
കൊട്ടാരക്കര ∙ പൊതുപണിമുടക്കിന്റെ മറവിൽ കർഷകരിൽ നിന്നു നിസ്സാര വിലയ്ക്കു വെറ്റില തട്ടിയെടുക്കാൻ ഇടനിലക്കാരുടെ ശ്രമം. ഇതിൽ പ്രതിഷേധിച്ചു കർഷകർ ലക്ഷങ്ങൾ വില വരുന്ന വെറ്റില കൂട്ടിയിട്ടു ഡീസൽ ഒഴിച്ചു നശിപ്പിച്ചു.
കലയപുരം ചന്തയിൽ പൊതുപണിമുടക്കിനു തലേന്നാണു സംഭവം. ഇടനിലക്കാർ ഒത്തുകളിച്ചു വില കുത്തനെ കുറയ്ക്കുകയായിരുന്നുവെന്നു കർഷകർ ആരോപിച്ചു.
ജില്ലയിലെ പുത്തൂർ, പുനലൂർ ചന്തകളിൽ ഒരു കെട്ട് വെറ്റിലയ്ക്ക് 80 മുതൽ 120 രൂപ വരെ വില കിട്ടിയപ്പോൾ കലയപുരത്ത് ഇത് 10 രൂപയായി ഇടിച്ചു താഴ്ത്തി.
മികച്ച കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കർഷകനായ എനിക്ക് മുൻപ് 3000 വെറ്റിലക്കൊടികൾ ഉണ്ടായിരുന്നു. ഇപ്പോഴതു കേവലം 800 ആയി ചുരുക്കി.
ഇടനിലക്കാരുടെ ചൂഷണവും ചെലവിൽ വന്ന വർധനയുമാണു കാരണം. 80 വെറ്റിലകൾ അടങ്ങുന്നതാണ് ഒരു കെട്ട്.ഒരു കെട്ടിന് 80 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ കാര്യമില്ല.ഇപ്പോൾ കിട്ടിക്കൊണ്ടിരുന്നത് 30–40 രൂപയാണ്.
അതാണു പണിമുടക്കിന്റെ മറവിൽ 10 രൂപയാക്കാൻ നോക്കിയത്. വെറ്റില കർഷകരെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്.
കെ.
രാജൻപിള്ള (വെറ്റില കർഷകൻ, താമരക്കുടി ചരുവിള തെക്കതിൽ)
പൊതുപണിമുടക്കാണെന്നും വിൽപന നടക്കില്ലെന്നും പറഞ്ഞായിരുന്നു ഇടനിലക്കാരുടെ ഒത്തുകളി. തലവൂർ, പെരുംകുളം മേഖലകളിൽ നിന്നുള്ള എൺപതോളം കർഷകരാണു കലയപുരത്ത് എത്തിയത്.
വില കൂട്ടി നൽകാൻ ഇടനിലക്കാർ തയാറാകാതിരുന്നതോടെ ഇവർ കൊണ്ടുവന്ന 7500 കെട്ട് വെറ്റില കൂട്ടിയിട്ട ശേഷം അതിനു മുകളിൽ ഡീസൽ ഒഴിച്ചു നശിപ്പിക്കുകയായിരുന്നു.
തുച്ഛമായ വില വാങ്ങി ഇടനിലക്കാരുടെ ചൂഷണത്തിനു നിന്നു കൊടുക്കുന്നതിനേക്കാൾ വെറ്റില നശിപ്പിക്കുന്നതാണെന്നു കർഷകർ പറഞ്ഞു. 7500 കെട്ട് വെറ്റിലയ്ക്ക് 80 രൂപ വില കണക്കാക്കിയാൽ തന്നെ നശിപ്പിച്ച വെറ്റിലയ്ക്ക് 6 ലക്ഷം രൂപ വില വരും.
സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസും സ്ഥലത്തെത്തിയിരുന്നു.
കലയപുരത്ത് ചൊവ്വ വൈകിട്ടു മാത്രമാണു വെറ്റില വിപണി. ഇടനിലക്കാർ ഈ നിലപാട് തുടർന്നാൽ കൂടിയ വില കിട്ടുന്ന ചന്തകളിലേക്കു കച്ചവടം മാറ്റുമെന്നു കർഷകർ പറയുന്നു.
കലയപുരം ആഴ്ച ചന്തയിൽ നേരത്തേ വെറ്റിലയുമായി അഞ്ഞൂറിലേറെ കർഷകർ എത്തുമായിരുന്നു. കൃഷി നഷ്ടമായതോടെ ഇപ്പോഴത് നാലിലൊന്നായി കുറഞ്ഞു.
500 മൂട് വെറ്റില നട്ടു വളർത്താൻ ആദ്യഘട്ടത്തിൽ 50,000 രൂപ ചെലവിടണം. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതു പോലെയാണു വെറ്റില കൃഷി.
പരിസരത്തു പുല്ല് വളരാതെ നോക്കുന്നതിനൊപ്പം കൃത്യമായി വെള്ളവും വളവും ഉറപ്പാക്കണം. വെറ്റിലകൾ കെട്ടുകളാക്കി വിപണിയിലെത്തിക്കാൻ ജോലിക്കാരുടെ സഹായം വേണം.
ശ്രമകരമായ ഈ കൃഷിക്കു സർക്കാരിന്റെ ഭാഗത്തു നിന്നു പ്രോത്സാഹനമില്ലെന്നും കർഷകർ പരാതിപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]