതരണത്തിനിടെ മലയാള മനോരമ അഞ്ചൽ കോമളം സൗത്ത് ഏജന്റ് അനിരുദ്ധനെ തെരുവുനായ കടിച്ചു.
ഇന്നലെ രാവിലെ ആറുമണിയോടെ അഗസ്ത്യക്കോട് – വടമൺ റോഡിലെ പാൽ സൊസൈറ്റിക്കു സമീപത്തായിരുന്നു സംഭവം. പത്രം നൽകാനായി ബൈക്ക് വേഗം കുറച്ചപ്പോൾ നായ ഓടിവന്നു കടിക്കുകയായിരുന്നു.
ബഹളം കേട്ടു സമീപവാസികൾ എത്തിയപ്പോഴും തെരുവുനായ അക്രമാസക്തമായതോടെ നായയെ തല്ലിക്കൊന്നു.
പുനലൂർ റെയിൽവേ സ്റ്റേഷനിലും ഭീതി
പുനലൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ പ്ലാറ്റ്ഫോമിൽ വച്ചു തെരുവുനായ ആക്രമിച്ചു. കണ്ണൂർ ഇടയ്ക്കാട് കടമ്പൂർ ജലജ ഭവനിൽ പി.കെ.ബിജിത്തിനാണ് (32) കടിയേറ്റത്.
കഴിഞ്ഞദിവസം വൈകിട്ട് വൈകിട്ട് പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരുന്നു സംഭവം. പരുക്കേറ്റ ബിജിത്തിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പുകളുടെ ഭീതിയോടൊപ്പമാണ് തെരുവുനായ്ക്കളും പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ ആശങ്ക ഉയർത്തുന്നത്.
തെരുവുനായ ശല്യത്തിൽ വലഞ്ഞ് കൊട്ടാരക്കര
റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ സ്കൂൾ വരെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. ഒരു മാസത്തിനുള്ളിൽ മുപ്പതോളം പേരെയാണ് ടൗണിൽ തെരുവ് നായകൾ ആക്രമിച്ച് പരുക്കേൽപ്പിച്ചത്.
സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്ന നായ കഴിഞ്ഞ ആഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീ ഉൾപ്പെടെ 9 പേരെ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള മുപ്പതോളം തെരുവുനായ്ക്കളാണ് രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് യാത്രക്കാരെ ആക്രമിക്കുന്നത്.
തെരുവുനായ്ക്കളുടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം പ്ലാറ്റ്ഫോമിൽ നിന്നു തെരുവുനായ യാത്രക്കാരായ ഒട്ടേറെ പേരെയാണ് കടിച്ചത്. കടിച്ചത് പേ പിടിച്ച നായയാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
സ്റ്റേഷൻ പരിസരത്തെ കാടുമൂടിയ ഭാഗങ്ങളാണ് തെരുവുനായ്ക്കളുട താവളമായിരിക്കുന്നത്.
പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാർക്കു നേരെയും കാൽനട യാത്രക്കാർക്കു നേരെയും തെരുവ് നായകൾ ചാടി വീഴുന്നതും പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]