
എഴുകോൺ ∙ മദ്യലഹരിയിൽ ഗുണ്ടാ സ്റ്റൈൽ ആക്രമണം നടത്തിയ യുവാക്കൾ പട്ടാപ്പകൽ വീടുകയറി അടിച്ചു തകർത്തു. എഴുകോൺ കോയിക്കൽ ഭാഗം ആനന്ദഭവനിൽ ശ്രീനിവാസൻ പിള്ള (62) യുടെ വീടാണ് തകർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഹരി മന്ദിരത്തിൽ ഹരിലാൽ (33), ഇയാളുടെ സൃഹൃത്തുക്കളായ വെൺമണ്ണൂർ ബഥേൽ വീട്ടിൽ ജോസ് ബഞ്ചമിൻ (43), നെടുമ്പന കാർത്തിക ഭവനിൽ സുനിൽ (46), പോച്ചംകോണം പുത്തൻവിള വീട്ടിൽ ഷിജു (46) എന്നിവരെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷമായിരുന്നു സംഭവം. ശ്രീനിവാസൻ പിള്ളയും ഭാര്യ രാധാമണിയമ്മ (57) യും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹരിലാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം വീട്ടിലെത്തിയത്.
മദ്യലഹരിയിലായിരുന്ന ഇവരുടെ കയ്യിൽ കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നത്രെ. വീട്ടുകാർ സിറ്റൗട്ടിലേക്ക് ഇറങ്ങിയതോടെ അസഭ്യവർഷവുമായി ഹരിലാലിന്റെ നേതൃത്വത്തിൽ ആക്രമിക്കാനെത്തുകയായിരുന്നു.
ശ്രീനിവാസൻ പിള്ളയും ഭാര്യയും പെട്ടെന്ന് ഉള്ളിൽക്കയറി കതക് അടച്ചു.
അക്രമിസംഘം ഇതു ബലം പ്രയോഗിച്ചു തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീടാണ് വീടിന്റെ ജനാലകൾ മുഴുവൻ അടിച്ചു തകർത്തത്.
സിറ്റൗട്ടിലെ ഫാനും സ്വിച്ച്ബോർഡും നശിപ്പിച്ചു. സ്വിച്ച് ബോർഡ് വെട്ടിപ്പൊളിച്ചു നിലത്തിട്ട
നിലയിലാണ്. ഉടൻ തന്നെ ശ്രീനിവാസൻ പിള്ള എഴുകോൺ പൊലീസിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു.
പൊലീസെത്തിയപ്പോഴേക്കും സ്ഥലത്തു നിന്നു മുങ്ങിയ ഹരിലാലിനെയും കൂട്ടുപ്രതികളെയും പൊലീസ് പിന്തുടർന്നാണു പിടികൂടിയത്.
ഹരിലാലിന്റെ വീടിന്റെ മേച്ചിൽഷീറ്റ് പൊട്ടിയതുമായി ബന്ധപ്പെട്ടു 2 മാസം മുൻപ് ശ്രീനിവാസൻ പിള്ളയ്ക്ക് എതിരെ ഹരിലാലിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ പൊലീസിനു ബോധ്യപ്പെട്ടത്.
അതിനാൽ ശ്രീനിവാസൻ പിള്ളയ്ക്ക് എതിരെ ഒരു നടപടിയും എടുത്തില്ല. ഇതിന്റെ വൈരാഗ്യമാണോ ഇന്നലത്തെ സംഭവത്തിനു പിന്നിലെന്നാണു സംശയം.
സംഭവം പ്രദേശത്തു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഘം ചേർന്നു ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾക്ക് എതിരെ കർശന നടപടി കൈക്കൊള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]