കൊല്ലം∙ സംസ്ഥാന ജൂനിയർ വനിതാ ഹാൻഡ്ബോളിന് വേദിയായ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കണ്ട് മത്സരാർഥികളായ കായിക താരങ്ങൾ മുക്കിൽ വിരൽവച്ചു ചോദിക്കുന്നു – ഇന്തെന്ത് സ്റ്റേഡിയം ? ആധുനിക സിന്തറ്റിക് ട്രാക്കിലേക്ക് കാട് പടർന്നു കിടക്കുന്നു. ജില്ലയിലെ കായിക ശക്തിക്കു കരുത്തേകുമെന്ന് കരുതുന്ന സ്റ്റേഡിയം പരിപാലനം ഇല്ലാതെ നാശത്തിന്റെ വക്കിലെന്നാണ് ആക്ഷേപം.
ഏറ്റവും ആധുനിക സിന്തറ്റിക് ട്രാക് നിർമിച്ചിട്ടുണ്ടെങ്കിലും സ്റ്റേഡിയത്തിൽ പടർന്ന കാടുകൾ വൈകാതെ ട്രാക്കിനെയും മൂടിയേക്കുമെന്ന അവസ്ഥ.
സുരേഷ് ബാബു സ്മാരക ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായാണ് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കിയത്. ഏകദേശം 42 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
എപ്പോൾ ചോദിച്ചാലും ഈ മാസം തുറക്കുമെന്നാണ് കോർപറേഷൻ, സ്പോർട്സ് കൗൺസിൽ അധികൃതർ പറയുന്നത്. ഗാലറികള്‍ മാത്രം പെയിന്റടിച്ച് മനോഹരമായി കിടക്കുന്നു.
സ്റ്റേഡിയത്തിന്റെ മധ്യത്തിലായി പ്രത്യേകം സ്ഥലം ഒരുക്കിയാണ് വനിതകളുടെ ഹാൻഡ്ബോൾ മത്സരം നടത്തുന്നത്.സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും ഇൻഡോർ സ്റ്റേഡിയവും ഒന്നിച്ചു ഈ വർഷം ഫെബ്രുവരിയിൽ തുറക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, കോർപറേഷനിൽ ഭരണമാറ്റമായതോടെ ഇവയുടെ ഉദ്ഘാടനവും വൈകിയേക്കും.
സ്റ്റേഡിയത്തിനുള്ളിലെ അറ്റകുറ്റപ്പണി നാളെ തുടങ്ങിയാലും നാലുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഡിയം അടച്ചിട്ട് വർഷങ്ങളായി ജില്ലയിലെ ഏക സിന്തറ്റിക്ക് ട്രാക്കാണ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലേത്.
ജില്ലാതല അത്ലറ്റിക് മത്സരങ്ങൾ മറ്റു ജില്ലകളിലും ആശ്രാമം മൈതാനത്തുമായാണ് ഇപ്പോൾ നടക്കുന്നത്.
ജില്ലാ സ്കൂൾ കായിക മേള കഴിഞ്ഞ രണ്ടു വർഷമായി കൊട്ടാരക്കര ഗവ. എച്ച്എസ്എസ് മൈതാനത്താണ് നടത്തുന്നത്.ഒളിംപ്യൻ സുരേഷ് ബാബുവിന്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം 2021 ഡിസംബറിലാണ് ആരംഭിച്ചത്.
കിഫ്ബി ഫണ്ടിൽ നിന്നു നിർമിക്കുന്ന സ്റ്റേഡിയം 2024 ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ഉദ്ദേശം. കുറെ തർക്കങ്ങളിൽ നിർമാണവും വൈകി.
70 മീറ്റർ നീളമുള്ള കോർട്ടുകളും രണ്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന ഗാലറിയുമാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.
സ്വിമ്മിങ് പൂളിനു പുറമേ, ഓരോ കായിക ഇനത്തിനും ഒന്നിൽ കൂടുതൽ കോർട്ടുകളും സജ്ജീകരിക്കുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിന്റെ പെയ്ന്റിങ് അടക്കമുള്ള അവസാന ഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
സ്റ്റേഡിയം അടച്ചിട്ടിരിക്കുന്നതിനാൽ സായ് കൊല്ലം, സ്പോർട്സ് കൗൺസിൽ തുടങ്ങിയ കോച്ചിങ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കായിക പരിശീലനം നടത്താൻ ആവശ്യമായ സൗകര്യങ്ങളില്ലിപ്പോൾ.
മിക്കവരും തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പോയാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. താരങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ വഴിയുണ്ടെങ്കിലും കാട് മൂടിക്കിടക്കുന്നതിനാലും സുരക്ഷാ പ്രശ്നങ്ങളുള്ളതിനാലും ഉപയോഗിക്കാൻ കഴിയുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

