കൊല്ലം ∙ ശക്തികുളങ്ങര ഹാർബറിൽ നിർമാണം പുരോഗമിക്കുന്ന ദുരന്തനിവാരണ കേന്ദ്രത്തിൽ (ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ) കോൺക്രീറ്റ് ചെയ്യാൻ ഉപ്പ് വെള്ളം ഉപയോഗിക്കുന്നുവെന്നു പരാതി ഉയർന്നതോടെ നിർമാണം തടഞ്ഞ് നാട്ടുകാർ. കടൽ കായലിലേക്കു ചേരുന്ന ഭാഗത്തെ ഉപ്പ് വെള്ളം എടുക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
കമ്യൂണിറ്റി ഹാളിന്റെ തറ ഉറപ്പിക്കുന്ന കോൺക്രീറ്റിനാണ് കായലിൽ നിന്ന് മോട്ടർ ഉപയോഗിച്ച് ഉപ്പ് വെള്ളം എടുത്തിരുന്നത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി.
എന്നാൽ സാധാരണ പണം കൊടുത്തു വാങ്ങുന്ന ശുദ്ധജലമാണ് ഉപയോഗിച്ചിരുന്നതെന്നും വൈദ്യുതി നിലച്ചതോടെ അത് ലഭ്യമാകാതിരുന്നപ്പോൾ നനയ്ക്കാനും മണ്ണ് ഉറപ്പിക്കാനുമായി നേരത്തേ എടുത്തുവച്ചിരുന്ന ഉപ്പ് വെള്ളം ഒരു തൊഴിലാളി എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.
സംഭവം വിവാദമായതോടെ കെട്ടിടത്തിന്റെ ഇന്നലെ നടത്തിയ കോൺക്രീറ്റിങ് മുഴുവൻ പൊളിക്കും. മറ്റു ഭാഗങ്ങളിൽ വിശദമായ ബലപരിശോധന നടത്താനും തീരുമാനിച്ചു.
ഇതിനകം നിർമാണം കഴിഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിങ്ങിനടക്കം ഇതേ ഉപ്പുവെള്ളമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
അടിയന്തരമായി പരിശോധന ആവശ്യമാണെന്നും മേൽക്കൂരയുടെ കോൺക്രീറ്റിനടക്കം ഉപയോഗിച്ചത് ഏത് തരത്തിലുള്ള വെള്ളമാണെന്ന് വ്യക്തമായ ശേഷമേ നിർമാണം പുനരാരംഭിക്കാവൂ എന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ തുറമുഖ വികസനത്തിനായി 34.5 കോടി രൂപ ചെലവഴിച്ച് നബാർഡ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2.5 കോടി രൂപ ചെലവഴിച്ചാണ് ദുരന്തനിവാരണ കേന്ദ്രം നിർമിക്കുന്നത്.
മുൻപും പരാതി
ഡിസംബർ ആദ്യ വാരം കമ്യൂണിറ്റി ഹാളിന്റെ നിർമാണം പുനരാരംഭിച്ചപ്പോൾ തന്നെ കെട്ടിടത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നും അഴിമതിയുണ്ടെന്നും ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു.
കെട്ടിടത്തിന്റെ നിർമാണം നിലയ്ക്കുന്നതിന് മുൻപ് സ്ഥാപിച്ച ഇരുമ്പു കമ്പികളിലൂടെയാണ് മാസങ്ങൾക്കു മുൻപ് നിർമാണം തുടർന്നത്. ഈ കമ്പികളിൽ മിക്കതും തുരുമ്പിച്ചിട്ടുണ്ടെന്നും അതിൽ തന്നെ നിർമാണം തുടരുന്നത് ഭാവിയിൽ പ്രശ്നമാകുമെന്ന് പരാതി ഉയർന്നിരുന്നു.
ഹാർബറിൽ മത്സ്യബന്ധന ബോട്ടുകൾക്ക് അടുക്കാനും അവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ശ്രമിക്കാതെ മ്യൂസിയവും ഹാളും പോലെയുള്ള നിർമാണങ്ങളല്ല ഇവിടെ വേണ്ടതെന്നും ബോട്ട് ഓപ്പറേറ്റേഴ്സ് അസോ. ചൂണ്ടിക്കാണിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

