
കൊല്ലം ∙ ജില്ലാ ഭരണകൂടത്തിന്റെ മൂക്കിനു താഴെ പോലും റോഡിലെ ‘അപകടക്കുഴികൾ’ പൂർണമായി അടയ്ക്കാതെ മരാമത്ത് വകുപ്പ്. കലക്ടറേറ്റിൽ നിന്നു ഹൈസ്കൂൾ ജംക്ഷനിലേക്കു പോകുന്ന റോഡിന്റെ മധ്യഭാഗത്താണ് ഒന്നിലേറെ കുഴികൾ ഉള്ളത്.
യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതിയെത്തുടർന്ന് ഇതിൽ 2 വലിയ കുഴികൾ താൽക്കാലികമായി നികത്തി പരിഹാരം കണ്ടു ‘എന്നു വരുത്തിത്തീർത്തു’. ഇതോടൊപ്പമുള്ള മറ്റു ചെറിയ കുഴികൾ അതേ അവസ്ഥയിൽ തുടരുകയും ചെയ്യുന്നു.
ഇരുചക്ര വാഹനങ്ങൾ ഈ 2 കുഴികളിലും വീണ് അപകടത്തിൽപ്പെടുന്നതു പതിവായതോടെയാണു താൽക്കാലിക പരിഹാരം കണ്ടത്.
വലിയ കുഴികൾ നികത്താനായി ഇട്ട കോൺക്രീറ്റ് മിശ്രിതമാകട്ടെ ശക്തമായ മഴയത്ത് ഒലിച്ചു പോയിട്ടുമുണ്ട്.
കോൺക്രീറ്റ് ഇട്ട ഭാഗത്തു മുന്നറിയിപ്പിനായി 2 ട്രാഫിക് കോണുകൾ വച്ചിട്ടുണ്ട്.
എന്നാൽ, മറ്റു ചെറിയ കുഴികൾ എന്നു നന്നാക്കുമെന്ന് ആർക്കും ഒരു രൂപവുമില്ല. 10 മീറ്റർ നീളത്തിൽ കിടക്കുന്ന ഒന്നിലേറെ കുഴികളുണ്ടെങ്കിൽ സാധാരണ അത്രയും ഭാഗം ഒരുമിച്ചു റീടാറിങ് ചെയ്യുകയാണു പതിവ്.
ചെറിയ കുഴികളിൽ വലിയ വാഹനങ്ങളും മറ്റും നിരന്തരം കയറിയിറങ്ങുകയും മഴ ശക്തമാകുകയും ചെയ്താൽ ഇവയും വൈകാതെ വലിയ ഗർത്തങ്ങളായി മാറും. അതിനാൽ കുഴികളെല്ലാം നേരാംവണ്ണം അടയ്ക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]