കൊല്ലം ∙ അഷ്ടമുടിക്കായലിൽ ആവേശത്തിന്റെ ഓളം സൃഷ്ടിക്കാൻ പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയും ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ നടക്കും. ചുണ്ടൻ വള്ളങ്ങളുടെ പ്രസിഡന്റ്സ് ട്രോഫി മത്സരങ്ങൾക്കു പുറമേ ചെറുവള്ളങ്ങളുടെ ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, തെക്കനോടി വനിതാ വിഭാഗം എന്നീ വിഭാഗങ്ങളിലും മത്സരം നടക്കും.
കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം നടക്കുക. മൂന്ന് ട്രാക്കുകളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നതെന്നും അത്യാധുനിക സൗകര്യത്തിലൂടെയാണ് വിധിനിർണയവും നടക്കുകയെന്നും കലക്ടർ എൻ.ദേവിദാസ്, എം.മുകേഷ് എംഎൽഎ, സിബിഎൽ ചീഫ് കോഓർഡിനേറ്റർ ആർ.കെ.കുറുപ്പ് എന്നിവർ അറിയിച്ചു.
ജലോത്സവത്തിന്റെ സമാപനം
പതിനൊന്നാമത് പ്രസിഡന്റ്സ് ട്രോഫിയും അഞ്ചാമത് സിബിഎലുമാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 4 തവണയും പ്രസിഡന്റ്സ് ട്രോഫിയോടു കൂടെ തന്നെയാണ് സിബിഎലിന് സമാപനം കുറിച്ചത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2019 ൽ ആണ് ചാംപ്യൻസ് ബോട്ട് ലീഗ് ആരംഭിച്ചത്.
ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമാണ് ചാംപ്യൻസ് ബോട്ട് ലീഗ്. സിബിഎലിന്റെ ഭാഗമായി ആറു ജില്ലകളിലായി നടക്കുന്ന 11 മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവരാണ് ഓവറോൾ ചാംപ്യൻമാരാകുന്നത്.
ആലപ്പുഴ കൈനകരി, കോട്ടയം താഴത്തങ്ങാടി , കോഴിക്കോട് ബേപ്പൂർ, തൃശൂർ കോട്ടപ്പുറം, ആലപ്പുഴ കരുവാറ്റ, ആലപ്പുഴ പാണ്ടനാട് , ആലപ്പുഴ പുളിങ്കുന്ന്, ആലപ്പുഴ കായംകുളം, കൊല്ലം കല്ലട, കൊച്ചി മറൈൻ ഡ്രൈവ്, കൊല്ലം അഷ്ടമുടിക്കായൽ എന്നീ ഇടങ്ങളിലാണ് ഇത്തവണ സിബിഎൽ നടക്കുന്നത്.
കഴിഞ്ഞ 30ന് കൊച്ചി മറൈൻ ഡ്രൈവിൽ ആയിരുന്നു പത്താമത്തെ മത്സരം. ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫിയിൽ നിന്ന് തിരഞ്ഞെടുത്ത 9 വള്ളങ്ങളാണ് ഇത്തവണ കൊല്ലം അഷ്ടമുടിക്കായലിൽ രാഷ്ട്രപതിയുടെ പേരിലുള്ള പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് ഇത്തവണ മത്സരം വൈകിയത്.
പോയിന്റ് ടേബിളിൽ വീയപുരം മുന്നിൽ
സിബിഎലിൽ നിലവിലെ പോയിന്റ് പട്ടികയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ (99 പോയിന്റ്) ഒന്നാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ 82 പോയിന്റുമായി രണ്ടാമതാണ്.
79 പോയിന്റുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാമതുമാണ്. നാലാം സ്ഥാനത്ത് നടുഭാഗം ചുണ്ടൻ (77 പോയിന്റ്). പോയിന്റ് നിലയിൽ നേരിയ വ്യത്യാസമുള്ളതിനാൽ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും കൊല്ലത്ത് ഒന്നാം സ്ഥാനം നേടി പ്രസിഡന്റ്സ് ട്രോഫി സ്വന്തമാക്കുന്നതിനും കടുത്ത മത്സരം നടക്കും. പോയിന്റ് നിലയിൽ വലിയ മുൻതൂക്കമുള്ളതിനാൽ സിബിഎൽ വീയപുരം ചുണ്ടൻ ഉറപ്പിച്ചു കഴിഞ്ഞു.
പണക്കിലുക്കത്തിന്റെ സിബിഎൽ
സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക.ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തിൽ 75,000 രൂപയും മത്സരവിജയത്തിനു 25,000 രൂപയുമാണ് സമ്മാനം.
ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തിൽ 50,000 രൂപയും മത്സരവിജയത്തിനു 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും മത്സരവിജയത്തിനു ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും ലഭിക്കും.
ഉച്ചയ്ക്ക് 2 മുതൽ പരിപാടികൾ
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോർപറേഷൻ മേയർ എ.കെ.ഹഫീസ് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
മന്ത്രി കെ.എൻ.ബാലഗോപാൽ ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി ചടങ്ങിൽ അധ്യക്ഷയാകും. മന്ത്രി കെ.ബി.ഗണേഷ്കുമാർ മുഖ്യാതിഥിയാകും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനവും സമ്മാനവിതരണവും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകും. കായലിൽ ആധുനിക ജലകായിക വിനോദമായ ജെറ്റ് സി വിത്ത് ഫ്ലൈ ബോർഡ് പ്രദർശനവും കാണികൾക്കായി ഇന്ന് ഒരുക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

