കുണ്ടറ∙ നിർമാണം പൂർത്തിയാക്കിയ കുണ്ടറ താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിടം 19നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പി.സി.വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. രാവിലെ 11നു ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ജില്ലയിലെ മറ്റു മന്ത്രിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പി.സി.വിഷ്ണുനാഥ് എംഎൽഎ നിർമാണം പൂർത്തിയാക്കിയ കെട്ടിടം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
ആശുപത്രി സൂപ്രണ്ട് ഡോ. ബാബുലാൽ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
കിഫ്ബിയിൽ നിന്ന് 76 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
8 നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, അൾട്രാ സൗണ്ട് സ്കാനിങ്, എക്സ്റേ, മാമോഗ്രാഫി എന്നിവ പ്രവർത്തിക്കും. 1–ാം നിലയിൽ 5 കിടക്കകൾ വീതമുള്ള സർജിക്കൽ ഐസിയു, മെഡിക്കൽ ഐസിയു, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക സർജറി വാർഡുകൾ, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമുറി എന്നിവയുണ്ട്.
2–ാം നിലയിൽ ഒപി ബ്ലോക്ക്, ലാബ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്. 3–ാം നിലയിൽ 2 ഓപ്പറേഷൻ തിയറ്ററുകൾ.
4–ാം നിലയിൽ ദന്തവിഭാഗം, ഡെന്റൽ പ്രൊസീജ്യർ റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക മെഡിക്കൽ വാർഡുകൾ.
5–ാം നിലയിൽ ഐസിയു, പ്രത്യേക വാർഡുകൾ, ജീവനക്കാർക്കുള്ള ഡോർമട്രി, 6–ാം നിലയിൽ 8 പേവാർഡുകളും ഡോക്ടർമാർക്കായി ക്വാട്ടേഴ്സും ഒരുക്കിയിട്ടുണ്ട്. ഭൂമിക്കടിയിലുള്ള നിലയിൽ മോർച്ചറിയും പോസ്റ്റ്മോർട്ടം റൂമും സജ്ജീകരിച്ചിട്ടുണ്ട്.
ആശുപത്രി കെട്ടിടം പൂർണ സജ്ജമാണെങ്കിലും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും നിയമനങ്ങൾ ഇനിയും നടത്തിയിട്ടില്ല.
നിയമനവും മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി എത്തേണ്ടതുണ്ട്. ഉദ്ഘാടന ദിവസം തന്നെ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പി.സി.വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

