കൊല്ലം ∙ അഷ്ടമുടിക്കായലിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹത. ബോട്ടുകൾ മനഃപൂർവം ആരോ കത്തിച്ചതാണെന്നു സംശയം.
ബോട്ടുടമകളുടെ പരാതിയെ തുടർന്നു അഞ്ചാലുംമൂട് പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാൻ ദിവസങ്ങൾ വേണം. കാവനാട് കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രത്തിന് വടക്കുവശം കായൽവാരത്ത് കെട്ടിയിട്ടിരുന്ന 11 ബോട്ടുകളും ഫൈബർ വള്ളവുമാണ് ഞായർ പുലർച്ചെ പൂർണമായി കത്തിയമർന്നത്.
തിരുവനന്തപുരം പൊഴിയൂർ സ്വദേശികളുടേതാണ് 9 ബോട്ടുകൾ. കൊല്ലം, കണ്ണൂർ സ്വദേശികളുടേതാണു മറ്റു 2 ബോട്ടുകൾ എങ്കിലും ഇവയിലും പൊഴിയൂർ സ്വദേശികളുടെ പങ്കാളിത്തമുണ്ട്.
സെന്റ് മേരീസ് ബോട്ട് ഉടമ പൊഴിയൂർ കുളത്തൂർ സെന്റ് ആന്റണീസ് നഗറിൽ ആന്റണിയാണ് ബോട്ടുകൾ ആരോ ആസൂത്രിതമായി കത്തിച്ചതാണെന്നു കാണിച്ചു പൊലീസിൽ പരാതി നൽകിയത്.
കടലിൽ നിന്നു 2 കിലോമീറ്ററോളം അകലെ അഷ്ടമുടിക്കായൽ തീരത്ത് ആണ് ബോട്ട് കെട്ടിയിട്ടിരുന്നത്. ഇവയിലെ തൊഴിലാളികളും പൊഴിയൂർ സ്വദേശികളാണ്.
തദ്ദേശ തിരഞ്ഞെടുപ്പും പൊഴിയൂരിൽ പള്ളിപ്പെരുന്നാളും പ്രമാണിച്ചു ബുധനാഴ്ച മുതൽ ബോട്ട് കെട്ടിയിട്ടിരിക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ 2ന് ആണ് തീപിടിത്തമുണ്ടായത്. ബോട്ട് കെട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് എത്താൻ വീതി കുറഞ്ഞ ഒരു വഴി മാത്രമേയുള്ളു. പ്രദേശത്ത് സിസി ടിവിയില്ല.
ഞായറാഴ്ച അഷ്ടമുടിക്കായലിൽ വള്ളത്തൊഴിലാളികൾ മത്സ്യബന്ധനം നടത്താറില്ല.
ഈ അവസരം മുതലെടുത്ത് ആരോ കായലിലൂടെ എത്തി തീ കത്തിച്ചു എന്നാണ് ബോട്ട് ഉടമകളുടെ പരാതി. വല ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങളും കത്തിനശിച്ചു.
ഒന്നര വർഷം മാത്രം പഴക്കമുള്ള ബോട്ടുകളാണ് കത്തിനശിച്ചത്. 6.60 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ.
ഇവിടെ 20 ബോട്ടുകളാണ് കെട്ടിയിട്ടിരുന്നത്.
തീപിടിത്തം തുടങ്ങിയപ്പോൾ സമീപവാസികൾ പൂട്ടു തകർത്തു മറ്റു ബോട്ടുകൾ ഓടിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഫിഷറീസ് ഡയറക്ടർ, കലക്ടർ തുടങ്ങിയവർ തുടങ്ങിയവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ 10ന് എത്തും.
ഇൻഷുറൻസ് പരിരക്ഷയില്ല
ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഉടമകൾ വലിയ കടക്കെണിയിലാണ് അകപ്പെടുന്നത്.
മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഉടമകളും. ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും സ്വർണം പണയപ്പെടുത്തും വായ്പ എടുത്തുമാണ് ബോട്ടുകൾ സ്വന്തമാക്കിയത്.
നേരത്തെ ഫൈബർ വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോയിരുന്നവരാണ് ഇത്.
ഫൈബർ വള്ളങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ.പ്രത്യേക പാക്കേജ് നടപ്പാക്കി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ബോട്ട് ഉടമകൾ പറഞ്ഞു. ഓരോ ബോട്ടിലും 10 തൊഴിലാളികൾ വീതമാണ് ജോലി ചെയ്തിരുന്നത്.
ബോട്ടുകൾ കത്തിയതോടെ ഉടമകളും തൊഴിലാളികളും ദുരിതത്തിലാണ്. അടിയന്തര സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ 21ന് കാവനാട്ട് 2 ബോട്ടുകൾ കത്തിനശിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

